ഭൂമിയുടെ അവകാശികളെക്കുറിച്ചറിയേണ്ടതെല്ലാം  അറിയാൻ! ഡോക്ടർ ഡി സജിത്ത് ബാബു ഐ.എ എസിന്റെ ഡിജിറ്റൽ പുസ്തകം പ്രകാശനത്തിനു തയ്യാര്‍

ഭൂമിയുടെ അവകാശികളെക്കുറിച്ചറിയേണ്ടതെല്ലാം  അറിയാൻ! സിവിൽ സപ്ലൈസ് ഡയറക്ടർ ഡോക്ടർ ഡി സജിത്ത് ബാബു ഐ.എ എസിന്റെ ഡിജിറ്റൽ പുസ്തകം പ്രകാശനത്തിനു തയ്യാര്‍.

” A Prelude to Kerala Land Revenue Mannual ”  ജനുവരി 4 ന് ഡിജിറ്റൽ പതിപ്പായി പുറത്തിറങ്ങും.ഒരു വ്യാഴവട്ടക്കാലം കേരളത്തിലെ റവന്യൂ വകുപ്പിൽ ഡെപ്യൂട്ടി കളക്ടറായി ജോലി ചെയ്ത അനുഭവങ്ങളുടെ വെളിച്ചത്തിൽ 2012 ബാച്ചിലെ ഐ എ എസ് ഉദ്യോഗസ്ഥനായ ഡോ.ഡി സജിത് ബാബുവാണ് പുസ്തകം  തയ്യാറാക്കിയിരിക്കുന്നത്. തിരുവനന്തപുരം “നീതി ലാ ഹൗസ് ” ആണ് പ്രസാധകർ.

AD 1887-ൽ വില്യം ലോഗൻ എഴുതിയ “മലബാർ മാന്വൽ ”  മലബാർ മേഖലയിൽ അക്കാലത്ത് നിലനിന്നിരുന്ന ഭൂമിയുടെ ഭരണ നടപടിക്രമങ്ങളെ കുറിച്ചും,  AD 1906-ൽ നാഗംഅയ്യ എഴുതിയ “തിരുവിതാംകൂർ സ്‌റ്റേറ്റ് മാന്വൽ ” തിരുവിതാംകൂറിലെ ഭൂമി ഭരണത്തെക്കുറിച്ചും AD 1911-ൽ സി. അച്യുതമേനോൻ എഴുതിയ “കൊച്ചി സ്‌റ്റേറ്റ് മാന്വൽ ” കൊച്ചിയിലെ ഭൂമി ഭരണക്രമത്തെക്കുറിച്ചും വിവരങ്ങൾ നൽകുന്നു. എന്നാൽ ഐക്യകേരള പിറവിക്ക് ശേഷം ഒരു ഏകീകൃത ഭൂമി മാന്വൽ പ്രസിദ്ധീകരിച്ചിട്ടില്ല. സർക്കാർ തലത്തിൽ പുറത്തിറക്കിയേക്കാവുന്ന അത്തരമൊരു മാന്വലിന് ഒരു മുഖവുരയാണ് ഡോ.സജിത് ബാബു തയ്യാറാക്കിയിരിക്കുന്നത് .

തികച്ചും  സർക്കാർ ഭാഷയും സാങ്കേതിക പദങ്ങളും നിറഞ്ഞ ഒരു പുസ്തകമായിട്ടല്ല മറിച്ച് ലളിതമായ ഭാഷയിലാണ്  ഡോ. സജിത് ബാബു 923 പേജുള്ള ഈ ബ്രിഹത് ഗ്രന്ഥം രചിച്ചിരിക്കുന്നത്. ദൈനംദിന ഭൂമി വ്യവഹാരങ്ങളിൽ ഉപയോഗിക്കാനുള്ള 500 ഔദ്യോഗിക വാക്കുകളും അവയുടെ വിശദീകരണവുമടങ്ങുന്ന വിശദമായ പദ ശേഖരമാണ് പുസ്തകത്തിൻ്റെ മറ്റൊരു പ്രത്യേകത.

