ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ മുതല്‍ മിന്നല്‍ മുരളി വരെ; 2021 ലെ മികച്ച മലയാള സിനിമകള്‍

2020 പോലെത്തന്നെ കോവിഡും ലോക്ക്ഡൗണും സിനിമാ മേഖലയ്ക്ക് കനത്ത പ്രഹരമാണ് ഏല്‍പ്പിച്ചത്. ഒന്നാം കൊവിഡ് ലോക്ക്ഡൗണിന് ശേഷം ഏറെ പ്രതീക്ഷകളോടെയായിരുന്നു 2021 ല്‍ കേരളത്തില്‍ തിയേറ്ററുകള്‍ തുറന്നത് എന്നാല്‍ 2021 മാര്‍ച്ച് കഴിഞ്ഞതോടെ തിയേറ്ററുകള്‍ വീണ്ടും പൂട്ടേണ്ടി വന്നു. പിന്നീട് മാസങ്ങള്‍ക്ക് ശേഷമാണ് തിയേറ്ററുകള്‍ വീണ്ടും തുറന്നത്. മലയാള സിനിമ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ചിത്രം ഒ.ടി.ടിയിലൂടെ റിലീസ് ചെയ്തത് 2021 ല്‍ ആയിരുന്നു.

86 സിനിമകളാണ് ഡിസംബര്‍ 24 വരെ മലയാളത്തില്‍ റിലീസ് ചെയ്തത്. അവയില്‍ പല ചിത്രങ്ങളെയും പ്രേക്ഷകര്‍ ഇരും കൈയും നീട്ടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ വന്‍ ഹൈപ്പ് നല്‍കി റിലീസായ പല ചിത്രങ്ങളും പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും 2021ലേക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ പ്രേക്ഷകര്‍ ആഘോഷമാക്കിയ പ്രധാനപ്പെട്ട ചില മലയാളചിത്രങ്ങളേതൊക്കെയാണെന്ന് നോക്കാം.

ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍

ജിയോ ബേബി സംവിധാനം ചെയ്ത് സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’. ജനുവരി 15 ന് നീസ്ട്രീം എന്ന ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’, ചിത്രം കൈകാര്യം ചെയ്തിരിക്കുന്ന രീതി കൊണ്ട് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ലോക്ക് ഡൗണ്‍ കാലത്ത് ചെറിയ ചുറ്റുപാടില്‍ നിന്ന് പൂര്‍ത്തീകരിച്ച ചിത്രം വളരെ പെട്ടന്നാണ് ആഗോള തലത്തില്‍ പോലും ചര്‍ച്ച ചെയ്യപ്പെടുന്ന സ്ഥിതിയിലേക്ക് എത്തിയത്. ഒരു സ്ത്രീയുടെ വിവാഹ ശേഷം ഭര്‍ത്താവിന്റെ വീട്ടില്‍ നടക്കുന്ന കാര്യങ്ങളെ വളരെ റിയലിസ്റ്റിക്കായി കൈകാര്യം ചെയ്ത ചിത്രമായിരുന്നു ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. സമൂഹത്തിലെ ആണധികാരത്തെയും സ്ത്രീ വിരുദ്ധതയേയും ചോദ്യം ചെയ്തുകൊണ്ട് യാഥാര്‍ത്ഥ്യത്തിന്റെ ഇരുപക്ഷത്തു നിന്നും പ്രേക്ഷകനെ ചിന്തിപ്പിച്ച സിനിമയായിരുന്നു ഇത്.

വെള്ളം

നീണ്ട ഇടവേളയ്ക്ക് ശേഷം 2021-ല്‍ തിയേറ്ററില്‍ എത്തിയ ആദ്യ മലയാള ചിത്രമാണ് പ്രജേഷ് സെന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത വെള്ളം: ദ എസന്‍ഷ്യല്‍ ഡ്രിങ്ക്. ജയസൂര്യ, സംയുക്ത മേനോന്‍, ശ്രീലക്ഷ്മി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. ജനുവരി 22-നാണ് ചിത്രം റിലീസ് ചെയ്തത്. കണ്ണൂര്‍ സ്വദേശിയായ മുരളിയുടെ ജീവിതമായിരുന്നു സിനിമയുടെ പ്രമേയം. മികച്ച നടനുള്ള പുരസ്‌കാരവും ചിത്രത്തിലെ പ്രകടനത്തിലൂടെ ജയസൂര്യയെ തേടിവന്നു.

