ഐഎസ്എല്ലില്‍ ഇന്ന് ഹൈദരാബാദ് എഫ്.സി-ഈസ്റ്റ് ബംഗാൾ പോരാട്ടം. രാത്രി 7:30 ന് ബമ്പോളിം സ്റ്റേഡിയത്തിലാണ് മത്സരം. ഐഎസ്എല്ലില്‍ മുട്ടിലിഴയുകയാണ് കൊൽക്കത്ത വമ്പന്മാരായ ഈസ്റ്റ് ബംഗാൾ .
കളിച്ച 7 മത്സരങ്ങളിൽ നാലും തോറ്റ റെഡ് ആൻഡ് ഗോൾഡ് ബ്രിഗേഡിനുള്ളത് വെറും 3 പോയിന്റ് മാത്രം. ഒത്തൊരുമയില്ലാത്ത പ്രകടനമാണ് വമ്പൻ താരങ്ങളില്ലാത്ത ഈസ്റ്റ് ബംഗാളിനെ അലട്ടുന്ന മുഖ്യ പ്രശ്നം. ടീം ഇനിയും മോശം പ്രകടനം തുടർന്നാൽ സ്പാനിഷ് പരിശീലകൻ മനോളോ ഡിയാസിന്റെ സ്ഥാനം തെറിക്കും.
ക്ലബ്ബിന്റെ പ്രകടനത്തിൽ ആരാധകരും നിരാശരാണ്. ഹൈദരാബാദ് എഫ്സിക്കെതിരെ വിജയം മാത്രമാണ് ഈസ്റ്റ് ബംഗാളിന്റെ ലക്ഷ്യം. അതേസമയം വിജയവഴിയിലെത്താൻ ഉറച്ചാണ് നൈസാമുകളുടെ പടയൊരുക്കം.
ഗോളുകളടിച്ച് കൂട്ടുന്ന ബെർത്തലോമിയോ ഒഗ്ബെച്ചെയാണ് ഹൈദരാബാദിന്റെ സൂപ്പർ താരം. ടൂർണമെന്റിലെ ഗോൾ വേട്ടക്കാരിലും ഒഗ്ബെച്ചെ തന്നെയാണ് മുന്നിൽ. നിഖിൽ പൂജാരിയും രോഹിത് ധനുവുമെല്ലാം പുറത്തെടുക്കുന്നതും തരക്കേടില്ലാത്ത പ്രകടനം.
മനോളോ മാർക്വേസിന്റെ പരിശീലനമികവിൽ ടീം ഏറെ മെച്ചപ്പെട്ടു കഴിഞ്ഞു. അര ഡസൻ മത്സരങ്ങളിൽ നിന്നും 11 പോയിന്റാണ് നൈസാമുകളുടെ സമ്പാദ്യം. അഭിമാന ജയത്തിനായി ഈസ്റ്റ് ബംഗാളും ഗോൾ മഴ തീർക്കാൻ ഉറച്ച് ഹൈദരാബാദും ഇറങ്ങുമ്പോൾ ബമ്പോളിമിലെ പോരാട്ടത്തിന് വാശിയേറും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.