ആഫ്രിക്കൻ നാഷൻസ് കപ്പ് ; ജനുവരി 9 ന് കാമറൂണിൽ കിക്കോഫ്

പുതുവർഷത്തിന്‍റെ തുടക്കത്തിൽ കാൽപ്പന്ത് കളി പ്രേമികളെ കാത്തിരിക്കുന്നത് ആഫ്രിക്കൻ വൻകരയിലെ ഏറ്റവും വലിയ ഫുട്ബോൾ ചാമ്പ്യൻഷിപ്പായ ആഫ്രിക്കൻ നാഷൻസ് കപ്പാണ്.ടൂർണമെൻറിന് ജനുവരി 9 ന് കാമറൂണിൽ കിക്കോഫാകും.

ആഫ്രിക്കൻ വൻകരയിലെ ഫുട്ബോൾ മഹാമാമാങ്കത്തെ വരവേൽക്കുന്ന തിരക്കിലാണ് കാമറൂൺ. സെനഗലിനെ തോൽപ്പിച്ച അൾജീരിയയാണ് നിലവിലെ ചാമ്പ്യന്മാർ. ഏഴ് തവണ കപ്പിൽ മുത്തമിട്ട ഈജിപ്താണ് ടൂർണമെന്റിൽ കൂടുതൽ തവണ ജേതാക്കളായത്.

6 ഗ്രൂപ്പുകളിലായി 24 ടീമുകൾ പ്രാഥമിക റൌണ്ടിൽ മാറ്റുരക്കും. നിലവിലെ ചാമ്പ്യന്മാരായ അൾജീരിയ ഐവറികോസ്റ്റ് ഉൾപ്പെട്ട ഇ ഗ്രൂപ്പിലും റണ്ണേഴ്സപ്പായ സെനഗൽ ബി ഗ്രൂപ്പിലുമാണ്. പ്രഥമ ഫിഫ അറബ് കപ്പിൽ ജേതാക്കളായാണ് അൾജീരിയയുടെ വരവ്.

യൂറോപ്പിലെ ഗ്ലാമർ ക്ലബ്ബുകളിൽ നിന്നുമായി വമ്പൻ താരങ്ങൾ ടൂർണമെന്റിനെത്തും. ലിവർപൂൾ താരങ്ങളായ മുഹമ്മദ് സലാഹ് ഈജിപ്തിനും സാദിയോ മാനേ സെനഗലിനും നാബി കെയ്റ്റ ഗിനിയക്കും മാഞ്ചസ്റ്റർ സിറ്റി സൂപ്പർ താരം റിയാദ് മഹ്റെസ് അൾജീരിയക്കും കളിക്കും.

ചെൽസി ഗോളി എഡ്വാർഡ് മെൻഡിയും സെനഗൽ നിരയിലുണ്ടാകും. ലാലീഗ, ബുണ്ടസ് ലീഗ, സീരി എ ഉൾപ്പെടെയുള്ള ലീഗുകളിൽ നിന്നും വമ്പൻ താരങ്ങൾ ടൂർണമെൻറിനുണ്ട്. കാമറൂണിയൻ ദേശീയ പതാകയുടെ പച്ച – ചുവപ്പ് – മഞ്ഞ നിറങ്ങളിൽ വസ്ത്രം ധരിച്ച യുവ സിംഹമായ മോളയാണ് ആഫ്രിക്കൻ നാഷൻസ് കപ്പിന്റെ ഭാഗ്യചിഹ്നം.

സാഹോദര്യത്തെ സൂചിപ്പിക്കുന്ന മോള ഫെലിക്സ് ഫോൺകുവയുടെ സൃഷ്ടിയാണ്. ഭൂഖണ്ഡത്തിന്റെ ഫുട്ബോൾ പ്രേമം വിളിച്ചോതുന്ന ആഫ്രിക്ക സ്മൈൽ ആണ് ഔദ്യോഗിക ഗാനം. ടൂർണമെന്റിന്റെ മുപ്പത്തിമൂന്നാമത് എഡിഷന് ജനുവരി 9 ന് തുടക്കമാകും.

ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ കാമറൂൺ ബുർക്കിനഫാസോയെ നേരിടും. ഇന്ത്യൻ സമയം രാത്രി 9:30 ന് ഒലെമ്പെ സ്റ്റേഡിയത്തിലാണ് മത്സരം. രാത്രി 12.30 ന് എ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ എത്യോപ്യ കേപ് വെർദെയെ നേരിടും.

ജനുവരി 21 വരെയായി 36 മത്സരങ്ങൾ ഗ്രൂപ്പ് ഘട്ടത്തിൽ നടക്കും. ജനുവരി 23 മുതൽ 27 വരെ പ്രീക്വാർട്ടർ മത്സരങ്ങളും ജനുവരി 29 മുതൽ 31 വരെ ക്വാർട്ടർ ഫൈനലുകളും അരങ്ങേറും. ഫെബുവരി 3 നും നാലിനുമാണ് സെമി പോരാട്ടങ്ങൾ. ഫെബുവരി ആറിന് ഒലെമ്പെ സ്റ്റേഡിയത്തിലാണ് വൻകരയുടെ കിരീടാവകാശിയെ നിർണയിക്കുന്ന ത്രില്ലർ പോരാട്ടം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News