വയനാട് അമ്പലവയലിൽ വയോധികനെ കൊന്ന് മൃതദേഹം ചാക്കിൽക്കെട്ടി ഉപേക്ഷിച്ച സംഭവത്തിൽ തെളിവെടുപ്പ് നടന്നു. രാവിലെ 10.15-ഓടെയാണ് കൊല്ലപ്പെട്ട മുഹമ്മദിന്റെ വീട്ടിൽ തെളിവെടുപ്പ് തുടങ്ങിയത്. പൊലീസിൽ കീഴടങ്ങിയ പെൺകുട്ടികളുടെ മാതാവിനെയും സംഭവസ്ഥലത്ത് എത്തിച്ചിരുന്നു.
മുഹമ്മദിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കോടാലിയും വെട്ടുകത്തിയും വീട്ടിൽനിന്ന് പൊലീസ് കണ്ടെടുത്തു.തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം മാതാവിനെ കോടതിയിലും രണ്ട് പെൺകുട്ടികളെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിലും ഹാജരാക്കി.
കഴിഞ്ഞ ദിവസം വൈകീട്ടാണ് അമ്പലവയലിലെ കൊലപാതക വിവരം പുറത്തറിയുന്നത്. മാതാവിനെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ മുഹമ്മദിനെ കോടാലി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു 14-ഉം 16-ഉം വയസുള്ള പെൺകുട്ടികൾ പൊലീസിനോട് പറഞ്ഞത്.
കൊല്ലപ്പെട്ട മുഹമ്മദിന്റെ ബന്ധുക്കളാണ് ഇവർ. മുഹമ്മദിന്റെ വീട്ടിലായിരുന്നു പെൺകുട്ടികളും മാതാവും താമസിച്ചുവന്നിരുന്നത്. സംഭവത്തിന് ശേഷം പെൺകുട്ടികളിലൊരാളാണ് പൊലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞത്. തുടർന്ന് ഡിവൈ.എസ്.പി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി മൃതദേഹം കണ്ടെടുക്കുകയായിരുന്നു.
മുറിച്ചുമാറ്റിയ കാൽ അമ്പലവയൽ ആശുപത്രിക്കുന്ന് പരിസരത്തുനിന്നാണ് കണ്ടെടുത്തത്. അതേസമയം, മുഹമ്മദിന്റെ കൊലപാതകത്തിൽ ആരോപണവുമായി ആദ്യഭാര്യ സക്കീന രംഗത്തെത്തിയിട്ടുണ്ട്. ഭർത്താവിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയതാണെന്നാണ് ആരോപണം.
കൊലപാതകത്തിന് മറ്റാരുടെയോ സഹായം ലഭിച്ചിട്ടുണ്ടെന്നും സക്കീന പറഞ്ഞു.ഇതോടെ സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം. കൃത്യത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നകാര്യം അന്വേഷിക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.