’23 വര്‍ഷ കരിയറിന് വിട’; ക്രിക്കറ്റിൽ നിന്ന് ഹർഭജൻ സിങ് വിരമിച്ചു

ഇന്ത്യൻ താരം ഹർഭജൻ സിങ് സജീവ ക്രിക്കറ്റിൽനിന്നും വിരമിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽനിന്നും വിരമിക്കുകയാണെന്ന് നാൽപ്പത്തൊന്നുകാരനായ ഹർഭജൻ സിങ് പ്രഖ്യാപിച്ചു.

ഇതോടെ, ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) ഉൾപ്പെടെ ഇനി ഹർഭജനെ കാണാനാകില്ല. ട്വിറ്ററിലൂടെയാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓഫ് സ്പിന്നർമാരിൽ ഒരാളായ ഹർഭജൻ സിങ് വിരമിക്കൽ പ്രഖ്യാപിച്ചത്. 2011 ഏകദിന ലോകകപ്പും 2007 ട്വന്റി20 ലോകകപ്പും നേടിയ ഇന്ത്യൻ ടീമിലെ അംഗമായിരുന്നു ഹർഭജൻ.

അതേസമയം, രാജ്യാന്തര വേദിയിൽ 23 വർഷം പിന്നിട്ട കരിയറിനാണ് ഹർഭജൻ ഇന്ന് തിരശീലയിട്ടത്. 1998ലായിരുന്നു രാജ്യാന്തര വേദിയിലെ അരങ്ങേറ്റം. വിരമിക്കൽ പ്രഖ്യാപനം നടത്തിയത് ഇന്നാണെങ്കിലും 2016 മാർച്ചിനുശേഷം ഇന്ത്യൻ ജഴ്സിയിൽ കളിച്ചിട്ടില്ല.

ഇന്ത്യയ്ക്കായി 103 ടെസ്റ്റുകളും 236 ഏകദിനങ്ങളും 28 ട്വന്റി20 മത്സരങ്ങളും കളിച്ചു. ടെസ്റ്റിൽ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യൻ ബോളറാണ്. 1998 മാർച്ചിൽ ഓസ്ട്രേലിയയ്‌ക്കെതിരെ ബെംഗളൂരുവിൽ ടെസ്റ്റ് കളിച്ചാണ് ഹർഭജൻ രാജ്യാന്തര വേദിയിൽ എത്തുന്നത്. 2016 മാർച്ചിൽ യുഎഇയ്‌ക്കെതിരെ ധാക്കയിൽ കളിച്ച ട്വന്റി20 മത്സരമാണ് രാജ്യാന്തര വേദിയിലെ അവസാന മത്സരം.

‘കുറച്ചുകാലമായി ഞാൻ ക്രിക്കറ്റിൽ ഒട്ടും സജീവമല്ല. പക്ഷേ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായി ഐപിഎലുമായി ബന്ധപ്പെട്ട് എനിക്ക് ചില കരാറുകളുണ്ടായിരുന്നു. ഐപിഎൽ 14–ാം സീസണിൽ ഞാൻ അവർക്കായി കളിച്ചു. പക്ഷേ, കഴിഞ്ഞ സീസണിൽത്തന്നെ വിരമിക്കാനുള്ള തീരുമാനം ഞാൻ കൈക്കൊണ്ടിരുന്നു’ – ഹർഭജൻ വിശദീകരിച്ചു.

ഇന്ത്യയ്ക്കായി 103 ടെസ്റ്റുകളിൽനിന്ന് 417 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ഇതിൽ 25 അഞ്ച് വിക്കറ്റ് പ്രകടനങ്ങളും അഞ്ച് 10 വിക്കറ്റ് പ്രകടനങ്ങളും ഉൾപ്പെടുന്നു. 84 റൺസ് വഴങ്ങി എട്ടു വിക്കറ്റ് പിഴുതതാണ് ഒരു ഇന്നിങ്സിലെ മികച്ച പ്രകടനം. 217 റൺസ് വഴങ്ങി 15 വിക്കറ്റ് പിഴുതത് ഒരു മത്സരത്തിലെ മികച്ച പ്രകടനവും. ഭേദപ്പെട്ട ബാറ്റ്സ്മാൻ കൂടിയായിരുന്ന ഭാജി 145 ഇന്നിങ്സുകളിൽനിന്ന് 18.22 ശരാശരിയിൽ 3432 റൺസ് നേടിയിട്ടുണ്ട്. ഇതിൽ രണ്ടു സെഞ്ചുറികളും ഒൻപത് അർധസെഞ്ചുറികളും ഉൾപ്പെടുന്നു. 42 ക്യാച്ചുകളും നേടി. 1998 മാർച്ച് 25ന് ഓസ്ട്രേലിയയ്‌ക്കെതിരെ ബെംഗളൂരുവിലായിരുന്നു ടെസ്റ്റ് അരങ്ങേറ്റം. 2015 ഓഗസ്റ്റിൽ ശ്രീലങ്കയ്‌ക്കെതിരെ ഗോളിലായിരുന്നു അവസാന ടെസ്റ്റ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News