മനുഷ്യൻ കടന്നുവന്ന വഴികളെക്കുറിച്ച് അറിയാൻ ചരിത്രബോധമുണ്ടാവുക പ്രധാനം; സ്പീക്കർ

കേരള നിയമസഭാ സെക്രട്ടേറിയറ്റിന്റെ പരിശീലന വിഭാഗമായ കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്ററിന്റെ (പാർലമെന്ററി സ്റ്റഡീസ്) [K-LAMPS (PS)] ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ‘സമഗ്ര ശിക്ഷ കേരളയുടെ’ പ്രാദേശിക ചരിത്രരചന സംസ്ഥാനതല വിജയികളായ വിദ്യാർത്ഥികൾ നിയമസഭാ സ്പീക്കർ എം.ബി രാജേഷുമായി കൂടിക്കാഴ്ച നടത്തി.

പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പങ്കെടുത്തു. നിയമസഭാ സെക്രട്ടറി എസ്. വി. ഉണ്ണികൃഷ്ണൻ നായർ ഭരണഘടനയുടെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ക്ലാസ് എടുത്തു. സമഗ്രശിക്ഷ കേരള സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ. എ.പി. കുട്ടികൃഷ്ണൻ, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ജയപ്രകാശ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു. കെ-ലാംപ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടർ മഞ്ജു വർഗ്ഗീസ് സ്വാഗതം പറഞ്ഞു.

ഭരണഘടനയെക്കുറിച്ച് ധാരണ ഉണ്ടാവുക അത്യാവശ്യമാണെന്നും ഭാരതത്തെ ആധുനികതയിലേക്ക് നയിക്കുന്നത് ഭരണഘടനയാണെന്നും രാജ്യസ്‌നേഹത്തിന്റെ യഥാർത്ഥ മാനദണ്ഡം ഭരണഘടനയോട് കൂറ് പുലർത്തുക എന്നതാണെന്നും സ്പീക്കർ അഭിപ്രായപ്പെട്ടു. നിരവധി വൈവിദ്ധ്യങ്ങളും വൈജാത്യങ്ങളും നിറഞ്ഞ രാജ്യമാണ് നമ്മുടേതെന്നും ‘നാനാത്വത്തിൽ ഏകത്വം’ എന്നതാണ് ഇന്ത്യയുടെ പ്രത്യേകത എന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യൻ കടന്നുവന്ന വഴികളെക്കുറിച്ച് അറിയുവാൻ ചരിത്രബോധമുണ്ടാകുക പ്രധാനമാണെന്നും ചരിത്രബോധം, ശാസ്ത്രബോധം, യുക്തിചിന്ത, വിമർശനബുദ്ധി എന്നിവ ഉള്ളവരായി പുതുതലമുറ വളർന്നുവരട്ടെയെന്നും സ്പീക്കർ ആശംസിച്ചു. സ്‌കൂളുകളിൽ പഠന യാത്രകൾ സംഘടിപ്പിക്കുമ്പോൾ അവ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിലാകാൻ അധ്യാപകർ ശ്രദ്ധിക്കണമെന്ന് സ്പീക്കർ സൂചിപ്പിച്ചു. ചരിത്രത്തിന്റെ അറിയപ്പെടാത്ത ഏടുകൾ കണ്ടെത്തുവാൻ ചരിത്ര രചനയിലൂടെ കഴിയട്ടെയെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് കാലഘട്ടത്തിലും കേരളത്തിലെ പൊതുവിദ്യാഭ്യാസം ഡിജിറ്റൽ രീതിയിലൂടെ സജീവമായിരുന്നുവെന്നും കഴിഞ്ഞ അഞ്ച് വർഷക്കാലം വിദ്യാഭ്യാസ മേഖലയിൽ കേരളം നടത്തിയ മുന്നേറ്റം തുടർന്നുള്ള വർഷങ്ങളിലും ഉണ്ടാകുമെന്നും ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുമ്പോൾ കേരളത്തിന്റേതായ പാഠ്യപദ്ധതി നടപ്പാക്കുന്നതിൽ ശ്രദ്ധ ചെലുത്തുമെന്നും വി ശിവൻകുട്ടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here