പോണേക്കര ഇരട്ടക്കൊലപാതകം; റിപ്പർ ജയാനന്ദന്‍റെ തെളിവെടുപ്പ് നടത്തി

പോണേക്കര ഇരട്ടക്കൊലപാതക കേസിൽ 17 വർഷത്തിനു ശേഷം പിടിയിലായ പ്രതി റിപ്പർ ജയാനന്ദന്‍റെ തെളിവെടുപ്പ് നടത്തി. എറണാകുളം പോണേക്കരയിലെ കൃത്യം നടന്ന വീട്ടിലെത്തിച്ചായിരുന്നു തെളിവെടുപ്പ്. കൊലനടത്താനായി എത്തിയവഴിയും, കൊല നടത്തിയ രീതിയും ജയാനന്ദൻ ക്രൈം ബ്രാഞ്ച് സംഘത്തോട് വിവരിച്ചു.

2004 മെയ് 30നാണ് പോണേക്കര ചേന്ദംകുളങ്ങര ക്ഷേത്രത്തിന് സമീപം കോശേരി ലെയ്നിൽ താമസിക്കുന്ന 72 വയസുള്ള വൃദ്ധയെയും, 60 വയസുകാരനായ സഹോദരപുത്രനെയും റിപ്പർ ജയാനന്ദൻ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ജയാനന്ദൻ്റെ കൊലപാതക പരമ്പരയിലെ ആദ്യ കേസുകളില്‍ ഒന്നായിരുന്നു ഇത്.

മറ്റ് കൊലപാതക കേസുകളിൽ ശിക്ഷിക്കപ്പെട്ട് തടവിൽ കഴിയുന്നതിനിടെ സഹതടവുകാരനോടാണ് ഇടപ്പള്ളിയിലെ ഇരട്ടക്കൊലപാതകം നടത്തിയതും താനാണെന്ന് ജയാനന്ദൻ വെളിപ്പെടുത്തിയത്. കരിക്ക് വിൽപ്പനക്കാരനായി ഈ വഴിയെല്ലാം വന്നിട്ടുള്ള ജയാനന്ദൻ മറ്റൊരു വീട്ടിൽ മോഷണത്തിന് ശ്രമിക്കുന്നതിനിടെ വീടുടമ കാണുകയും, ഇവിടെ നിന്ന് ഓടി കൃത്യം നടന്ന വീടിനരികിൽ എത്തുകയുമായിരുന്നു.

പുറത്തിറങ്ങിയ വൃദ്ധയുടെ സഹോദരപുത്രന് പിന്നാലെയെത്തി വീടിന് അകത്ത് കടന്നു. പിന്നിട് ഇരുവരെയും തലയ്ക്കടിച്ചും, വെട്ടിയും കൊലപ്പെടുത്തി. കൊലപാതകം നടത്താനെത്തിയ വഴിയും, ഒളിച്ചിരുന്ന സൺ ഷെയ്ഡ് ഭാഗവും, കൊല നടത്തിയ രീതിയും റിപ്പർ ജയാനന്ദൻ ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നിൽ വിശദീകരിച്ചു.

അന്നത്തെ സാക്ഷികളെല്ലാം ജയാനന്ദനെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും, കൊലപ്പെടുത്തിയ സ്ത്രീകൾക്കെതിരെ ലൈംഗിക അതിക്രമങ്ങൾ നടത്തിയിരുന്നുവെന്നും ക്രൈംബ്രാഞ്ച് ഡി വൈ എസ് പി – വൈ ആർ റെസ്റ്റം പറഞ്ഞു. കൊലപാതകത്തിന് ശേഷം വീട്ടിലുണ്ടായിരുന്ന സ്വർണവും, വെള്ളിയും കവർന്നായിരുന്നു ജയാനന്ദന്‍ കടന്നത്. പോണേക്കര ഇരട്ടക്കൊലക്കേസ് കൂടി തെളിഞ്ഞതോടെ ജയാനന്ദനെതിരായ കൊലപാതക കേസുകളുടെ എണ്ണം പത്തായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News