വാളയാർ കേസ് ; അസത്യ പ്രചാരണങ്ങളുടെ മുനയൊടിയുന്നു

വാളയാർ കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചതോടെ നാളുകൾ നീണ്ട അസത്യ പ്രചാരണങ്ങളുടെ മുനയാണൊടിയുന്നത്. പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയ കാര്യങ്ങളാണ് സി ബി ഐ അന്വേഷണത്തിലും കണ്ടെത്തിയിരിക്കുന്നത്. കുപ്രചാരണങ്ങൾ തകർന്നുവെന്നും സർക്കാരിന്റെയും പാർട്ടിയുടെയും ആത്മാർത്ഥത തെളിഞ്ഞുവെന്നും സി പി ഐ എം വ്യക്തമാക്കി.

വാളയാർ കേസിന്റെ തുടക്കം മുതൽ സി പി ഐ എമ്മിനും എൽഡിഎഫ് സർക്കാരിനുമെതിരെ ആസൂത്രിതമായ അപവാദ പ്രചാരണമാണ് നടന്നത്. കുടുംബത്തിനൊപ്പമാണെന്നും സർക്കാരും സിപിഐഎമ്മും ആവർത്തിച്ച് വ്യക്തമാക്കിയപ്പോ‍ഴും അസത്യപ്രചാരണം തുടർന്നു കൊണ്ടേയിരുന്നു.

2017 ൽ പ്രായപൂർത്തിയാവാത്ത സഹോദരിമാരെ പീഡനത്തിനിരയായി മരിച്ച നിലയിൽ കണ്ടെത്തിയതു മുതൽ കുടുംബത്തിന് നീതി ലഭ്യമാക്കുന്നതിനാവശ്യമായ ഇടപെടലുകളാണ് ഇടതുപക്ഷവും സർക്കാരും സ്വീകരിച്ചത്. അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്ത് മാറ്റി നിർത്തി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു. 2019 ഒക്ടോബറിൽ കുറ്റം തെളിയിക്കാനാവാതെ പാലക്കാട് പോക്സോ കോടതി പ്രതികളെ വെറുതെ വിട്ടപ്പോൾ ഹൈക്കോടതിയിൽ നിന്ന് പുനർ വിചാരണക്കും തുടരന്വേഷത്തിനും അനുമതി നേടിയെടുത്തതും സംസ്ഥാന സർക്കാരാണ്.

ഒരു വർഷത്തിനകം വിചാരണാ കോടതി വിധി റദ്ദാക്കി പുനരന്വേഷണത്തിന് ഉത്തരവിടുന്നത് നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിലാദ്യമാണ്. പോക്‌സോ കോടതിയിൽ പ്രോസിക്യൂഷന്‌ വീഴ്‌ചയുണ്ടായെന്ന്‌ കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ റിട്ട. ജസ്‌റ്റിസ്‌ പി കെ ഹനീഫയെ അന്വേഷണ കമീഷനായി നിയമിച്ചു.

കുടുംബത്തിന്റെ ആവശ്യമംഗീകരിച്ച് കേസ് സിബിഐക്ക് വിട്ടു. വിശദമായ സാക്ഷിമൊഴികളെടുത്ത് ഡമ്മി പരീക്ഷണമുൾപ്പെടെയുള്ള ശാസ്ത്രീയ പരിശോധന നടത്തി സിബിഐ നടത്തിയ അന്വേഷണത്തിലും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയതിൽ കൂടുതലായി ഒന്നും കണ്ടെത്താനായില്ല.

കൊലപാതകത്തിന് തെളിവ് ലഭിച്ചില്ല. പുതിയ പ്രതികളില്ല. ആദ്യ അന്വേഷണ സംഘത്തിന് വീ‍ഴ്ച പറ്റിയതായി കുറ്റപത്രത്തിൽ പറയുന്നില്ല. പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയ കാര്യങ്ങൾ സിബിഐയും ഉറപ്പിച്ചതോടെ കുടുംബത്തിന് നീതി ലഭിക്കുന്നതിന് മുന്നിൽ നിന്ന സർക്കാരിൻറെയും പാർടിയുടെയും നിലപാട് അംഗീകരിക്കപ്പെട്ടുവെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രൻ പറഞ്ഞു.

പെൺകുട്ടികളുടെ കുടുംബത്തെ തെറ്റിദ്ധരിപ്പിച്ച് സമരരംഗത്തിറക്കി. അമ്മയെ തിരഞ്ഞെടുപ്പിൽ ധർമടത്ത് മത്സരിപ്പിച്ചു. തിരഞ്ഞെടുപ്പിന് തൊട്ടുമുന്പ് അമ്മയെ മുൻനിർത്തി കേരളയാത്ര നടത്തുകയും വിവിധ മണ്ഡലങ്ങളിൽ തെറ്റായ കാര്യങ്ങൾ പറഞ്ഞ് പ്രചാരണത്തിനിറക്കുകയും ചെയ്തു.

കുടുംബത്തിന് നീതി ലഭിക്കണമെന്നതിനുമപ്പുറം വാളയാർ സംഭവത്തെ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ ആയുധമെന്ന നിലയിലാണ് പ്രതിപക്ഷം ഉപയോഗിച്ചത്. രാഷ്ട്രീയ ലക്ഷ്യത്തോടെയും മറ്റു താത്പര്യങ്ങളോടെയും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കെട്ടിയുയർത്തിയ നുണക്കോട്ടയാണ് ഇപ്പോൾ തകർന്നു വീ‍ഴുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News