പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം: വിചാരണാ നടപടികൾക്ക് ഇന്ന് തുടക്കം

പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിൽ വിചാരണാ നടപടികൾക്ക് ഇന്ന് തുടക്കമാകും. 52 പേരാണ് കേസിലെ പ്രതികൾ. പരവൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് വിചാരണ ആരംഭിക്കുന്നത്.

2016 ഏപ്രിൽ 10ന് പുലർച്ചെ 3.30നായിരുന്നു പുറ്റിങ്ങൽ ദേവീക്ഷേത്രത്തിലെ ഉത്സവത്തിനിടെ വെടിക്കെട്ട് അപകടമുണ്ടായത്. അപകടത്തിൽ 110 പേർ മരിക്കുകയും 750 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ക്ഷേത്ര ഭാരവാഹികളും വെടിക്കെട്ട് നടത്തിയവരുമാണ് അപകടത്തിന് കാരണക്കാർ എന്നാണ് കുറ്റപത്രം. ഇത്ര വലിയ വെടിക്കെട്ട് നടത്തരുതെന്ന നിർദേശം ഉദ്യോഗസ്ഥർ വാക്കാലും രേഖാമൂലവും നൽകിയിരുന്നു. എന്നാൽ ഇത് പാലിക്കാൻ ക്ഷേത്ര ഭരണസമിതി ഭാരവാഹികളോ വെടിക്കെട്ട് നടത്തിപ്പുകാരോ തയ്യാറായിട്ടില്ലെന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്നു.

ദുരന്തത്തിൽ 2.75 കോടിയുടെ പൊതുമുതൽ നശിക്കുകയും നൂറുകണക്കിന് വീടുകൾക്ക് പൂർണ്ണമായും ഭാഗികമായും നാശമുണ്ടാക്കുകയും ചെയ്തു. ഹാജരാകുന്ന പ്രതികൾക്ക് ഇന്ന് കുറ്റപത്രത്തിന്റെ ഡിജിറ്റൽ പകർപ്പ് നൽകും.

59 പ്രതികളിൽ ഏഴ് പേർ മരണപ്പെട്ടു. 450 തൊണ്ടി മുതലുകളും 1678 സാക്ഷികളും 1800 ഓളം രേഖകളും ഉൾപ്പെടുന്നതാണ് കുറ്റപത്രം. ക്രൈംബ്രാഞ്ച് എസ്പി ഷാജഹാനാണ് കുറ്റപത്രം സമർപ്പിച്ചത്. അഡ്വക്കേറ്റ് പാരിപ്പള്ളി രവീന്ദ്രനാണ് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here