ഐക്യകേരളം രൂപപ്പെടുന്നതിന് മുമ്പും ശേഷവുമുള്ള ഭൂമിയുടെ ഭരണത്തെ സംബന്ധിച്ച ആധികാരിക വിവരങ്ങളാണ് പുസ്തകത്തിൻ്റെ കാതൽ. സർക്കാർ ഉദ്യോഗസ്ഥർക്ക് പ്രത്യേകിച്ച് റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് ഏറെ പ്രയോജനപ്രദമായ ഈ പുസ്തകം,  ചരിത്രം, കാർഷിക ശാസ്ത്രം, പബ്ലിക് അഡ്മിനിസ്ട്രേഷൻ തുടങ്ങിയ വിഷയങ്ങൾ പഠിക്കുന്ന വിദ്യാർത്ഥികൾക്കും പത്രപ്രവർത്തകർക്കും തുടങ്ങി, മറ്റെല്ലാ വിജ്ഞാന കുതുകികൾക്കും ഒരു റഫറൻസ് ഗ്രന്ഥമായിരിക്കും.

പൊതുജനങ്ങൾ അനുഭവിക്കുന്ന ഭൂമി സംബന്ധമായ പ്രശ്നങ്ങളും അതിൻ്റെ നിയമ വശങ്ങളും ലളിതമായി പ്രതിപാദിച്ചിരിക്കുന്ന ഡിജിറ്റൽ പുസ്തകത്തിൻ്റെ വില 499 രൂപയാണ്. പുസ്തകം വാങ്ങുന്നവർക്ക് വർഷാവർഷം പുറത്തിറങ്ങുന്ന പുതിയ പതിപ്പുകൾ 99 രൂപക്ക് ലഭിക്കും.സംശയ ദൂരീകരണങ്ങൾക്ക് ഡിജിറ്റൽ പുസ്തകത്തോടൊപ്പം ഒരു ചാറ്റ് ബോക്സും ഉണ്ടാകും. രാജ്യത്ത് ഇത്തരത്തിലുള്ള ആദ്യ സംരംഭം കൂടിയാണിത്.

ഭൂഗോളത്തിൽ ച്ചിരിപ്പിടിയോളം ഭാഗത്തിൻ്റെ ആജീവനാന്ത അവകാശിയായിത്തീർന്നതോടെ ഭാവി സുരക്ഷിതമായി എന്നു ദൃഢമായി ഞാൻ വിശ്വസിച്ചു എന്നു തുടങ്ങുന്ന ‘ഭൂമിയുടെ അവകാശികൾ ‘  എന്ന കഥയിൽ വൈക്കം മുഹമ്മദ് ബഷീർ പറയുന്നത് “ഭൂഗോളത്തിലെ രണ്ടേക്കർ സ്ഥലത്തിന് ക്ഷീരപഥത്തിലോ സൗരയൂഥത്തിലൊ അണ്ഡകടാഹത്തിലോ പ്രപഞ്ചങ്ങളായ പ്രപഞ്ചങ്ങളിലോ, മറ്റാർക്കും തന്നെ യാതൊരവകാശവുമുല്ല. ഈ സംഗതി നാടുഭരിക്കുന്ന ഗവൺമെൻ്റ് ഉറപ്പു തന്നിട്ടുള്ളതുമാണ് ” എന്നാണ്.

ഈ ഉറപ്പു വകവയ്ക്കാതെ ബഷീറിൻ്റെ സ്ഥലത്തേക്ക് അതിക്രമിച്ചു കയറുന്ന ജീവജാലങ്ങളെക്കുറിച്ചുള്ള കഥാകാരൻ്റെ വർണ്ണകൾ സുന്ദരമാണ്. എന്നാൽ യഥാർത്ഥ ജീവിതത്തിൽ ഭൂമി ഭരണം അത്ര എളുപ്പമുള്ള സംഗതിയല്ല.  കഥയിലായാലും കാര്യത്തിലായാലും ഭൂമി ,സ്ഥലം, പറമ്പ് എന്നൊക്കെ പറയുന്ന ഭൂമിയുടെ ഭരണം

എക്കാലത്തും സങ്കീർണമായിരുന്നു. ഭൂമിയുടെ അധികാരം എപ്രകാരം നിർണയിക്കപ്പെട്ടു അത് ഏതൊക്കെ തരത്തിൽ കാലാകാലങ്ങളിൽ രൂപാന്തരപ്പെട്ട് ഇന്നു കാണുന്ന രൂപത്തിൽ എത്തിച്ചേർന്നു തുടങ്ങിയ, ഏതൊരാളിലും കൗതുകമുണർത്തുന്ന  കേരളത്തിലെ ഭൂ വിവരങ്ങളുമായി ഒരു പുസ്തകം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here