കേരളത്തിന്റെ ആരോ​ഗ്യ മേഖലയെ പ്രശംസിച്ച് ശശി തരൂര്‍; യു പിയിലെ യോഗി സര്‍ക്കാര്‍ കേരളത്തെ മാതൃകയാക്കണം

കേരളത്തിന്റെ ആരോ​ഗ്യ മേഖലയെ പ്രശംസിച്ച് ശശി തരൂര്‍ എം പി. ആരോഗ്യ മേഖലയിലെ സംസ്ഥാനങ്ങളുടെ മികവ് അടിസ്ഥാനമാക്കിയുള്ള നീതി ആയോഗിന്റെ ദേശീയ ആരോഗ്യ സൂചികയില്‍ കേരളം ഒന്നാമതെത്തിയതിനെയാണ് തിരുവനന്തപുരം എംപി ശശി തരൂര്‍ പ്രശംസിച്ചത്.

പട്ടികയില്‍ ഏറ്റവും പിന്നില്‍ ഉത്തര്‍പ്രദേശ് ആണ്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുള്ള മറുപടിയായിട്ടാണ് കേരളത്തെ പ്രശംസിച്ച് രംഗത്ത് എത്തിയത്. കേരളം ആരോഗ്യ സൂചികയില്‍ ഒന്നാമതെത്തിയ വാര്‍ത്തയും കേരളം യു പിയില്‍ നിന്ന് പഠിക്കണമെന്ന യോഗിയുടെ മുന്‍പ്രസ്താവനയും ടാഗ് ചെയ്താണ് തരൂരിന്റെ ട്വീറ്റ്.

യോഗി ആദിത്യനാഥിന് താല്‍പര്യമുണ്ടെങ്കില്‍ ആരോഗ്യ സമ്പ്രദായങ്ങള്‍ മാത്രമല്ല, സദ്ഭരണവും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയ നടപടികളും കേരളത്തില്‍ നിന്ന് പഠിക്കാവുന്നതാണ്. ഇത് രാജ്യത്തിന് ഗുണം ചെയ്യും. എന്നാല്‍ രാജ്യത്തെ നിങ്ങളുടെ അവസ്ഥയിലേക്ക് തള്ളിവിടാനാണ് ശ്രമിക്കുന്നത്. എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്.

നീതി ആയോഗിന്റെ ദേശീയ ആരോഗ്യ സൂചികയില്‍ തമിഴ്‌നാട് പട്ടികയില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കി. തെലങ്കാന പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. പട്ടികയില്‍ ഏറ്റവും പിന്നില്‍ ഉത്തര്‍പ്രേദേശാണ്. ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ മിസോറാം ആണ് മുന്നില്‍. ആരോഗ്യ രംഗത്തെ പ്രകടനം മെച്ചപ്പെടുത്താന്‍ സംസ്ഥാനങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൂചിക പ്രസിദ്ധീകരിക്കുന്നതെന്ന് നീതി ആയോഗ് ട്വീറ്റ് ചെയ്തു.

ലോക ബാങ്കിന്റെ സാങ്കേതിക സഹകരണത്തോടെയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ സഹകരണത്തോടെയുമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സാമൂഹ്യ സുരക്ഷാ മേഖലകളിലെ കേരളത്തിന്റെ മികച്ച പ്രകടനത്തെ അഭിനന്ദിച്ച് നീതി ആയോഗ് അംഗം ഡോ വിനോദ്കുമാര്‍ പോള്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

സുസ്ഥിര വികസന സൂചികയില്‍ മികച്ച നേട്ടമാണ് കേരളം കൈവരിച്ചതെന്നും സാമൂഹ്യ, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ കേരളം മുന്‍പന്തിയിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News