പ്രണയ വിവാഹം: ദുരഭിമാന ആക്രമണം നടത്തിയ കേസില്‍ വധുവിന്‍റെ അച്ഛനും അമ്മയും ക്വട്ടേഷന്‍ സംഘവും പിടിയില്‍

പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് ദുരഭിമാന ആക്രമണം നടത്തിയ കേസില്‍ വധുവിന്‍റെ അച്ഛനും അമ്മയും ക്വട്ടേഷന്‍ സംഘവും ഉൾപ്പെടെ ഏഴ് പേർ പിടിയില്‍.

കോഴിക്കോട് വെള്ളിമാട് കുന്നില്‍ വരന്‍റെ ബന്ധുവിനെ ആക്രമിച്ച കേസിലാണ് പ്രതികളെ ചേവായൂര്‍ പൊലീസ് പിടികൂടിയത്. പ്രണയ വിവാഹത്തിന് സഹായം നൽകിയെന്നാരോപിച്ചാണ് വരന്‍റെ ബന്ധുവിനെ ആക്രമിച്ചത്.

ഡിസംബർ 11നാണ് വധുവിനെ സഹായിച്ചു എന്ന പേരിൽ വരന്‍റെ സഹോദരിയുടെ ഭർത്താവ് കയ്യാലത്തൊടി റിനീഷിനെ ക്വട്ടേഷൻ സംഘം ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ റിനീഷ് കോഴിക്കോട് മെഡിക്കഷൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു.

മുൻപ് രണ്ട് തവണ ക്വട്ടേഷൻ നൽകിയെങ്കിലും അപ്പോള്‍ കൃത്യം നിർവ്വഹിക്കാനായില്ല. ഈ പ്രണയ വിവാഹത്തിന് പിന്തുണ നൽകിയെന്നാരോപിച്ച് നിരവധി തവണ നേരത്തെയും തനിക്ക് ഭീഷണി ഉണ്ടായിരുന്നതായി റിനീഷ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ രക്ഷിതാക്കളായ തലക്കുളത്തൂർ പാലോറ മൂട്ടിൽ അജിത, ഭർത്താവ് അനിരുദ്ധൻ എന്നിവരും ഇവർ ക്വട്ടേഷന്‍ ഏൽപ്പിച്ച നടുവിലക്കണ്ടി വീട്ടിൽ സുഭാഷ്, സൗപർണിക വീട്ടിൽ അരുണ്‍, കണ്ടംകയ്യിൽ അശ്വന്ത്, കണിയേരി മീത്തൽ അവിനാശ്, പുലരി വീട്ടിൽ ബാലു എന്നിവരാണ് അറസ്റ്റിലായത്.

ചേവായൂർ പൊലീസാണ് പ്രതികളെ പിടികൂടിയത്. ക്വട്ടേഷൻ നൽകിയത് ദുരഭിമാനത്തിന്റെ പേരിലെന്ന് പോലീസ് പറഞ്ഞു.ജില്ലയിൽ ക്വട്ടേഷൻ സംഘങ്ങൾ കൂടിവരുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മെഡിക്കൽ കോളേജ് എസിപി കെ സുദർശൻ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here