ജിഫ്രി തങ്ങള്‍ക്കെതിരെ അധിക്ഷേപ പോസ്റ്റ്; ലീഗ് വയനാട് ജില്ലാ സെക്രട്ടറിക്കെതിരെ വന്‍ പ്രതിഷേധം

ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് നേരെ വധഭീഷണിയുണ്ടായ വാര്‍ത്തയുടെ കമന്റിലാണ് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി യഹ്യാഖാന്‍ തലക്കല്‍ അധിക്ഷേപ പോസ്റ്റിട്ടത്.’വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാന്‍ ചില ചെപ്പടിവിദ്യകള്‍,നാണക്കേട്’എന്നായിരുന്നു കമന്റ്.

സിറാജ് പത്രത്തിന്റെ ഓണ്‍ലൈന്‍ വാര്‍ത്തയുടെ ഫേസ്ബുക്ക് ലിങ്കിലാണ് ലീഗ് അണികളുടെ കൂട്ട ആക്ഷേപങ്ങള്‍ക്കൊപ്പം ലീഗ് ജില്ലാ നേതാവും ഒപ്പം ചേര്‍ന്നത്.സമസ്തയില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരിക്കുകയാണ് സംഭവം.

സയ്യിദുല്‍ ഉലമയെ അവഹേളിക്കുന്നത് നോക്കിനില്‍ക്കില്ലെന്ന് എസ് കെ എസ് എസ് എഫ് വയനാട് ജില്ലാക്കമ്മറ്റി പ്രതിഷേധ കുറിപ്പിറക്കി. ലീഗ് യഹ്യാഖാനെ തിരുത്തണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.തുടര്‍ച്ചയായി ജിഫ്രി തങ്ങളെ ജില്ലാ സെക്രട്ടറി ആക്ഷേപിക്കുകയാണെന്ന് തെളിവുകള്‍ ഉള്‍പ്പെടെ പോസ്റ്റ് ചെയ്ത് ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. ലീഗില്‍ തന്നെ പരസ്യ പ്രതിഷേധവും രൂപപ്പെട്ടതോടെ പോസ്റ്റ് യഹ്യാഖാന്‍ പിന്‍ വലിച്ചു.

ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെയാണ് താന്‍ കമന്റിട്ടതെന്നും ഒരു കൂട്ടര്‍ അത് തെറ്റിദ്ധരിപ്പിക്കാന്‍ ഉപയോഗിക്കുകയാണ് എന്നുമാണ് വിശദീകരണം. സമസ്തയുടെ ആദരണീയ നേതാവിനെ ഭീഷണിപ്പെടുത്തിയത് ആരാണെങ്കിലും അവരെ നിയമത്തിനുമുന്നില്‍ എത്തിക്കണമെന്നുകൂടി അദ്ദേഹം വിശദീകരണ കുറിപ്പില്‍ പറയുന്നുണ്ട്.

എന്നാല്‍ ഇദ്ദേഹത്തിന്റെ മുന്‍ പോസ്റ്റുകളിലും ഇത്തരത്തിലുള്ള ആക്ഷേപങ്ങളുള്ളതിനാല്‍ പാര്‍ട്ടി ഇടപെട്ട് നടപടിയെടുക്കണമെന്നാണ് ആവശ്യമുയരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here