കോത്താട്ടൈ ഗ്രാമത്തിലെ ഇരുളർ കോളനിയുടെ പേര് ഇനിമുതൽ ചെങ്കൊടി നഗരം

തമിഴ്നാട് കടലൂർ ജില്ലയിലെ കോത്താട്ടൈ ഗ്രാമത്തിലെ ഇരുളർ കോളനിയുടെ പേര് ഇനിമുതൽ ചെങ്കൊടി നഗരം. 20 വർഷത്തോളമായി നീണ്ടുനിന്ന ഭൂസമര പോരാട്ടങ്ങളിലൂടെ നേടിയെടുത്ത ഗ്രാമത്തിനാണ് ഇന്നാട്ടുകാർ ഈവിധത്തിൽ പേര് നൽകിയിരിക്കുന്നത്.

ആരും സഹായിക്കാനില്ലാതിരുന്നപ്പോൾ, ആരാലും തിരിച്ചറിയപ്പെടാതെ നിന്നപ്പോൾ സിപിഐഎം ആണ് ഇവരുടെ പോരാട്ടം മുഖ്യധാരയിലേക്ക് എത്തിച്ചതും പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയതും. ഭൂസമരത്തിന് നേതൃത്വം നൽകിയ പാർട്ടിയോടുള്ള സ്നേഹം കൊണ്ടുകൂടിയാണ് കോളനി നിവാസികൾ വൈകൽമേട് ഗ്രാമത്തിൻ്റെ പേരു മാറ്റി ചെങ്കൊടി നഗരമെന്നാക്കിയത്.

പാർട്ടിയുടെ ഏരിയാ സെക്രട്ടറി ആയിരുന്ന സഖാവ് രമേശ് ബാബുവാണ് സ്ഥലത്തെ സമരങ്ങൾക്ക് നേതൃത്വം നൽകിയത്. ഈ സമ്മേളനത്തിൽ ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറുന്നതുവരെ സഖാവ് ഇവർക്കൊപ്പം എല്ലാ പോരാട്ടങ്ങളിലും മുൻ നിരയിൽ തന്നെ ഉണ്ടായിരുന്നു.

പാർട്ടി വിഷയത്തിൽ നിരവധി തവണ സബ് കലക്ടർ ഓഫീസ് പിക്കറ്റ് ചെയ്തു, ചെറിയ കൂട്ടമായതിനാൽ ആദ്യമൊന്നും ആരും തിരിഞ്ഞുനോക്കാൻ തയ്യാറായിരുന്നില്ല. ഇരുപതോളം തവണ നിവേദനങ്ങൾ നൽകി. എന്നിട്ടും അവഗണിക്കപ്പെട്ടുകൊണ്ടിരുന്നപ്പോൾ സർക്കാർ ഭൂമി കയ്യേറിയും സമരം ചെയ്തു.

ഭൂമി ലഭിക്കാതെ സമരമവസാനിപ്പിക്കില്ലെന്ന് അധികൃതർക്ക് കൂടി ബോധ്യപ്പെട്ടതോടെയാണ് അവർ പരാജയം സമ്മതിക്കുന്നത്. ഇങ്ങനെ 20 വർഷത്തെ തുടർ സമരങ്ങളുടെ ഫലമായി 11 കുടുംബങ്ങൾക്ക് ഭൂമി ലഭ്യമായി. ഈ പോരാട്ടങ്ങളുടെ ഭാഗമായി ഇരുളർ വിഭാഗത്തിൽ പെട്ട 135 പേർക്ക് ജാതി സർട്ടിഫിക്കറ്റും ലഭിച്ചിട്ടുണ്ട്.

നിലവിൽ കുടിൽ കെട്ടി താമസിക്കുന്ന 11 കുടുംബങ്ങൾക്ക് സർക്കാർ സ്കീമിൽ വീട് നൽകണമെന്നും പാർട്ടി ആവശ്യപ്പെടുന്നുണ്ട്. ആവശ്യമായ സഹായം നൽകാമെന്നും പാർട്ടി ഉറപ്പ് നൽകി. ഇതിന് പുറമെ ഈ ഗ്രാമത്തിലെ കുട്ടികളെ പഠിപ്പിക്കുന്നതിനായി ഒരു നൈറ്റ് സ്കൂളും പാർട്ടിയുടെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്.

11 കുടുംബങ്ങൾക്കായി അനുവദിക്കപ്പെട്ട സ്ഥലത്ത് കുടുംബങ്ങൾ കുടിൽ കെട്ടി താമസമാരംഭിച്ചു. പേരുമാറ്റൽ ചടങ്ങ് ഉത്സവമായി കൊണ്ടാടുന്നതിൻ്റെ ഭാഗമായി നിലത്ത് കോലം വരച്ചും പരിസരം അലങ്കരിച്ചും ചെങ്കൊടികൾ ഉയർത്തിയും ഗ്രാമവാസികൾ ആഹ്ലാദം പങ്കുവച്ചു.

പാർട്ടി കേന്ദ്രകമ്മിറ്റി സഖാവ് യു വാസുകി ചെങ്കൊടി നഗരം പേര് അനാഛാദനം ചെയ്തു. കൂടുതൽ സമരങ്ങൾ നടത്തി ഇരുളർ വിഭാഗത്തിലെ മറ്റുള്ളവർക്കും ഭൂമി നേടിക്കൊടുക്കുമെന്ന് പാർട്ടി പറഞ്ഞിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here