സാഹിത്യത്തെ സിനിമയോട് അടുപ്പിച്ച അനുഗ്രഹീത ചലച്ചിത്രകാരൻ; അനുശോചനവുമായി നടൻ മോഹൻലാൽ

കെ എസ് സേതുമാധവന്റെ വിയോഗത്തിൽ അനുശോചനവുമായി നടൻ മോഹൻലാൽ .
മലയാള സിനിമയെ മാറ്റത്തിൻ്റെ പാതയിലൂടെ നയിക്കുകയും, സാഹിത്യത്തെ ഈ കലാരൂപത്തോട് അടുപ്പിക്കുകയും ചെയ്ത അനുഗ്രഹീത ചലച്ചിത്രകാരനാണ് കെ.എസ് സേതുമാധവനെന്ന് മോഹൻലാൽ

മോഹൻലാലിന്റെ ഫേസ്ബുക് കുറിപ്പ്

മലയാള സിനിമയെ മാറ്റത്തിൻ്റെ പാതയിലൂടെ നയിക്കുകയും, സാഹിത്യത്തെ ഈ കലാരൂപത്തോട് അടുപ്പിക്കുകയും ചെയ്ത അനുഗ്രഹീത ചലച്ചിത്രകാരൻ ശ്രീ കെ.എസ് സേതുമാധവൻ സാറിന് ആദരാഞ്ജലികൾ. മലയാളം ഉൾപ്പെടെ അഞ്ചുഭാഷകളിൽ തൻ്റെ പ്രതിഭ തെളിയിച്ച അദ്ദേഹം ചലച്ചിത്ര ലോകത്തെ ഗുരുവും മാർഗ്ഗദർശിയുമായിരുന്നു. സാറിൻ്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം

ചെന്നൈയിലെ ഡയറക്ടേർസ് കോളനിയിലെ വീട്ടിലായിരുന്നു കെ എസ് സേതുമാധവന്റെ അന്ത്യം. ജെസി ഡാനിയേൽ പുരസ്കാരം അടക്കം നേടിയ പ്രതിഭയെയാണ് മലയാളത്തിനും സിനിമാ മേഖലയ്ക്കും നഷ്ടമായത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും അദ്ദേഹം സിനിമകൾ ഒരുക്കിയിരുന്നു. രാത്രി ഉറക്കത്തിൽ ഹൃദയസ്തംഭനം മൂലം മരണം സംഭവിച്ചുവെന്നാണ് കരുതുന്നത്.

ഓടയിൽ നിന്ന്, ഓപ്പോൾ, ചട്ടക്കാരി, അനുഭവങ്ങൾ പാളിച്ചകൾ, അരനാഴിക നേരം തുടങ്ങി ഹിറ്റ് സിനിമകളുടെ സംവിധായകനായിരുന്നു. മലയാള സിനിമയുടെ തുടക്ക കാലത്ത്, കൃത്യമായ ദിശാബോധം നൽകി വഴിതെളിച്ച സംവിധായകനായിരുന്നു സേതുമാധവൻ. മലയാളത്തിലെ വായനക്കാർ ഏറ്റെടുത്ത നോവലുകളെ അടക്കം സിനിമയാക്കി മാറ്റുന്നതിൽ അദ്ദേഹം പ്രത്യേക ശ്രദ്ധ പതിപ്പിച്ചു. സിനിമാ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് 2009 ലാണ് അദ്ദേഹത്തിന് ജെസി ഡാനിയേൽ പുരസ്കാരം ലഭിച്ചത്. ഇന്ന് മലയാള സിനിമ അവകാശപ്പെടുന്ന മേന്മകളുടെ അടിത്തറ പാകിയ സംവിധായകനായിരുന്നു അദ്ദേഹം.

പാലക്കാടായിരുന്നു കെഎസ് സേതുമാധവന്റെ ജനനം. പിന്നീട് വിക്ടോറിയ കോളേജിലെ വിദ്യാഭ്യാസത്തിന് ശേഷം കെ രാംനാഥിന്റെ അസിസ്റ്റന്റായാണ് സംവിധാന രംഗത്തേക്ക് വന്നത്. 1960 ൽ വീരവിജയ എന്ന ചിത്രമാണ് സേതുമാധവന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആദ്യ ചിത്രം. മുട്ടത്ത് വർക്കിയുടെ ചെറുകഥയെ അടിസ്ഥാനമാക്കി പുറത്തിറക്കിയ ജ്ഞാന സുന്ദരിയാണ് കെഎസ് സേതുമാധവന്റെ സംവിധാന മികവിൽ പുറത്തിറങ്ങിയ ആദ്യ മലയാള ചിത്രം.

പിന്നീട് 60 ഓളം സിനിമകൾ കെഎസ് സേതുമാധവൻ സംവിധാനം ചെയ്തു. 1973 ൽ ദേശീയ പുരസ്കാരത്തിന്റെ ഭാഗമായ നർഗിസ് ദത്ത് അവാർഡ് നേടി. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം തമിഴിലേക്ക് ആദ്യമായി എത്തിച്ചതും അദ്ദേഹമായിരുന്നു. വത്സലയാണ് ഭാര്യ. മക്കൾ : സോനുകുമാർ, ഉമ, സന്തോഷ് സേതുമാധവൻ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News