ഇരട്ട കൊലപാതകം; 17 വര്‍ഷത്തിന് ശേഷം ചുരുളഴിച്ച് ക്രൈം ബ്രാഞ്ച്

17 വര്‍ഷം മുന്‍പ് നടന്ന ഇരട്ട കൊലപാതകത്തിന്‍റെ ചുരുളഴിച്ച് ക്രൈംബ്രാഞ്ച്.കൊച്ചി പോണേക്കരയില്‍ 2004ല്‍ നടന്ന ഇരട്ടക്കൊലപാതകക്കേസിലെ പ്രതി റിപ്പര്‍ ജയാനന്ദനാണെന്ന് കണ്ടെത്തി.സഹതടവുകാരനോട് ജയാനന്ദന്‍ കുറ്റസമ്മതം നടത്തിയതാണ് കേസില്‍ വഴിത്തിരിവായത്.കേസില്‍ ക്രൈംബ്രാഞ്ച് ജയാനന്ദന്‍റെ അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയില്‍ വാങ്ങി.

കൊച്ചി പോണേക്കരയില്‍ വൃദ്ധരെ കൊലപ്പെടുത്തിയ കേസില്‍ ഒന്നരപ്പതിറ്റാണ്ടിനു ശേഷമാണ് നിര്‍ണ്ണായക വഴിത്തിരിവുണ്ടായത്. പോണേക്കരയില്‍ താമസിച്ചിരുന്ന 74 കാരിയെയും ഇവരുടെ സഹോദരിയുടെ മകനായ 60കാരനെയും തലക്കടിച്ച് കൊന്നത് റിപ്പര്‍ ജയാനന്ദനാണെന്ന് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തി.

ഇരുവരെയും കൊലപ്പെടുത്തിയ ശേഷം 74കാരിയെ ജയാനന്ദന്‍ ബലാത്സംഗം ചെയ്തതായും തെളിഞ്ഞിട്ടുണ്ട്.തുടര്‍ന്ന് 44 പവന്‍ സ്വര്‍ണാഭരണങ്ങളും 15 ഗ്രാം വെള്ളി നാണയങ്ങളും ജയാനന്ദന്‍ ഇവിടെ നിന്ന് മോഷ്ടിക്കുകയും ചെയ്തിരുന്നു. സമാന കുറ്റകൃത്യങ്ങളില്‍ പ്രതിയായ റിപ്പര്‍ ജയാനന്ദനിലേക്ക് നേരത്തെതന്നെ അന്വേഷണം എത്തിയിരുന്നുവെങ്കിലും അറസ്റ്റ് ചെയ്യാന്‍ മതിയായ തെളിവുകളുണ്ടായിരുന്നില്ല.

എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ജയാനന്ദന്‍തന്നെ സഹതടവുകാരനോട് ഇരട്ടക്കൊലപാതകക്കേസില്‍ കുറ്റസമ്മതം നടത്തിയത് നിര്‍ണ്ണായക വഴിത്തിരിവായതായി ക്രൈംബ്രാഞ്ച് എ ഡി ജി പി എസ് ശ്രീജിത്ത് പറഞ്ഞു.

കൊലപാതകം നടന്ന വീടിനു സമീപം ജയാനന്ദന്‍ മോഷണശ്രമം നടത്തിയിരുന്നു.ഇത് കണ്ട അയല്‍വാസികള്‍ മജിസ്ട്രേറ്റിന്‍റെ സാന്നിധ്യത്തില്‍ ജയാനന്ദനെ തിരിച്ചറിയുകയും ചെയ്തിരുന്നു. പുത്തന്‍ വേലിക്കരയില്‍ സ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ ജയാനന്ദനെ വധശിക്ഷക്ക് വിധിച്ചിരുന്നു.

ഇത് പിന്നീട് സുപ്രീംകോടതി ജീവപര്യന്തമാക്കി. 6 കേസുകളിലായി എട്ട് പേരെയാണ് ജയാനന്ദന്‍ കൊലപ്പെടുത്തിയിരിക്കുന്നത്.ഇരട്ടക്കൊലക്കേസില്‍ ജയാനന്ദന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയ ക്രൈംബ്രാഞ്ച് സംഘത്തിന്‍റെ അപേക്ഷ പ്രകാരം അടുത്ത മാസം ഒന്നുവരെ പ്രതിയെ അന്വേഷണസംഘത്തിന്‍റെ കസ്റ്റഡിയില്‍ വിട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here