ഇന്ത്യ- ദക്ഷിണാഫ്രിക്ക മൂന്ന് മത്സര ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കം

ഏറ്റവും ഒടുവിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയിലേക്ക് പോയപ്പോൾ 2 – 1ന്റെ പരാജയമായിരുന്നു ഫലം. മധുര പ്രതികാരം ചെയ്യാൻ ഉറച്ചാണ് വിരാട് കോഹ്ലി നായകനായ ടീമിന്റെ ഒരുക്കം.

ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ബോക്സിംഗ് ഡേ ടെസ്റ്റുകൾക്ക് ഡർബന് പകരം ഇക്കുറി വേദിയാവുക സെഞ്ചൂറിയനിലെ സൂപ്പർ സ്പോർട്ട് പാർക്ക് സ്റ്റേഡിയമാണ്.ഈ മാസം 26 മുതൽ 30 വരെയാണ് ആദ്യ ടെസ്റ്റ് അരങ്ങേറുക. ജനുവരി മൂന്ന് മുതൽ 7 വരെ ജോഹന്നാസ്ബർഗിലെ വാണ്ടറേഴ്സ് സ്റ്റേഡിയത്തിൽ രണ്ടാം ടെസ്റ്റും ജനുവരി 11 മുതൽ 15 വരെ കേപ് ടൌണിലെ ന്യൂലാൻഡ്സ് ക്രിക്കറ്റ് ഗ്രൌണ്ടിൽ അവസാന ടെസ്റ്റും അരങ്ങേറും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1:30 മുതലാണ് മത്സരങ്ങൾ നടക്കുക.

ടെസ്റ്റ് മത്സരങ്ങൾ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി നടക്കുന്നതിനാൽ തന്നെ പരമ്പര ടീം ഇന്ത്യയ്ക്ക് ഏറെ നിർണായകമാണ്. അടുത്തിടെ ന്യൂസിലണ്ടിനെ ടെസ്റ്റ് പരമ്പരയിൽ തോൽപിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് വിരാട് കോഹ്ലിയും സംഘവും ദക്ഷിണാഫ്രിക്കയെ നേരിടാൻ ഒരുങ്ങുന്നത്.

അതേസമയം, പരിശീലനത്തിനിടെ പരുക്കേറ്റ രോഹിത് ശർമയുടെ അസാന്നിധ്യത്തിൽ കെ.എൽ രാഹുലാണ് ഉപനായകൻ.ഡീൻ എൽഗർ നായകനും തെംബ ബാവുമ ഉപനായകനുമായ ദക്ഷിണാഫ്രിക്കൻ ടീമിൽ ഡിക്കോക്ക്, കഗീസോ റബാദ , എയ്ഡൻ മാർക്രം, ലുങ്കി എൻഗീഡി തുടങ്ങി പ്രധാന താരങ്ങളെല്ലാം ഉണ്ട്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ദക്ഷിണാഫ്രിക്കയുടെ ആദ്യ പരമ്പര കൂടിയാണിതെന്നതിനാൽ പോരാട്ടങ്ങൾക്ക് വാശിയേറും. ഒരിടവേളക്ക് ശേഷമുള്ള ടീമുകളുടെ മുഖാമുഖം ആകാംക്ഷയോടെയാണ് ആരാധകർ ഉറ്റുനോക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here