
ഉത്തരാഖണ്ഡ് കോൺഗ്രസിൽ പൊട്ടിത്തെറി തുടരുന്നു. ഹരീഷ് റാവത്ത് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തിൻ്റെ ചുമതലയുള്ള ദേവേന്ദ്ര യാദവുമായി ഉള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് ഉത്തരാഖണ്ഡ് പിസിസി അധ്യക്ഷനും മറ്റ് നേതാക്കൾക്കും ഒപ്പം ഹരീഷ് റാവത്ത് ദില്ലിയിൽ എത്തിയത്.
ദില്ലിയിലെ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. അടുത്ത വർഷം ഫെബ്രുവരിയിൽ ഉത്തരാഖണ്ഡ് നിയമ സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷമാകുകയാണ്.
ഹൈക്കമാൻഡിൽ നിന്ന് സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങളിൽ അർഹിക്കുന്ന പരിഗണന ലഭിക്കുന്നില്ല എന്ന് ഉത്തരാഖണ്ഡ് പിസിസി അധ്യക്ഷൻ ഗണേഷ് ഗോഡിയാൽ തുറന്നടിച്ചിരുന്നു. ഇതിന് പിന്നാലെ ആണ് രാഹുൽ ഗാന്ധിയെ നേരിൽ കണ്ട് വിഷയം ചർച്ച ചെയ്യാൻ ഹരീഷ് റാവത്തും നേതാക്കളും ദില്ലിയിൽ എത്തിയത്.
പിസിസി അധ്യക്ഷനും ഹരീഷ് റാവത്തിനും ഒപ്പം ജന പ്രതിനിധികളും ദില്ലിയിൽ എത്തിയിട്ടുണ്ട്. സംസ്ഥാനത്തിൻ്റെ ചുമതലയുളള കോൺഗ്രസ് ജനറൽ സെക്രട്ടറി ദേവേന്ദർ യാദവുമായി ഉള്ള അഭിപ്രായ വ്യത്യാസമാണ് ഉത്തരാഖണ്ഡിൽ കോൺഗ്രസിനെ പിടിച്ചുലയ്ക്കുന്നത്.
അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ഉത്തരാഖണ്ഡ് സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയെ ഹരീഷ് റാവത്ത് നയിക്കണം എന്നാണ് ഉത്തരാഖണ്ഡ് കോൺഗ്രസിൻ്റെ താൽപര്യം. എന്നാല് ഇത് മറികടന്ന് ദേവെന്ദർ യാദവ് തൻ്റെ നോമിനികളെ മൽസര രംഗത്ത് എത്തിക്കുന്നു എന്ന ആക്ഷേപം ഹരീഷ് റാവത്തിനും മറ്റ് നേതാക്കൾക്കും ഉണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here