ISLൽ വിജയം തുടരാൻ ഉറച്ച് കേരളാ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. ശക്തരായ ജംഷെദ്പുർ എഫ് സിയാണ് എതിരാളി. രാത്രി 7:30 ന് വാസ്കോ തിലക് മൈതാനിലാണ് മത്സരം.
കഴിഞ്ഞ ഏതാനും സീസണുകളിലെ കടങ്ങൾ പലിശ സഹിതം വീട്ടികൊണ്ടിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ ആറ് മത്സരങ്ങളിൽ തോൽവി അറിഞ്ഞിട്ടില്ല. അവിശ്വസനീയമായ പ്രകടനങ്ങളിലൂടെ ആരാധകരെ ത്രസിപ്പിക്കുന്ന മഞ്ഞപ്പട ഇപ്പോൾ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്.
നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്.സിയെയും മുൻ ചാമ്പ്യന്മാരായ എഫ്സിയെയും നിഷ്പ്രഭമാക്കിയ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകുമനോവിച്ചിന്റെ തന്ത്രങ്ങൾ ആരാധകർക്ക് ഏറെ ബോധിച്ചു കഴിഞ്ഞു.
അറ്റാക്കിങ്ങിൽ ലൂണയും ഡിയാസും വാസ്ക്വേസും ചേർന്നുള്ള കൂട്ടുകെട്ട് ടീമിന്റെ കളിയുടെ നിലവാരം ഉയർത്തിയിട്ടുണ്ട്. ശക്തമായ പ്രതിരോധ നിരയുള്ള ടീമുകൾക്കെതിരെ വിദേശ ത്രയം ഫോം തുടർന്നാൽ പോയിന്റ് പട്ടികയിൽ ബ്ലാസ്റ്റേഴ്സിന് കുതിക്കാം. മലയാളി താരം സഹലും ജീക്സണും എല്ലാം തകർപ്പൻ കളിയാണ് കെട്ടഴിക്കുന്നത്. അതേസമയം വിജയവഴിയിലെത്താൻ ഉറച്ചാണ് ജംഷെദ്പുരിന്റെ ഒരുക്കം. കളിച്ച 7 മത്സരങ്ങളിൽ നിന്ന് മൂന്ന് വീതം ജയങ്ങളും സമനിലകളും ഉൾപ്പെടെ 12 പോയിന്റാണ് റെഡ് മൈനേഴ്സിന് . ഒരൊറ്റ മത്സരത്തിൽ മാത്രമാണ് ജെ.എഫ്.സി തോൽവി വഴങ്ങിയത്.
അതേസമയം, സീസണിൽ കണ്ണഞ്ചിപ്പിക്കും ഹാട്രിക്കുമായി സാന്നിധ്യം അറിയിച്ച ഗ്രെഗ് സ്‌റ്റീവാർട്ടാണ് ജംഷെദ്പുരിന്റെ പ്ലേമേക്കർ. ഇന്ത്യൻ യുവതാരം കോമൾ തട്ടാൽ , മലയാളി ഗോൾകീപ്പർ ടി.പി രെഹ്നേഷ് എന്നിവരെല്ലാം ഒന്നാന്തരം കളിയാണ് പുറത്തെടുക്കുന്നത്. ഇൻറർനാഷണൽ താരം നരേന്ദർ ഗെഹ്ലോട്ടും ഹാർട്ട്ലിയും കോട്ട കെട്ടുന്ന പ്രതിരോധവും സുശക്തമാണ്. ഉശിരൻ പോരാട്ടത്തിനാണ് ഓവൻ കോയിൽ പരിശീലകനായ ജംഷെദ്പൂർ കോപ്പുകൂട്ടുന്നത്. ഏതായാലും ടീമുകൾ തമ്മിലുള്ള വാശിയേറിയ പോരാട്ടം വാസ്കോ തിലക് മൈതാനെ ത്രസിപ്പിക്കുമെന്ന കാര്യം തീർച്ച.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.