കിറ്റക്സ് ജീവനക്കാർ പൊലീസിനെ ആക്രമിച്ച സംഭവം; ,ലേബർ കമ്മീഷണർ നേരിട്ടെത്തി തെളിവെടുപ്പ് നടത്തി

കിറ്റക്സ് ജീവനക്കാർ പൊലീസിനെ ആക്രമിച്ച സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ ,ലേബർ കമ്മീഷണർ നേരിട്ടെത്തി തെളിവെടുപ്പ് നടത്തി. കമ്പനി തൊഴിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്ന തൊഴിൽ മന്ത്രിയുടെ നിർദേശപ്രകാരമായിരുന്നു പരിശോധന.

ഇതര സംസ്ഥാനക്കാർ താമസിക്കുന്ന ക്യാമ്പിലും വനിതാ ഹോസ്റ്റലിലുമായിരുന്നു തെളിവെടുപ്പ്. പരിശോധനാ റിപ്പോർട്ട് ഉടൻ മന്ത്രിയ്ക്ക് സമർപ്പിക്കുമെന്ന് ലേബർ കമ്മീഷണർ അറിയിച്ചു.

കിറ്റക്സ് ജീവനക്കാർ പൊലീസിനെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ലേബർ ക്യാമ്പിൽ തൊഴിൽ വകുപ്പ് പരിശോധന നടത്തിയത്. തൊഴിൽ നിയമങ്ങൾ പാലിച്ചാണോ കമ്പനി പ്രവർത്തിക്കുന്നത് എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ലേബർ കമ്മീഷണർക്ക് തൊഴിൽ മന്ത്രി വി.ശിവൻകുട്ടി നിർദേശം നൽകിയിരുന്നു. ഇതെത്തുടർന്നാണ് ലേബർ കമ്മീഷണർ എസ് ചിത്രയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം കിറ്റക്സിലെ ലേബർ ക്വാർട്ടേഴ്സിൽ നേരിട്ടെത്തി പരിശോധന നടത്തിയത്.

തൊഴിലാളികൾക്ക് താമസിക്കാൻ മതിയായ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടോയെന്നും അർഹമായ വേതനം ലഭിക്കുന്നുണ്ടൊയെന്നും ലേബർ കമ്മീഷണർ തൊഴിലാളികളോട് നേരിട്ട് ചോദിച്ചറിഞ്ഞു.ഇതിന് ശേഷം വനിതാ ജീവനക്കാരുടെ ഹോസ്റ്റലിലെത്തിയും പരിശോധന നടത്തി.

കമ്പനിയിലെ തൊഴിലാളികളുടെയും ജീവനക്കാരുടെയും കൃത്യമായ കണക്ക് സംബന്ധിച്ചതുൾപ്പടെയുള്ള രേഖകളും ലേബർ കമ്മീഷണർ പരിശോധിച്ചു.മാനേജ്മെൻ്റ് പ്രതിനിധികളിൽ നിന്നും വിവര ശേഖരണവും നടത്തി.കിറ്റക്സിലെ പരിശോധനാ റിപ്പോർട്ട് ഉടൻ തൊഴിൽ മന്ത്രിക്ക് സമർപ്പിക്കുമെന്ന് ലേബർ കമ്മീഷണർ എസ് ചിത്ര പറഞ്ഞു.

കിറ്റക്സിലെ ലേബർ ക്വാർട്ടേഴ്സുകളിൽ ഉൾക്കൊള്ളാവുന്നതിലും അധികം പേരെ താമസിപ്പിച്ചിരിക്കുകയാണെന്നും അവർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നില്ലെന്നും നേരത്തെ ആക്ഷേപമുയർന്നിരുന്നു. ഇതെ തുടർന്ന് അന്ന് തൊഴിൽ വകുപ്പ് പരിശോധന നടത്തിയപ്പോൾ കിറ്റക്സ് എംഡി സാബു ജേക്കബ് ശക്തമായി എതിർക്കുകയും വിവാദമാക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News