സംവിധായക കുലപതിക്ക്‌ വിട; അനുശോചനവുമായി സ്പീക്കറും, വിദ്യാഭ്യാസമന്ത്രിയും

പ്രശസ്ത സംവിധായകൻ കെ.എസ്.സേതുമാധവന്റെ നിര്യാണത്തിൽ അനുശോചനവുമായി സ്പീക്കറും, വിദ്യാഭ്യാസമന്ത്രിയും. മലയാള സിനിമയിൽ മികച്ച നിലവാരമുള്ള നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്ത പ്രതിഭാശാലിയായ കലാകാരനെയാണ് നഷ്ടമായതെന്ന് സ്പീക്കർ എം ബി രാജേഷ് പറഞ്ഞു.മലയാളത്തിൽ ഏറ്റവുമധികം സാഹിത്യകൃതികൾ സിനിമയാക്കിയവരിൽ ഒരാളാണ് കെ എസ് സേതുമാധവനെന്നും സംവിധായക കുലപതിക്ക് അനുശോചനം രേഖപ്പെടുത്തി കൊണ്ട് മന്ത്രി വി ശിവൻകുട്ടി കുറിച്ചു.

ചെന്നൈയിലെ ഡയറക്ടേർസ് കോളനിയിലെ വീട്ടിലായിരുന്നു കെ.എസ്.സേതുമാധവന്റെ അന്ത്യം. ജെസി ഡാനിയേൽ പുരസ്കാരം അടക്കം നേടിയ പ്രതിഭയെയാണ് മലയാളത്തിനും സിനിമാ മേഖലയ്ക്കും നഷ്ടമായത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും അദ്ദേഹം സിനിമകൾ ഒരുക്കിയിരുന്നു. രാത്രി ഉറക്കത്തിൽ ഹൃദയസ്തംഭനം മൂലം മരണം സംഭവിച്ചുവെന്നാണ് കരുതുന്നത്.

സ്പീക്കറുടെ കുറിപ്പ്

പ്രശസ്ത സിനിമാ സംവിധായകൻ കെ എസ് സേതുമാധവന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. 1960 കൾ മുതൽ മലയാള സിനിമയിൽ മികച്ച നിലവാരമുള്ള നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്ത പ്രതിഭാശാലിയായ കലാകാരനെയാണ് നഷ്ടമായത്. ഹിറ്റ് സിനിമകളുടെ പരമ്പര തന്നെ അദ്ദേഹം സൃഷ്ടിച്ചു. ആറ് ഭാഷകളിലായി നൂറോളം സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തു.

അദ്ദേഹത്തിന്റെ മറുപക്കം എന്ന തമിഴ് ചിത്രത്തിന് മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. മലയാളത്തിലെ അച്ഛനും ബാപ്പയും എന്ന സിനിമക്ക് ദേശീയോദ്ഗ്രഥനത്തിനുള്ള മികച്ച സിനിമക്കുള്ള നർഗീസ് ദത്ത് അവാർഡും ലഭിച്ചു. നാല് തവണ മികച്ച സിനിമക്കുള്ള സംസ്ഥാന അവാർഡും നേടി. സംസ്ഥാന സർക്കാർ ജെ സി ഡാനിയേൽ പുരസ്കാരം നൽകി അദ്ദേഹത്തെ ആദരിച്ചു.

കരകാണാക്കടൽ, അച്ഛനും ബാപ്പയും, അനുഭവങ്ങൾ പാളിച്ചകൾ, വാഴ് വേമായം, അരനാഴികനേരം, ഓപ്പോൾ തുടങ്ങി അദ്ദേഹം സംവിധാനം ചെയ്ത നിരവധി സിനിമകൾ മലയാള സിനിമയുടെ ഭാവുകത്വത്തെ നിർണയിച്ചവയാണ്. മലയാള സിനിമക്ക് വലിയൊരു കലാകാരനെയാണ് നഷ്ടമായത്. സിനിമാ ആസ്വാദകരുടെയും കുടുംബാംഗങ്ങളുടേയും ദുഃഖത്തിൽ പങ്കുചേരുന്നു.

സംവിധായക കുലപതിക്ക്‌ വിട ;കെ എസ് സേതുമാധവന് ആദരാഞ്ജലി അർപ്പിച്ച് മന്ത്രി വി ശിവൻകുട്ടി

റിക്ഷാ വണ്ടി വലിക്കുന്ന “പപ്പു” എന്ന കഥാപാത്രം സത്യൻ മാഷിലൂടെ ” ഓടയിൽ നിന്ന്” എന്ന സിനിമയിൽ കണ്ണ് നിറയിച്ചപ്പോൾ കെ എസ് സേതുമാധവൻ എന്ന പേര് എനിക്ക് സ്‌ക്രീനിലൂടെ മാത്രമേ അറിയുമായിരുന്നുള്ളൂ. പിന്നീട് എത്രയെത്ര സിനിമകളിലൂടെ അദ്ദേഹം ഞാനടക്കമുള്ളവരെ തീയ്യേറ്ററിൽ പിടിച്ചിരുത്തി ! കമൽ ഹാസനെ പോലുള്ളവരെ ബാലതാരമായി അദ്ദേഹം മലയാളത്തിൽ അവതരിപ്പിച്ചു.

മലയാളത്തിൽ ഏറ്റവുമധികം സാഹിത്യകൃതികൾ സിനിമയാക്കിയ സംവിധായകരിൽ ഒരാളാണ് കെ എസ് സേതുമാധവൻ. നിരവധി ജീവിതഗന്ധിയായ സിനിമകൾ സംവിധാനം ചെയ്ത അദ്ദേഹം നിരവധി പുരസ്‌കാരങ്ങളും നേടി.

സംവിധായക കുലപതിക്ക്‌ വിട

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News