ഷാൻ വധക്കേസ്; പ്രതികൾ ഉപയോഗിച്ച വടിവാളുകൾ കണ്ടെത്തി

ആലപ്പുഴ മണ്ണഞ്ചേരിയിൽ എസ്ഡിപിഐ നേതാവ് ഷാൻ വധക്കേസിൽ നിർണായക തെളിവ് പൊലീസിന് ലഭിച്ചു. കൊലയ്ക്ക് ഉപയോഗിച്ച അഞ്ച് വടിവാൾ ചേർത്തല അരീപ്പറമ്പ് പുല്ലംകുളത്തിന് സമീപം കുറ്റിക്കാട്ടിൽ നിന്ന് അന്വേഷക സംഘം കണ്ടെടുത്തു.

കേസിലെ പ്രതിയുമായി ശനിയാഴ്ച വൈകിട്ട് ആറോടെ എത്തിയാണ് തെളിവെടുപ്പ് നടത്തിയത്. ആയുധം ഒളിപ്പിച്ചയിടം പ്രതി പൊലീസിന് കാട്ടിക്കൊടുക്കുകയായിരുന്നു. ആർ എസ് എസ് ശാഖ നടത്തുന്ന സ്ഥലത്തോട് ചേർന്നാണ് ആയുധം ഒളിപ്പിച്ചത്.

അഞ്ച് വാളുകളാണ് അന്വേഷണ സംഘം കണ്ടെത്തിയത്. കേസില്‍ ഇന്നലെ കസ്റ്റഡിയിലെടുത്ത അഞ്ച് പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയിരുന്നു. അതേസമയം, രൺജീത്ത് വധക്കേസിൽ പ്രതികളിൽ എത്താവുന്ന നിർണായക തെളിവുകൾ കൈവശമുണ്ടെന്ന് അന്വേഷണസംഘം അറിയിച്ചു.

രൺജീത് ശ്രീനിവാസിനെ വധിച്ചശേഷം സംസ്ഥാനം വിട്ട പ്രതികൾക്ക് വേണ്ടി തമിഴ്നാട്ടിലാണ് അന്വേഷണം ആദ്യം തുടങ്ങിയത്. പിന്നീട് കർണാടകയിലേക്ക് നീണ്ടു. എസ്ഡിപിഐക്കാരായ പ്രതികൾക്ക് പോപ്പുലർ ഫ്രണ്ടിനെ സഹായം ഇവിടങ്ങളിൽ ലഭിക്കുന്നുണ്ട്. അന്വേഷണം ഇപ്പോൾ ഏത് സംസ്ഥാനത്താണെന്ന് വെളിപ്പെടുത്താൻ കഴിയില്ലെന്ന് എഡിജിപി പറഞ്ഞു.

അതേസമയം, ഷാൻ വധക്കേസിൽ അറസ്റ്റിലായ അഞ്ചു കൊലയാളി സംഘങ്ങളുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 13 ആയി. എല്ലാവരും ബിജെപി-ആർഎസ്എസ് പ്രവർത്തകരാണ്. പരമാവധി തെളിവുകൾ ശേഖരിച്ചുകൊണ്ടാണ് അന്വേഷണമെന്ന് എഡിജിപി വിജയ് സാഖറെ പറഞ്ഞു. ഇരട്ടക്കൊലപാതകമുണ്ടായി ഒരാഴ്ച്ച തികയുമ്പോൾ പൂർണ്ണ ആത്മവിശ്വാസത്തിൽ ആണെന്ന് അന്വേഷണ സംഘം പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here