കുട്ടികളുടെ കൊവിഡ് വാക്സിൻ രജിസ്ട്രേഷൻ ജനുവരി ഒന്ന് മുതലാണ് ആരംഭിക്കുന്നത്. കൗമാരക്കാരിലെ വാക്സിനേഷനായി രണ്ട് വാക്സിനുകൾ ഉപയോഗിക്കാൻ തീരുമാനമായി. ഇതിനായി കോവാക്സിനും സൈക്കോവ് ഡിയും ലഭ്യമാക്കും. രണ്ട് വാക്സിനുകളിൽ നിന്ന് തെരഞ്ഞെടുക്കാൻ അവസരം നൽകുമെന്നും കൊവിൻ തലവൻ ആർ എസ് ശർമ പറഞ്ഞു.
വാക്സിനായി ജനുവരി 1 മുതൽ കൊവിൻ ആപ്പിലും പോർട്ടലിലും രജിസ്റ്റർ ചെയ്യാം. ആധാർ ഇല്ലെങ്കിൽ സ്കൂൾ തിരിച്ചറിയൽ കാർഡും ഉപയോഗിക്കാം. പതിനഞ്ച് മുതൽ 18 വയസുവരെയുള്ളവര്‍ക്ക് ആണ് ജനുവരി ഒന്ന് മുതൽ ഓൺലൈനായി രജിസ്റ്റര്‍ ചെയ്യാൻ കഴിയുക.
കോവാക്സിൻ ആണ് നൽകുന്നതെങ്കിൽ നാലാഴ്ച്ച ഇടവേളയിൽ രണ്ട് ഡോസ് നൽകും. നൽകുന്ന വാക്സിന്‍റെ അളവിൽ വ്യത്യാസം ഉണ്ടാകില്ല. ജനുവരി 10 മുതൽ നൽകിത്തുടങ്ങുന്ന കരുതൽ ഡോസിന് അർഹരായവരുടെ വിവരങ്ങൾ കൊവിൻ ആപ്പിൽ അപ്ഡേറ്റാകും.
ആരോഗ്യപ്രവർത്തകർക്ക് കരുതൽ ഡോസായി നേരത്തെ സ്വീകരിച്ച അതേ വാക്സിൻ തന്നെ നൽകിയാൽ മതിയെന്നും തീരുമാനമായി. രണ്ടാം ഡോസ് കിട്ടി ഒൻപത് മാസത്തിന് ശേഷമാകും ആരോഗ്യ പ്രവർത്തകർക്ക് കരുതൽ ഡോസ് നൽകുക.
ഐസിഎംആർ ഉൾപ്പടെ വിദഗ്ധ സമിതികൾ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ഇടവേള. ഏപ്രിൽ ആദ്യ വാരത്തിനുള്ളിൽ രണ്ടാമത്തെ ഡോസ് സ്വീകരിച്ചവർക്കാകും കരുതൽ ഡോസ് ആദ്യം ലഭിക്കുക. കരുതൽ ഡോസായി വ്യത്യസ്ത വാക്സീൻ നല്‍കാന്‍ നേരത്തെ കേന്ദ്രം ആലോചിച്ചിരുന്നു. എന്നാൽ ആദ്യ രണ്ട് ഡോസായി സ്വീകരിച്ച അതേ വാക്സിൻ തന്നെ നൽകിയാൽ മതിയെന്നാണ് ഇപ്പോഴത്തെ തീരുമാനം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.