കിറ്റെക്സ് ജീവനക്കാർ പൊലീസിനെ ആക്രമിച്ച സംഭവം; സംശയത്തിൻ്റെ മുന മാനേജ്മെൻ്റിലേയ്ക്കും

കിറ്റെക്സ് ജീവനക്കാർ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ  സംശയത്തിൻ്റെ മുന മാനേജ്മെൻ്റിലേയ്ക്കും. സംഭവ ദിവസം കമ്പനി എം ഡി യുടെയും ഉയർന്ന തലത്തിലുള്ള ചില ജീവനക്കാരുടെയും നടപടികൾ സംശയാസ്പദമാണ് എന്ന  വിലയിരുത്തലിലാണ് അന്വേഷണ സംഘം. അന്വേഷണത്തോട് സഹകരിക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കാൻ മാനേജ്മെൻറ് ശ്രമിക്കുന്നുണ്ടെങ്കിലും പോലീസ് അത് മുഖവിലക്കെടുത്തിട്ടില്ല.

അന്വേഷണം പുരോഗമിക്കുമ്പോൾ മാനേജ്മെൻ്റിൻ്റെ വാദങ്ങൾ ഒന്നൊന്നായി പൊളിയുകയാണ്. അതിനാൽ തന്നെ അന്വേഷണ സംഘത്തിൻ്റെ ചോദ്യങ്ങൾക്ക് എം ഡി ബാബു ജേക്കബ് മറുപടി നൽകേണ്ടി വരും. പോലീസ് ജീപ്പ് കത്തിച്ച സംഭവം ദൃക്സാക്ഷി വിവരണം പോലെ വിവരിച്ചതാണ് സാബുവിന് കുരുക്കായത്

വളരെ സിംപിളായാണ്  തൻ്റെ ജീവനക്കാർ പോലീസ് ജീപ്പ് കത്തിച്ചതെന്നും ഒരു മണിക്കൂറിലധികം എടുത്തു ജീപ്പിൽ തീ പടരാൻ എന്നും, എന്ത് കൊണ്ട് ഫയർഫോഴ്സ് എത്തിയില്ല എന്നുമാണ് സാബുവിൻ്റെ ചോദ്യം. എന്നാൽ ആ സമയം മുഴുവൻ കിറ്റെക്സ് കമ്പനിയുടെ അഗ്നിശമന വാഹനം തൊട്ടടുത്ത് കമ്പനി കോമ്പൗണ്ടിൽ ഉണ്ടായിരുന്നു.

എന്ത് കൊണ്ട് കമ്പനിയുടെ  അഗ്നിശമന വാഹനം ഉപയോഗിച്ച്  തീയണക്കാൻ നിർദ്ദേശിച്ചില്ല. മാത്രവുമല്ല എ സി ബസ് അടക്കം കമ്പനിയുടെ നിരവധി വാഹനങ്ങൾ സംഭവസമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നു. അക്രമാസക്തരായ ജീവനക്കാർ ആ വാഹനങ്ങളെ  തൊട്ടില്ല എന്നതും ചില സംശയങ്ങൾ ഉയർത്തുന്നതായി പോലീസ് പറയുന്നു. മാത്രവുമല്ല

ജീവനക്കാർ തമ്മിൽ തർക്കം ആരംഭിച്ചപ്പോൾ തന്നെ സെക്യൂരിറ്റി ജീവനക്കാർ തന്നെ അറിയിച്ചിരുന്നു എന്ന്  കിറ്റെക്സ് എം ഡി വാർത്താതാ സമ്മേളനത്തിൽ സമ്മതിച്ചിരുന്നു.  പിന്നീട് മൂന്നര മണിക്കൂർ സ്വന്തം ജീവനക്കാർ അഴിഞ്ഞാടിയിട്ടും ഒരു തവണ പോലും സാബു ജേക്കബ് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചില്ല.

കമ്പനിയിലെ എച്ച് ആർ മേധാവിയെ പോലീസ് അങ്ങോട്ട് വിളിച്ചെങ്കിലും അയാൾ പോലീസിനോട് സംസാരിക്കാൻ പോലും തയ്യാറായില്ല. സംഭവത്തിലുള്ള മാനേജ്മെൻ്റിൻ്റെ നിലപാടിനെ പോലീസ് സംശയത്തോടെ സമീപിക്കാനുള്ള കാരണവും ഇതൊക്കെയാണ്.

സംഭവത്തിന് ശേഷം കമ്പനി എം ഡി സ്വീകരിച്ച നിലപാടും ദുരൂഹത വർദ്ധിപ്പിച്ചു. അന്വേഷണം  ശരിയായ ദിശയിൽ അല്ല എന്നാണ് സാബു ജേക്കബിൻ്റെ ആരോപണം. പിടിയിലായവർ പ്രതികളല്ലെന്നും , അവർക്ക് നിയമ സഹായം നൽകും എന്നുമുള്ള പ്രഖ്യാപനത്തെ ഗൗരവത്തോടെയാണ് അന്വേഷണ സംഘം കാണുന്നത്.

ആക്രമണത്തിന് നേതൃത്വം നൽകിയ ജാർഖണ്ഡ് സ്വദേശി മുങ്ങി എന്നും അത് പോലീസിൻ്റെ വീഴ്ചയാണ് എന്നും സാബു ജേക്കബ് ആരോപിച്ചിരുന്നു. സംഭവത്തിന് ശേഷം 48 മണിക്കുർ ഈ ജാർഖണ്ഡ് സ്വദേശി കമ്പനിക്ക് ഉള്ളിൽ ഉണ്ടായിരുന്നു എന്ന് പോലീസിന് വ്യക്തമായി. ഈ സാഹചര്യത്തിലാണ് മാനേജ്മെമെൻ്റിൻ്റെ വാദങ്ങൾ പൂർണ്ണമായി തള്ളുന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here