പഞ്ചാബിൽ തെരഞ്ഞെടുപ്പ് ചൂട് മുറുകുന്നു; മണ്ഡലത്തിൽ കോൺഗ്രസുമായുള്ള മത്സരത്തിന് ഒരുങ്ങി ബിജെപി

പഞ്ചാബിൽ കോൺഗ്രസുമായി നേരിട്ടുള്ള മത്സരത്തിന് ഒരുങ്ങി ബിജെപി. ചണ്ഡീഗഡ് മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ അവസാന സ്ഥാനത്തേക്ക് പിന്തള്ളിയാണ് പഞ്ചാബിലെ മുഖ്യധാരാ മത്സരരംഗത്ത് ബിജെപി സ്ഥാനം ഉറപ്പിച്ചത്. സംസ്ഥാനത്തെ ഭരണം കയ്യാളുന്ന കോൺഗ്രസ് അവസാന സ്ഥാനത്താണ് ഉള്ളത്.

അമരീന്ദർ സിംഗ് പാർട്ടി വിട്ടതോടെ കോൺഗ്രസ് പഞ്ചാബിൽ ഒന്നുമല്ലാതായിരിക്കുന്ന അവസ്ഥയിലാണുള്ളത്. വലിയ പ്രതീക്ഷകൾ ഉണ്ടായിരുന്ന ചണ്ഡിഗഡ് മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇതോടെ വരാനിരിക്കുന്ന പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരം ബിജെപിയും ആം ആദ്മി പാർട്ടിയും തമ്മിൽ ആയി മാറി.

അതേസമയം, അമരീന്ദർ സിംഗ് പാർട്ടി വിട്ടത് ചെറിയ നഷ്ടം ഒന്നും അല്ല കോൺഗ്രസിന് ഉണ്ടാക്കിയിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ പോലും അമരീന്ദർ സിംഗ് കോൺഗ്രസിൻ്റെ നിർണായക ഘടകമായിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി വിജയിച്ചതോടെ സംസ്ഥാനനിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണം പിടിച്ചെടുക്കാം എന്ന പ്രതീക്ഷയാണ് ബിജെപിക്ക് ഉള്ളത്. ഇതിൻ്റെ ഭാഗമായി പഞ്ചാബിലെ സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകൾക്കായി ആറംഗ സമിതിയെ ബിജെപി ഉൾപ്പെടുന്ന മുന്നണി നിയോഗിച്ചു.

അമരീന്ദർ സിംഗിൻ്റെയും സുഖദേവ് സിംഗിൻ്റെയും പാർട്ടിയിലെ അംഗങ്ങളും ബിജെപി അംഗങ്ങളും ഉൾപ്പെടുന്ന ആറംഗ സമിതിക്കാണ് മുന്നണി രൂപം നൽകിയിരിക്കുന്നത്. സംസ്ഥാനത്തെ സീറ്റ് വിഭജനം സംബന്ധിച്ച് അന്തിമതീരുമാനം എടുക്കുന്നത് ഈ കമ്മിറ്റി ആയിരിക്കും. അതേസമയം, കോൺഗ്രസിനുള്ളിൽ തുടരുന്ന പടലപ്പിണക്കം സംസ്ഥാനത്തെ തുടർഭരണ സാധ്യത പാർട്ടിക്ക് ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. എന്നാൽ പ്രഖ്യാപിച്ച വാഗ്ദാനങ്ങളോട് ജനങ്ങൾ അനുകൂല നിലപാട് സ്വീകരിച്ചത് എന്ന ആത്മവിശ്വാസത്തിലാണ് ആം ആദ്മി പാർട്ടിയും ഉള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here