ഹൈപ്പോതൈറോയിഡിസം: എന്ത് കഴിക്കണം, എന്ത് ഒഴിവാക്കണം

ശരീരം വേണ്ടത്ര തൈറോയ്ഡ് ഹോർമോണുകൾ നിർമ്മിക്കാത്ത ഒരു സാധാരണ ഹോർമോൺ ആരോഗ്യ അവസ്ഥയാണ് ഹൈപ്പോതൈറോയിഡിസം. ഈ ഹോർമോണുകൾ കോശങ്ങളുടെ വളർച്ചയ്ക്കും പുനരുജ്ജീവനത്തിനും മെറ്റബോളിസത്തിന്റെ ശരിയായ പ്രവർത്തനത്തിനും കാരണമാകുന്നു.

കാലക്രമേണ ഈ രോഗം ക്ഷീണം, മുടി കൊഴിച്ചിൽ, ശരീരഭാരത്തിലെ വർദ്ധനവ് എന്നിവയ്ക്ക് കാരണമാവുകയും ഇത് ബാധിക്കുന്ന വ്യക്തിക്ക് വളരെയധികം ക്ഷീണം അനുഭവപ്പെടുന്ന അവസ്ഥ വരികയും ചെയ്യും. ലോകമെമ്പാടുമുള്ള 1-2 ശതമാനം ആളുകൾ ഈ ആരോഗ്യ പ്രശ്‌നത്താൽ ബുദ്ധിമുട്ടുന്നു. പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ അവസ്ഥ സ്ത്രീകളെ ബാധിക്കുന്നതിന്റെ സാധ്യത ഏകദേശം പത്തിരട്ടിയാണ്.

കൃത്യസമയത്ത് ഈ രോഗാവസ്ഥ നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. ഇത് മരുന്നുകളിലൂടെയും ആരോഗ്യകരമായ ഭക്ഷണരീതിയിലൂടെയും മാത്രമേ സാധ്യമാകൂ. ഹൈപ്പോതൈറോയിഡിസം ബാധിച്ച ഒരാൾ കഴിക്കേണ്ട ഭക്ഷണങ്ങളെക്കുറിച്ചും അവർ ഒഴിവാക്കേണ്ട ഭക്ഷണങ്ങളെക്കുറിച്ചും കൂടുതലറിയാം.

കഴിക്കേണ്ടതായിട്ടുള്ള ഭക്ഷണങ്ങൾ

ആരോഗ്യപരമായ ഏത് രോഗാവസ്ഥയും കൈകാര്യം ചെയ്യുന്നതിന് പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങൾ അടങ്ങിയ ആരോഗ്യകരമായ ഭക്ഷണക്രമം പ്രധാനമാണ്. ഇത് ഹൈപ്പോതൈറോയിഡിസത്തിനും ബാധകമാണ്. പച്ച ഇലക്കറികൾ, ധാന്യങ്ങൾ, നട്ട്സ്, വിത്തുകൾ, സിങ്ക് അടങ്ങിയ പയറ്, ചിക്കൻ, ബീൻസ് എന്നിവ ഈ ആരോഗ്യ പ്രശ്നം മൂലം ബുദ്ധിമുട്ടുന്നവർക്ക് നല്ലതാണ്. കൂടാതെ, ഹൈപ്പോതൈറോയിഡിസത്തിന്റെ ലക്ഷണങ്ങൾ കൈകാര്യം ചെയ്യുന്നതിനായി സെലിനിയം, അയോഡിൻ എന്നിവ അടങ്ങിയ ഭക്ഷ്യവസ്തുക്കളും പ്രധാന പങ്ക് വഹിക്കുന്നു.

തൈറോയ്ഡ് നിയന്ത്രിക്കാൻ സിങ്ക് സഹായിക്കുന്നു. ഇത് ഹോർമോണുകൾ പുറത്തുവിടുന്നതിന് തൈറോയ്ഡ് ഗ്രന്ഥിക്ക് അടയാളം നൽകുന്നു. അതിനാൽ, സിങ്ക് അടങ്ങിയ ഭക്ഷ്യവസ്തുക്കൾ നിങ്ങളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് തൈറോയ്ഡ് അസന്തുലിതാവസ്ഥയുടെ ലക്ഷണങ്ങളെ മറികടക്കുവാൻ സഹായിക്കും.

തൈറോയ്ഡ് ഗ്രന്ഥികളുടെ ശരിയായ പ്രവർത്തനത്തിന് സഹായിക്കുന്ന മറ്റൊരു അവശ്യ ധാതുവാണ് സെലിനിയം. ഒരു ആന്റിഓക്‌സിഡന്റാണ് ഇത് ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന നാശത്തിൽ നിന്ന് തൈറോയ്ഡ് ഗ്രന്ഥിയെ സംരക്ഷിക്കുന്നു. ബ്രസീൽ പരിപ്പ്, ട്യൂണ (ചൂര), മത്തി, മുട്ട, പയർവർഗ്ഗങ്ങൾ എന്നിവ സെലിനിയത്തിന്റെ മികച്ച ഉറവിടങ്ങളാണ്.

തൈറോയ്ഡ് ഹോർമോണുകൾ നിർമ്മിക്കുന്നതിന് ആവശ്യമായ ധാതുവാണ് അയോഡിൻ. അയോഡിന്റെ കുറവ് അനുഭവിക്കുന്ന ആളുകൾക്ക് ഹൈപ്പോതൈറോയിഡിസം ഉണ്ടാകുവാനുള്ള സാധ്യത കൂടുതലാണ്. അയോഡിൻ അടങ്ങിയ ഭക്ഷണങ്ങളായ കടല്‍പ്പോച്ച, മത്സ്യം, പാൽ, മുട്ട എന്നിവ നിങ്ങളുടെ ഭക്ഷണക്രമത്തിൽ ചേർക്കുന്നത് ഈ കുറവ് പരിഹരിക്കാൻ സഹായിക്കും.

ഇതിനുപുറമെ, ഫൈറ്റോസ്റ്റെറോളുകളാൽ സമ്പന്നമായ പഴങ്ങളും പച്ചക്കറികളും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് ഉത്തമമാണ്. ബ്ലൂബെറി, ഒലിവ് ഓയിൽ, നട്ട്സ്, ഗ്രീൻ ടീ, ഗ്രാമ്പൂ, ആപ്പിൾ എന്നിവ തൈറോയ്ഡ് ആരോഗ്യത്തിന് നല്ലതാണ്.

ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

ഹൈപ്പോതൈറോയിഡിസം ബാധിച്ച ആളുകൾ പ്രത്യേകിച്ചും ഗോയിട്രോജൻ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കണം.

തൈറോയ്ഡ് ഗ്രന്ഥിയുടെ സാധാരണ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന സംയുക്തങ്ങളാണ് ഗോയിട്രോജനുകൾ. സോയ ഉൽപന്നങ്ങൾ, ബ്രൊക്കോളി പോലുള്ള പച്ചക്കറികൾ, കോളിഫ്ളവർ തുടങ്ങിയ പല ഭക്ഷണങ്ങളിലും ഗോയിട്രോജനുകൾ അടങ്ങിയിട്ടുണ്ട്. പീച്ച്, പ്ലം തുടങ്ങിയ പഴങ്ങളിൽ പോലും ഈ സംയുക്തം നിറഞ്ഞിരിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here