കിറ്റെക്സ് ജീവനക്കാർ പൊലീസിനെ ആക്രമിച്ച  സംഭവത്തിൽ പ്രതിക്കൂട്ടിലാകുന്നത് കമ്പനി ഉടമയും

കിറ്റെക്സ് ജീവനക്കാർ പൊലീസിനെ ആക്രമിച്ച  സംഭവത്തിൽ പ്രതിക്കൂട്ടിലാകുന്നത് കമ്പനി ഉടമയും. കമ്പനിയും പരിസര പ്രദേശങ്ങളും പൊലീസിന് പോലും കടന്നു ചെല്ലാൻ കഴിയാത്ത പ്രത്യേക സാമ്രാജ്യമാക്കി ഉടമ മാറ്റിയെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.

പൊലീസിൻ്റെയും തൊഴിൽ വകുപ്പിൻ്റെയും പരിശോധനകൾക്ക് എതിരെ എം ഡി സാബു ജേക്കബ് സ്വീകരിച്ച ശക്തമായ എതിർപ്പ് ക്രിമനൽ പശ്ചാത്തലമുള്ള ചില ജീവനക്കാർക്ക് വളമായി മാറുകയായിരുന്നു.

അയ്യായിരത്തിലധികം ഇതര സംസ്ഥാന തൊഴിലാളികൾ കിറ്റെക്സ് കമ്പനിയിൽ തൊഴിലെടുക്കുന്നുണ്ട് എന്നാണ് അനൗദ്യോഗിക കണക്ക്. ഇത് സംബന്ധിച്ച് ആധികാരികമായ ഒരു  കണക്കും തൊഴിൽ വകുപ്പിൻ്റെ കൈയ്യിലോ പൊലീസിൻ്റെ കൈയ്യിലോ ഇല്ല.

ഇതിനായി തൊഴിൽ വകുപ്പ് നടത്തിയ പരിശോധന രാഷ്ട്രീയ വിവാദമാക്കി  കമ്പനി ഉടമ മാറ്റി. കേരളം വ്യവസായ സൗഹൃദ മല്ലെന്നുള്ള കിറ്റെക്സ് ഉടമയുടെ വിമർശനം ഇത്തരം പരിശോധനകളുടെ പേരിലായിരുന്നു.

പി വി ശ്രീനിജൻ എം എൽ എ അയ്യായിരത്തിലധികം വരുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്കും കമ്പനി വാസസ്ഥലം ഒരുക്കിയിട്ടുണ്ട്. എന്നാൽ ഇത്തരം സ്ഥലങ്ങൾ പ്രത്യേക സാമ്രാജ്യങ്ങളാണെന്ന പരാതി നാട്ടുകാർക്ക് മുൻപ് തന്നെയുണ്ട്.  കമ്പനി മാനേജ്മെൻ്റിൻ്റെ നിയന്ത്രണത്തിലാണ് എല്ലാം.

മയക്കുമരുന്നും മദ്യവും ഇത്തരം ക്യാമ്പുകളിൽ വ്യാപകമായി വിതരണം ചെയ്യപ്പെടുന്നു എന്ന പരാതി നാട്ടുകാർക്കുണ്ട്. നാട്ടുകാരൻ പോലീസിനോ തൊഴിൽ വകുപ്പിനോ ഇത്തരം സ്ഥലങ്ങളിൽ പരിശോധന നടത്താൻ കഴിയാത്ത സാഹചര്യം കമ്പനി മുതലാളി സമ്മർദ്ദ തന്ത്രത്തിലൂടെ ഒരുക്കി. അധികൃതർ പരിശോധനക്ക് മുതിർന്നാൽ കേരളം വ്യവസായ സൗഹൃദമല്ലെന്ന വിമർശനവുമായി മുതലാളി കളത്തിലിറങ്ങും.  സമ്മർദ്ദം ഫലച്ചില്ലെങ്കിൽ കോടതി കയറും.

വിവാദം ഒഴിവാക്കാൻ അധികൃതരും പോലീസും തുടർ നടപടിയിൽ നിന്നും പിൻവാങ്ങും. കമ്പനി ഉടമ ഒരുക്കിയ ഈ സംരക്ഷണ കവചമാണ് ക്രിമിനൽ പശ്ചാത്തലമുള്ള ചില തൊഴിലാളികളുടെ പിൻബലം.

ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങളോ തിരിച്ചറിയൽ രേഖയോ കമ്പനി കൃത്യമായി അധികൃതർക്ക് നൽകാറില്ല. ഇതിനാൽ  കുറ്റകൃത്യം നടന്നാൽ ക്രിമിനൽ പശ്ചാത്തലമുള്ളവരെ തിരിച്ചറിയാൻ പോലീസിന് കഴിയില്ല. ഇതാണ് കുറ്റകൃത്യം ചെയ്യുന്നവർക്കുള്ള വിശ്വാസം. പോലീസിനെ ആക്രമിക്കാനും പോലീസ് ജീപ്പ് കത്തിക്കാനും ഇവർക്ക് ധൈര്യം നൽകിയത് കമ്പനി മാനേജ്മെൻ്റിൻ്റെ വഴിവിട്ട സംരക്ഷണമാണെന്ന വിമർശനം ശക്തമാണ്.

സംസ്ഥാനത്ത് അതിഥി തൊഴിലാളികൾ ധാരാളമായി ഉണ്ടെങ്കിലും ഒറ്റപ്പെട്ട ക്രൈമുകൾ അല്ലാതെ ഇത്ര സംഘടിതമായ ഒരാക്രമണം മറ്റൊരിടത്തും ഉണ്ടായിട്ടില്ല. നാട്ടുകാരും പോലീസും കിറ്റെക്സ് കമ്പനിയേയും ഉടമയേയും പ്രതിക്കൂട്ടിൽ നിർത്തുന്നത് ഈ പശ്ചാത്തലത്തിൽ കൂടിയാണ് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News