ദൃശ്യം 2

2013-ല്‍ പുറത്തിറങ്ങിയ ‘ദൃശ്യം’ എന്ന മലയാളം കണ്ട എക്കാലത്തെയും മികച്ച സിനിമയുടെ രണ്ടാം ഭാഗമായി മോഹന്‍ലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത ത്രില്ലര്‍ ചലച്ചിത്രമാണ് ദൃശ്യം 2? The Resumption. ആശിര്‍വാദ് സിനിമാസിനു വേണ്ടി ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ചിത്രം 2021 ഫെബ്രുവരി 19-നു ആമസോണ്‍ പ്രൈം വീഡിയോയിലൂടെ റിലീസ് ചെയ്തത്. മീന, അന്‍സിബ ഹസ്സന്‍, എസ്തര്‍ അനില്‍, സിദ്ദിഖ്, മുരളി ഗോപി, ആശ ശരത്, സായികുമാര്‍ എന്നിവരാണു ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.

ജോജി

ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ‘ജോജി’ ഏപ്രില്‍ 7 ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്റെ അന്യായ എഴുത്തും ദിലീഷ് പോത്തന്റെ കിടിലന്‍ ഡയറക്ഷനും ഫഹദിന്റെ അഴിഞ്ഞാട്ടവും അടങ്ങിയ ഒരു മാസ്റ്റര്‍പീസ് ഐറ്റമാണ് ജോജിയെന്നാണ് പ്രേക്ഷക പ്രതികരണം. ഫഹദ് ഫാസിലിന് പാന്‍ഇന്ത്യന്‍ ലെവലില്‍ അഭിനന്ദനം നേടികൊടുത്ത ചിത്രം കൂടിയായിരുന്നു ജോജി. ഷേക്സ്പിയറിന്റെ മാക്ബത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ദിലീഷ് പോത്തന്‍ അണിയിച്ചൊരുക്കിയ ജോജിയില്‍ ഫഹദ് ഫാസിലിനൊപ്പം ബാബുരാജ്, പി എന്‍ സണ്ണി, ബേസില്‍ ജോസഫ്, ഉണ്ണിമായ പ്രസാദ്, ജോജി മുണ്ടക്കയം, ഷമ്മി തിലകന്‍, അലിസ്റ്റര്‍ അലക്സ് തുടങ്ങിയ നീണ്ട താരനിര തന്നെയുണ്ട്.

ഹോം

ഇന്ദ്രന്‍സിനെ കേന്ദ്രകഥാപാത്രമാക്കി റോജിന്‍ തോമസ് സംവിധാനം ചെയ്ത ഹോമിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ആമസോണ്‍ പ്രൈമിലൂടെ റിലീസായ ചിത്രത്തില്‍ ശ്രീനാഥ് ഭാസി, മഞ്ജു പിള്ള, കൈനകരി തങ്കച്ചന്‍, നസ്ലിന്‍ എന്നിവരായിരുന്നു മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
കോവിഡ് പ്രതിസന്ധിയുടെ പരിമിതികള്‍ക്കുള്ളിലാണ് ‘ഹോം’ പൂര്‍ണമായും ചിത്രീകരിച്ചത്. ഏകദേശം 80 ശതമാനത്തോളം ചിത്രീകരണം വീട് കേന്ദ്രീകരിച്ചായിരുന്നു. സിനിമയില്‍ ഇന്ദ്രന്‍സ് അവതരിപ്പിച്ച ഒലിവര്‍ ട്വിസ്റ്റ് എന്ന കഥാപാത്രവും വലിയ പ്രശംസ നേടി.

തിങ്കളാഴ്ച നിശ്ചയം

മലയാളത്തില്‍ ഏറെ ചര്‍ച്ചയായ സിനിമയാണ് ‘തിങ്കളാഴ്ച നിശ്ചയം’. ഒരു സര്‍പ്രൈസ് ഹിറ്റ് എന്ന് തീര്‍ത്ത് പറയാവുന്ന ചിത്രം സംവിധാനം ചെയ്തത് സെന്ന ഹെഗ്ഡെയാണ്. കാസര്‍ഗോഡ് പശ്ചാത്തലമാക്കിയെടുത്ത ഈ സിനിമയിലൂടെ കഴിവുറ്റ ഒരുപിടി പുതുമുഖങ്ങളെയാണ് മലയാള സിനിമയ്ക്ക് ലഭിച്ചത്. അന്‍പത്തിയൊന്നാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച രണ്ടാമത്തെ സിനിമയ്ക്കും മികച്ച കഥയ്ക്കുമുള്ള പുരസ്‌കാരവും തിങ്കളാഴ്ച നിശ്ചയം നേടിയിരുന്നു.

ചുരുളി

2021ല്‍ സോഷ്യല്‍മീഡിയ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത ചിത്രമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി. 19 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് എസ്. ഹരീഷാണ്. ഒരിക്കലും പ്രതീക്ഷിക്കാനാവാത്ത ഭ്രാന്തമായ പ്രവചനാതീതമായ അനുഭവമാണ് ചുരുളി പ്രേക്ഷകര്‍ക്ക് നല്‍കിയത്.

