ഒരേ ദിവസം പിഎച്ച്ഡി ഓപ്പൺ ഡിഫൻസ് അവതരിപ്പിച്ച് അച്ഛനും മകളും

അച്ഛനും മകളും ഒരേ ദിവസം പി എച്ച് ഡി ഓപ്പൺ ഡിഫൻസ് അവതരിപ്പിക്കുന്ന അപൂർവ നിമിഷത്തിന് സാക്ഷ്യം വഹിക്കുകയാണ് എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല. തൃശൂർ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിലെ ഗവേഷണ വിദ്യാർത്ഥികളായ ശിവരാജനും മകൾ നിർമലുമാണ് ഈ അസുലഭ നേട്ടത്തിന് ഉടമകൾ.

കൂടാതെ ഇരുവരെയും ഗവേഷണത്തിന് ഗൈഡ് ചെയ്തത് ഒരേ അധ്യാപിക ആണെന്ന പ്രത്യേകതയും ഈ നേട്ടത്തിന് മാറ്റ് കൂട്ടുന്നു. ഇരുവരും ഗവേഷണത്തിനായി തിരഞ്ഞെടുത്തത് പവർ സിസ്റ്റംസ് എന്ന പഠന മേഖലയാണ്.

1989-ൽ ബിരുദാനന്തര ബിരുദം കഴിഞ്ഞ ശിവരാജൻ കെ എസ് ഇ ബി ചീഫ് എഞ്ചിനീയറായി റിട്ടയർ ചെയ്തതിന് ശേഷമാണ് മുഴുവൻ സമയ ഗവേഷകനായി സർവകലാശാലയിൽ രജിസ്റ്റർ ചെയ്തത്. പിഎച്ച്ഡിക്ക് ചേരുന്നതിന് മുമ്പ് രണ്ട് എൻജിനീയറിങ് കോളേജുകളിൽ അധ്യാപകനായി ജോലിയും ചെയ്തിരുന്നു ശിവരാജൻ.

പാലക്കാട് എൻഎസ്എസ് എഞ്ചിനീയറിംഗ് കോളേജിൽ ഗസ്റ്റ് ലക്ചററായി ജോലി ചെയ്യുകയാണ് നിർമൽ. അച്ഛനുമൊത്തുള്ള പിഎച്ച്ഡി യാത്ര ഏറ്റവും മനോഹരമായ അനുഭവമായിരുന്നുവെന്ന് നിർമൽ പറയുന്നു.

“പവർ സിസ്റ്റത്തിലെ രണ്ട് വിഷയങ്ങളിലാണ് ഞങ്ങൾ ഗവേഷണം ചെയ്തത്. അച്ഛന്റെ അനുഭവസമ്പത്ത് എനിക്ക് വലിയ അനുഗ്രഹമായിരുന്നു,” നിർമൽ പറഞ്ഞു.

കമ്പ്യൂട്ടർ മാത്രമായിരുന്നു ശിവരാജന് ബുദ്ധിമുട്ടുണ്ടാക്കിയ ഒരേയൊരു കാര്യം. “അക്കാര്യത്തിൽ നിർമൽ എന്നെ ഒരുപാട് സഹായിച്ചു. ഇപ്പോൾ കമ്പ്യൂട്ടറിൽ ഞാനൊരു അഗ്രഗണ്യനാണ്,” അഭിമാനത്തോടെ ശിവരാജൻ പറയുന്നു.

ഒരേ സമയം അച്ഛനും മകൾക്കും ഗവേഷണത്തിൽ ഗൈഡ് ആയി പ്രവർത്തിക്കാണുന്ന അവസരം കിട്ടിയ തൃശൂർ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിലെ അസോസിറ്റ് പ്രൊഫസർ ഡോ. ജാസ്മിനും ഈ നേട്ടത്തിൽ ഭാഗമായതിന്റെ സന്തോഷത്തിലാണ്.

“ഇരുവരെയും ഗൈഡ് ചെയ്യാൻ കഴിഞ്ഞതിൽ ഏറെ അഭിമാനം ഉണ്ട്. രണ്ട് പേരും ഗവേഷണത്തിൽ കാണിച്ച ഉത്സാഹവും താല്പര്യവും വളരെ വലുതാണ്,” ഡോ ജാസ്മിൻ പറഞ്ഞു.

കഠിനമായ ഓപ്പൺ ഡിഫൻസ് പിഎച്ച്ഡി ലഭിക്കുന്നതിന്റെ ഒരു നിർബന്ധിത നടപടിയാണ്. കോളേജ് സമർപ്പിക്കുന്ന ഡോക്ടറൽ റിപ്പോർട്ട് സർവകലാശാലാ ബോർഡ് ഓഫ് ഗവർണേഴ്‌സ് അംഗീകരിച്ചതിന് ശേഷം ശിവരാജനും നിർമ്മലിനും പിഎച്ച്ഡി നൽകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News