നാടിനാവശ്യമായ കാര്യങ്ങളിൽ എതിർപ്പുമായി ചിലർ വന്നാൽ അതിനൊപ്പം നിൽക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.സർക്കാരിന് നാടിനോടാണ് ഉത്തരവാദിത്തമുള്ളതെന്നും പിണറായി വിജയൻ പറഞ്ഞു. കാസർകോഡ് പാലായി ഷട്ടർ കം ബ്രിഡ്ജ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി .
വിദ്യാഭ്യാസ – ആരോഗ്യ മേഖലയിലുൾപ്പെടെ സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ അക്കമിട്ട് നിരത്തിയാണ് സർക്കാരിന്റെ വികസന കാഴ്ചപ്പാട് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയത്.അനാവശ്യ കാര്യങ്ങൾക്ക് എതിർപ്പുമായി വന്നാൽ അതിന് മുന്നിൽ മുട്ടുമടക്കാനാവില്ലെന്നും സർക്കാരിന് ഈ നാടിനോടാണ് ഉത്തരവാദിത്തമെന്നും പിണറായി വിജയൻ പറഞ്ഞു.
ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. തേജസ്വിനി പുഴയോരത്തെ നീലേശ്വരം മുനിസിപ്പാലിറ്റിയിലെയും അഞ്ച് പഞ്ചായത്തുകളിലെയും 4866 ഹെക്ടർ കൃഷി ഭൂമിയിലെ ജലസേചന ആവശ്യത്തിനും കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനും ഉപകരിക്കുന്നതാണ് പദ്ധതി.
വേലിയേറ്റ സമയത്ത് പുഴയിൽ ഉപ്പുവെള്ളം കയറുന്ന പ്രശ്നത്തിനും പരിഹാരമാവും. ജലസ്രോതസ്സായും ഗതാഗതത്തിനും ഉപയോഗപ്രദമാകുന്ന പദ്ധതി നബാർഡിന്റെ സഹായത്തോടെ 2018 ലാണ് നിർമാണം തുടങ്ങിയത്. പദ്ധതി ജില്ലയുടെ ടൂറിസം വികസന രംഗത്തും നാഴികക്കല്ലായി മാറും.
എം എൽ എ എം രാജഗോപാലൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ , എം പി രാജ്മോഹൻ ഉണ്ണിത്താൻ തുടങ്ങിയവരും ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും പങ്കെടുത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.