കുറുപ്പ്

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതം അടിസ്ഥാനമാക്കി ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍സംവിധാനം ചെയ്ത ചിത്രമാണ് ‘കുറുപ്പ്’. ഫിലിം റെപ്രസെന്റേറ്റീവായ ചാക്കോയെ കൊന്നതിന് ശേഷം കാണാമറയത്ത് ഒളിക്കുന്ന കുറുപ്പും കുറുപ്പിനെ തേടിയുള്ള ഡി വൈ എസ് പി കൃഷ്ണദാസിന്റെ അന്വേഷണവുമാണ് കഥയെ മുന്നോട്ടുനയിക്കുന്നത്. സുകുമാര കുറുപ്പ് ആയി ദുല്‍ഖര്‍ സല്‍മാന്‍ എത്തുമ്പോള്‍ ഡി വൈ എസ് പി കൃഷ്ണദാസ് ആയി ഇന്ദ്രജിത് സുകുമാരനും ഒപ്പത്തിനൊപ്പം നില്‍ക്കുന്നു. കേരളം ഇന്നും ചര്‍ച്ച ചെയ്യുന്ന സുകുമാരക്കുറുപ്പായി ചിത്രത്തില്‍ ദുല്‍ഖര്‍ നിറഞ്ഞാടുകയാണ്. മലയാള സിനിമയില്‍ അടുത്തകാലത്തൊന്നും ഇത്രയും വ്യത്യസ്തത നിറഞ്ഞ ഒന്നിലേറെ ഗെറ്റപ്പുകളില്‍ ഒരു താരം എത്തിയിട്ടുണ്ടാകില്ല. കുറുപ്പായി അതി ഗംഭീര വേഷപ്പകര്‍ച്ചയിലാണ് ദുല്‍ഖര്‍ എത്തിയിരിക്കുന്നത്.

ജാന്‍ എ മന്‍

നടന്‍ ഗണപതിയുടെ സഹോദരന്‍ ചിദംബരം എസ്.പി സംവിധാനം ചെയ്ത ചിത്രമാണ് ജാന്‍-എ-മാന്‍. ലാല്‍, അര്‍ജ്ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, ബേസില്‍ ജോസഫ്, ഗണപതി, സിദ്ധാര്‍ത്ഥ് മേനോന്‍, റിയ സൈറ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. നീണ്ട ഇടവേളയ്ക്കുശേഷം തിയേറ്ററുകള്‍ വീണ്ടും സജീവമാകുമ്പോള്‍ മനസ് നിറഞ്ഞ് പൊട്ടിച്ചിരിക്കാനുള്ള വക കരുതുന്നുണ്ട് ‘ജാന്‍ എ മന്‍’.

മിന്നല്‍മുരളി

ടൊവീനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് മിന്നല്‍ മുരളി. ടൊവീനോ ഒരു സൂപ്പര്‍ ഹീറോ ആയി അഭിനയിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. ജയ്സണ്‍ എന്നാണ് ടൊവീനോയുടെ കഥാപാത്രത്തിന്റെ പേര്. ഇടിമിന്നലേറ്റ് അസാധാരണ ശക്തി കൈവരിച്ച് ജയ്സണ്‍ സൂപ്പര്‍ ഹീറോ ആയി മാറുന്നതാണ് കഥ. തൊണ്ണൂറുകളാണ് സിനിമയുടെ കഥാപശ്ചാത്തലം. തമിഴ് താരം ഗുരു സോമസുന്ദരം, അജു വര്‍ഗീസ്, ബൈജു, മാമുക്കോയ, ഫെമിന ജോര്‍ജ് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.

ഈ പറഞ്ഞ സിനിമകളൊടൊപ്പം തന്നെ ജനഹൃദയങ്ങള്‍ കീഴക്കിയ സിനിമകളാണ് ഓപ്പറേഷന്‍ ജാവ, കള, ബിരിയാണി, നായാട്ട്, സാറാസ്, മാലിക്, അനുഗ്രഹീതന്‍ ആന്റണി, കുരുതി, കുഞ്ഞാലി മരക്കാര്‍, അജഗജാന്തരം, മധുരം തുടങ്ങിയ സിനിമകള്‍.

മലയാള സിനിമാ ലോകത്തിന് കോവിഡിന്റെ പിടിയില്‍ നിന്നും ഇത് ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ കാലമാണ്. വരും വര്‍ഷവും ചിരിക്കാനും ചിന്തിക്കാനും ചര്‍ച്ചചെയ്യാനും കഴിയുന്ന ഒരുപാട് നല്ല സിനിമകള്‍ക്കായി കാത്തിരിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here