
കഴിഞ്ഞ കുറച്ചുമാസങ്ങളായി മലയാള സിനിമ പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു മിന്നൽ മുരളിയുടെ വരവിനായി. പ്രതീക്ഷ ഒട്ടും ചോരാതെയാണ് കഴിഞ്ഞ ദിവസം നെറ്റ്ഫ്ലിക്സിലൂടെ മിന്നൽ മുരളി റിലീസായത്. ആരാധകരുടെ പ്രതീക്ഷ തെറ്റിക്കാതെ സിനിമ ഹിറ്റിലേക്ക് നീങ്ങുകയാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ സിനിമകൂടിയാണ് മിന്നൽ മുരളിയെന്ന് നമുക്ക് പറയാം.
90–കളിൽ നടക്കുന്നയാണ് മിന്നൽ മുരളി. കുറുക്കൻമൂല എന്ന കൊച്ചു ഗ്രാമം. അവിടെ ജെയ്സൺ എന്ന ചെറുപ്പക്കാരൻ. ഒരു രാത്രി അപ്രതീക്ഷിതമായി ജെയ്സണ് മിന്നലേൽക്കുന്നു. തുടർന്ന് അവൻ പോലുമറിയാതെ കുറേയെറെ സൂപ്പർ പവറുകൾ അവന് ലഭിക്കുന്നു. പ്രണയവും നിരാശയും നഷ്ടപ്പെടുത്തലുകളുമെല്ലാം ജയ്‌സന്റെ വളർച്ചയ്ക്ക് ബലമാകുന്നുണ്ട്. എന്നാൽ അതേ ഗ്രാമത്തിൽ മറ്റൊരാൾക്കും മിന്നലേറ്റിരുന്നു. ഒരാൾ ഗ്രാമത്തിന്റെ രക്ഷകനാകുമ്പോൾ മറ്റൊരാൾ അന്തകനാകുന്നു. ഇവർ തമ്മിലുള്ള ഏറ്റുമുട്ടലാണ് സിനിമയുടെ പ്രമേയം.
സൂപ്പർ ഹീറോ ചിത്രമാണെങ്കിൽക്കൂടി മലയാളികൾക്ക് ദഹിക്കുന്ന രീതിയിലുള്ള അതിമാനുഷികതയേ ചിത്രത്തിൽ മുരളി കാണിക്കുന്നുള്ളൂ എന്നതാണ് സിനിമയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. ആക്‌ഷനും ഇമോഷനും ചേർന്നുള്ള കഥ പറച്ചിൽ രീതിയാണ് അണിയറക്കാർ സിനിമയിൽ സ്വീകരിച്ചിരിക്കുന്നത്. നായകന്റെ പ്രണയത്തെക്കാൾ കൂടുതൽ വില്ലന്റെ സ്നേഹബന്ധത്തിനും വൈകാരികതയ്ക്കും പ്രാധാന്യം നൽകിയിരിക്കുന്ന വ്യത്യസ്തമായ ട്രീറ്റ്മെന്റ്.
നാട്ടിൻപുറത്ത് നടക്കുന്ന കഥയായതുകൊണ്ട് തന്നെ കാണുന്ന പ്രേക്ഷകന് പെട്ടന്ന് മനസിൽ നിൽക്കുന്ന പേരുകൾ തന്നെയാണ് കഥാപാത്രങ്ങൾക്ക് നൽകിയിരിക്കുന്നതും. പ്രധാനപ്പെട്ടതും അല്ലാത്തതുമായ കഥാപാത്രങ്ങളിലൂടെ മിന്നൽ മുരളി എന്ന പേര് സിനിമയിലുടനീളം നിറഞ്ഞുനിൽക്കുന്നുണ്ട്. ഷാൻ റഹ്മാനും സുഷിൻ ശ്യാമും ഒരുക്കിയ സംഗീതം മിന്നൽ മുരളി എന്ന സിനിമയ്ക്കും കഥാപാത്രത്തിനും നൽകുന്ന ഊർജം ചില്ലറയല്ല.
മിന്നൽ മുരളി എന്ന ജെയ്സണായി സൂപ്പർ ഹീറോ പരിവേഷത്തിലുണ്ട് ടോവിനോ. പ്രതിനായകനായെത്തിയ ഗുരു സോമസുന്ദരത്തിന്റെ പ്രകടനത്തേക്കുറിച്ച് പറയാതിരിക്കാൻ നിവൃത്തിയില്ല. അഭിനയം ഗംഭീരം. നിഷ്കളങ്കനായ വില്ലൻ, പ്രതികാര ദാഹിയായ വില്ലൻ.. അങ്ങനെ വേഷപ്പകർച്ചകൊണ്ട് അഭിനയത്തെ മികച്ചതാക്കാൻ ആ നടന് കഴിഞ്ഞു.
സാധാരണഗതിയിൽ ഒരു വില്ലനോട് തോന്നുന്ന വെറുപ്പ് ഒരിടത്തുപോലും ഈ കഥാപാത്രത്തോട് തോന്നില്ലയെന്നത് വസ്തുതയാണ്. മാമനെ സൂപ്പർ ഹീറോയാക്കുന്നതിന് ചുക്കാൻ പിടിച്ച കുഞ്ഞു ജോസ്‌മോനും തകർത്തു. ഷെല്ലി കിഷോറിന്റെ ഉഷയും ഹരിശ്രീ അശോകന്റെ ദാസനും മികച്ചു നിന്നു. ബ്രൂസ് ലീ ബിജിയായെത്തിയ ഫെമിന ജോർജ്, അജു വർഗീസ്, ബൈജു എന്നിവരും മികച്ചുനിന്നു.
തന്റെ മൂന്നാമത്തെ സിനിമയിലും ബേസിൽ ജോസഫ് എന്ന സംവിധായകൻ വിജയത്തിന്റെ ട്രാക്ക് വിടാതെ കാക്കുന്നു. സൂപ്പർ ഹീറോ സിനിമയെന്ന തന്റെ ആശയം ഒട്ടും പാളിപ്പോകാതെ അവതരിപ്പിച്ച് ‘മലയാള സിനിമാ യൂണിവേഴ്സിലെ’ തന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കുന്നു ബേസിൽ. വലിയ സിനിമകൾ ചെയ്യാനുള്ള ആത്മവിശ്വാസം മിന്നൽ ബേസിലിന് നൽകുമെന്ന കാര്യത്തിൽ സംശയമില്ല. കുഞ്ഞിരാമായണത്തിലും ഗോദയിലുമെന്ന പോലെ വേണ്ട സ്ഥലത്ത് കോമഡിയും സെന്റിമെന്റ്‌സുമെല്ലാം കൃത്യമായി ചേർത്തിരിക്കുന്ന ബേസിൽ ജോസഫ് ടച്ച് മിന്നൽ മുരളിയ്ക്കുമുണ്ട്.
മിന്നൽ മുരളിയുടെ തിയറ്റർ അനുഭവം നഷ്ടമായിയെന്നേ പ്രേക്ഷകർക്ക് പറയാനുള്ളൂ. നമുക്ക് മിന്നൽ മുരളിയുടെ സെക്കൻഡ് പാർട്ടിനായി കാത്തിരിക്കാം..
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here