കെ റെയില്‍ പദ്ധതിക്ക് പ്രവാസി കുടുംബങ്ങളുടെ പിന്തുണ തേടി സമീക്ഷ യുകെ

കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്ന കെ റെയില്‍ എന്ന അതിവേഗ റെയില്‍വേ പദ്ധതിക്ക് ലോക പ്രവാസി കുടുംബങ്ങളുടെ പിന്തുണ അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്,
സമീക്ഷ യുകെ എന്ന യുകെയിലെ ഇടതുപക്ഷ കലാ സാംസ്‌കാരിക സംഘടന . കേരളത്തിലെ പ്രതിപക്ഷവും ബിജെപിയും പദ്ധതിയെ കുറിച്ച് കുപ്രചാരണങ്ങള്‍ നടത്തി ജനങ്ങളില്‍ അനാവശ്യ ഭീതിപടര്‍ത്താന്‍ ശ്രമിക്കുകയാണ്. വലതുപക്ഷ മാധ്യമങ്ങളും ഇവര്‍ക്കൊപ്പം ചേര്‍ന്നിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും നടത്തുന്ന നുണ പ്രചാരണങ്ങള്‍ ജനം തള്ളിക്കളയണം എന്നും സമീക്ഷ അഭ്യര്‍ത്ഥിച്ചു .

‘നവകേരളം സൃഷ്ടിക്കാനായാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. കേരളം ഇതുവരെ നേടിയ നേട്ടങ്ങളെ സംരക്ഷിക്കുകയും, പോരായ്മകള്‍ പരിഹരിച്ച് മുന്നോട്ടുപോകുകയുമാണ് ഇതിലൂടെ ലക്ഷ്യംവയ്ക്കുന്നത്. പശ്ചാത്തല സൗകര്യവികസന രംഗത്ത് ഇനിയും മുന്നോട്ടുപോയെങ്കില്‍ മാത്രമേ കേരളം നേരിടുന്ന വികസന പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ കഴിയുകയുള്ളൂ.

നിലനില്‍ക്കുന്ന ലോക വ്യവസ്ഥയുടെ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നുകൊണ്ടും സംസ്ഥാന സര്‍ക്കാരിന്റെ പരിമിതിക്കകത്ത് നിന്നുകൊണ്ടും ഇത് പരിഹരിക്കാനുള്ള നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.

കള്ള പ്രചാരണത്തിലൂടെ നാടിന്റെ വികസനത്തെ പിന്നോട്ടടിക്കുന്ന വികസന വിരോധികളെ ജനം തിരിച്ചറിയണം. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ദേശീയ പാതകളിലെയും റെയില്‍വേട്രാക്കുകളിലെയും ഗതാഗതം 30 ശതമാനം മുതല്‍ 40 ശതമാനം വരെ കേരളത്തില്‍ മന്ദഗതിയിലാണ്.

എറണാകുളം – തിരുവനന്തപുരം യാത്രയ്ക്ക് 6 മണിക്കൂര്‍ വരെ എടുക്കുന്നു. അതിവേഗ പാത വന്നുകഴിഞ്ഞാല്‍ ഒന്നര മണിക്കൂറിനുള്ളില്‍ ഇവിടെ എത്തിച്ചേരാനാവും. തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് ജോലി ചെയ്ത് മടങ്ങാന്‍ പറ്റുന്ന സാഹചര്യം ഇത് സൃഷ്ടിക്കും.

കേരളത്തിന്റെ ഒരു ഭാഗത്ത് നിന്ന് മറുഭാഗത്തേക്ക് ചികിത്സയ്ക്കും മറ്റാവശ്യങ്ങള്‍ക്കുമായി യാത്ര ചെയ്യുന്നവര്‍ക്ക് ഒരു ദിവസം കൊണ്ട് ഉദ്ദിഷ്ടകാര്യം ചെയ്ത് മടങ്ങാനാവും. ഇതുവഴി പ്രതിദിന മനുഷ്യസമയ ലാഭം ഏറെയാണ്. ഇവ മറ്റു തരത്തില്‍ പ്രയോജനപ്പെടുത്താനാവും. അത് നാടിന്റെ വികസനത്തിന് സഹായകവുമാണ്.

ഇതിനെല്ലാം നല്‍കേണ്ടിവരുന്ന ചാര്‍ജ്ജാവട്ടെ സാധാരണക്കാരന് താങ്ങാന്‍പറ്റുന്നതുമാണ്. ഇത്തരത്തില്‍ ജനജീവിതത്തിനു ഉതകുന്ന ഒരു പദ്ധതിക്ക് പിന്തുണനല്‍കേണ്ടത് നാടിന്റെ വികസനങ്ങള്‍ക്ക് എക്കാലവും എല്ലാ പിന്തുണയും നല്‍കിയിട്ടുള്ള പ്രവാസി സമൂഹത്തിന്റെ കടമയാണ് . ലോകത്തില്‍ അങ്ങോളം ഇങ്ങോളമുള്ള മറ്റു പ്രവാസി സംഘടനകളും പദ്ധതിയെ പിന്തുണച്ചു മുന്നോട്ടു വരണം’ എന്നും സമീക്ഷ യുകെ അഭ്യര്‍ത്ഥിച്ചു .

ഓരോ പ്രവാസി കുടുംബങ്ങളും കേരളത്തിന്റെ സ്വപ്നപദ്ധതിയായ കെ റെയില്‍ നടപ്പാക്കുന്നതിനു വേണ്ടി, കേരളത്തിലെ പിണറായി സര്‍ക്കാറുമായി സഹകരിക്കണമെന്നും സമീക്ഷ യുകെ നാഷണല്‍ സെക്രട്ടറി സഖാവ് ദിനേശ് വെള്ളാപ്പള്ളി അഭ്യര്‍ത്ഥിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here