‘അമ്മയ്ക്ക് ക്ലോസ്ട്രോഫോബിയ എന്ന അസുഖം’; ജയ ബച്ചന്റെ രോഷ പ്രകടനത്തിൽ വിശദീകരണവുമായി അഭിഷേക് ബച്ചൻ

സമാജ്‌വാദി പാർട്ടി (എസ്‌പി) രാജ്യസഭാ എംപി ജയാ ബച്ചൻ രാജ്യസഭയിൽ പൊട്ടിത്തെറിച്ചത് കഴിഞ്ഞ ദിവസം വാർത്തകളിൽ ഇടം നേടിയിരുന്നു. എന്നാൽ ജയയുടെ മുൻകോപത്തിന് വിശദീകരണവുമായി എത്തിയിരിക്കുകയാണ് മക്കളായ അഭിഷേകും ശ്വേതയും. അമ്മയ്ക്ക് ക്ലോസ്ട്രോഫോബിയ എന്ന അസുഖമുണ്ടെന്നും ആൾക്കൂട്ടത്തെ കാണുമ്പോൾ പെട്ടെന്ന് അസ്വസ്ഥയാകുന്ന മാനസികാവസ്ഥയാണെന്നും അഭിഷേക് ബച്ചൻ പറയുന്നു.

ചിലപ്പോൾ പെട്ടെന്നാണ് ദേഷ്യം വരുന്നതെന്നും പൊതു സ്ഥലങ്ങളിലും ചടങ്ങുകളിലും ആളുകൾക്ക് ഇത്തരമൊരു സാഹചര്യം പലപ്പോഴും അനുഭവപ്പെടാറുണ്ടെന്നും പറയുന്നു.
ഇത്തരം മനസികാവസ്ഥയിലുള്ള ജയ ബച്ചൻ രാജ്യസഭ പോലെ ദിവസേന ബഹളം നടക്കുന്നിടത്ത് എങ്ങനെ സുഖമായി കഴിയുന്നു എന്ന ചോദ്യമാണ് ഉയരുന്നത്.

കഴിഞ്ഞ ദിവസം പാർലമെന്റിൽ ജയ വളരെ രോഷാകുലയായാണ് കാണപ്പെട്ടത്. പനാമ പേപ്പർ കേസിൽ മരുമകൾ ഐശ്വര്യ റായ് ബച്ചനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പുറകെയായിരുന്നു സഭയിൽ ജയ ബച്ചന്റെ രോഷ പ്രകടനം. തനിക്കെതിരെ വ്യക്തിപരമായ പരാമർശങ്ങൾ നടത്തിയെന്നും ജയ ആരോപിക്കുന്നുണ്ടായിരുന്നു. രോഷാകുലയായ ജയ രാജ്യസഭയ്ക്കുള്ളിൽ ബിജെപിയെ ശപിച്ചു. ഭരണപക്ഷത്തിന്റെ കാലക്കേട് തുടങ്ങിയെന്നും മോശം നാളുകളാണ് വരാനിരിക്കുന്നതെന്നും ജയ വിളിച്ചു കൂവി.

ഇതിന് മുൻപും ജയാ ബച്ചന്റെ പരസ്യമായി രോഷ പ്രകടനങ്ങൾ മാധ്യമ ശ്രദ്ധ നേടിയിരുന്നു. സുശാന്ത് സിംഗ് മരണവുമായി ബന്ധപ്പെട്ട കേസിൽ ബോളിവുഡ് മയക്കുമരുന്നിന്റെ കേന്ദ്രമായി മാറുകയാണെന്ന ആരോപണവുമായി രംഗത്തെത്തിയ ബി.ജെ.പി എം.പി രവി കിഷനെ പഞ്ഞിക്കിട്ടായിരുന്നു രാജ്യസഭയിൽ ജയാ ബച്ചൻ പ്രതികരിച്ചത്.

ബംഗാൾ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചരണം നടത്തുന്നതിനിടെ സെൽഫിയെടുക്കാൻ ശ്രമിച്ച ആരാധകന്റെ കരണത്തടിച്ചാണ് നടി അനിഷ്ടം പ്രകടിപ്പിച്ചത്.

ഐശ്വര്യ റായിയെ ‘ആഷ്’ എന്ന് സംബോധന ചെയ്ത മാധ്യമ പ്രവർത്തകരെയും ജയ വെറുതെ വിട്ടിരുന്നില്ല. ക്യാമറ ഫ്ലാഷുകൾ കണ്ണിൽ അടിക്കുന്നതും ശബ്ദമുഖരിതമായ ഇടങ്ങളും താരത്തെ അലോസരപ്പെടുത്താറുണ്ട്. അസ്ഥാനത്ത് ചോദ്യങ്ങളുമായെത്തുന്ന പാപ്പരാസികളാണ് ജയ ബച്ചന്റെ ക്ഷിപ്രകോപത്തിന്റെ പ്രധാന ഇരകൾ. ജയയുടെ രോഷ പ്രകടനങ്ങളുടെ വീഡിയോകൾ കൊണ്ട് നിറഞ്ഞിരിക്കയാണ് സമൂഹ മാധ്യമങ്ങളും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News