സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിന്‍റെ പേരിൽ കെ മുരളീധരൻ എംപിക്കെതിരെ രൂക്ഷവിമർശനവുമായി പി.കെ ശ്രീമതി. സ്വന്തം മകളുടെ പ്രായമുള്ള ഒരു പെൺകുട്ടിയോട് കെ. മുരളീധരൻ എംപി എന്തിനാണിങ്ങനെ പകയോടെ പെരുമാറുന്നത്? തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെ പിന്തുടർന്ന് വാക്കുകൾ കൊണ്ട് വേട്ടയാടുന്നത് മര്യാദയല്ലെന്ന് ശ്രീ. മുരളീധരനോട് പറയാൻ കോൺഗ്രസ്സിലാരുമില്ലെങ്കിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെങ്കിലും അത് പറഞ്ഞുകൊടുക്കണമെന്നും പികെ ശ്രീമതി തന്റെ ഫേസ്ബുക്കിൽ കുറിച്ചു.
രാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ മേയറുടെ ഡ്രൈവർക്കുണ്ടായ ഒരു പിശകിന് മേയറെ പഴിക്കുന്നത് എന്തിനാണ്? മേയറല്ലല്ലോ വാഹനം ഓടിക്കുന്നത്. മുരളീധരന്റെ ഡ്രൈവർക്ക് തെറ്റുപറ്റിയാൽ പഴി മുരളീധരനാണോ എന്നും പികെ ശ്രീമതി ചോദിച്ചു.
ഫേസ്ബുക്ക് കുറുപ്പിന്റെ പൂർണരൂപം ഇങ്ങനെ:
സ്വന്തം മകളുടെ പ്രായമുള്ള ഒരു പെൺകുട്ടിയോട് കെ. മുരളീധരൻ എംപി എന്തിനാണിങ്ങനെ പകയോടെ പെരുമാറുന്നത്? തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെ പിന്തുടർന്ന് വാക്കുകൾ കൊണ്ട് വേട്ടയാടുന്നത് മര്യാദയല്ലെന്ന് ശ്രീ. മുരളീധരനോട് പറയാൻ കോൺഗ്രസ്സിലാരുമില്ലെങ്കിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെങ്കിലും അത് പറഞ്ഞുകൊടുക്കണം. രാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ മേയറുടെ ഡ്രൈവർക്കുണ്ടായ ഒരു പിശകിന് മേയറെ പഴിക്കുന്നത് എന്തിനാണ്? മേയറല്ലല്ലോ വാഹനം ഓടിക്കുന്നത്. മുരളീധരന്റെ ഡ്രൈവർക്ക് തെറ്റുപറ്റിയാൽ പഴി മുരളീധരനാണോ?
രാഷ്ട്രപതി എത്ര വാത്സല്യത്തോടെയാണ് ആര്യയോട് പെരുമാറിയത്. ആര്യയെപ്പോലൊരു പെൺകുട്ടിയോട് രാഷ്ട്രപതി കാണിച്ച വാത്സല്യവും സ്നേഹവുമൊന്നും മുരളീധരനിൽ നിന്ന് പ്രതീക്ഷിക്കുന്നില്ല. അതിനുള്ള ഹൃദയവിശാലതയും നന്മയുമൊന്നും മുരളിക്കില്ലെന്ന് അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കുന്ന ആർക്കും മനസ്സിലാകും. എങ്കിലും പകയും ശത്രുതയും ഇങ്ങനെ പരസ്യമായി പ്രകടിപ്പിക്കാതിരിക്കയെങ്കിലും ചെയ്തുകൂടേ ? മുഖ്യമന്ത്രിക്കും ശ്രീ. ശശി തരൂർ എംപിക്കുമെതിരെ അദ്ദേഹം നടത്തുന്ന പ്രസ്താവനകളും അതിരുവിടുന്നുവെന്ന് ദയവായി ആരെങ്കിലും അദ്ദേഹത്തെ ഉപദേശിക്കണം. മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമർശങ്ങൾ അന്ധവിശ്വാസത്തിലും വിദ്വേഷത്തിലും നിന്നുണ്ടായതാണ്. സംഘപരിവാറുകാർ ശബരിമല പ്രക്ഷോഭകാലത്തും മറ്റും പറഞ്ഞത് തന്നെയാണിപ്പോൾ മുരളിയും ആവർത്തിക്കുന്നത്. മഹാകഷ്ടം!!
ശകുനവും വിശ്വാസവുമൊക്കെ പറഞ്ഞ് മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന മുരളി സോണിയാഗാന്ധി കോൺഗ്രസ്സിന്റെ പതാക ഉയർത്തുമ്പോൾ പൊട്ടിവീണതിനെ എങ്ങനെ കാണുമെന്ന് ഞാൻ ഭയപ്പെടുന്നു. സോണിയാഗാന്ധിയെയും അപശകുനമായി കണക്കാക്കുമോ? സോണിയയെ പണ്ട് മദാമ്മ എന്ന് വിളിച്ചാക്ഷേപിച്ചയാളാണല്ലോ മുരളി. അതോർത്താൽ ആര്യയെ ആക്ഷേപിച്ചതിൽ അത്ഭുതമില്ല. ശകുനം പിഴച്ച സ്ഥിതിക്ക് കോൺഗ്രസിന്റെ പതനം ഭയന്ന് മുരളി ഇനി ബി ജെ പിയിൽ ചേരുമോ? അവിടെയാണ് തന്റെ ഭാഗ്യം എന്ന് കരുതുന്നുണ്ടാവുമോ? തരൂരിനെപ്പോലുള്ളവരെ താങ്ങാനുള്ള ശേഷി കോൺഗ്രസിനില്ലെന്ന മുരളിയുടെ പ്രസ്താവനയിൽ കാര്യമില്ലാതില്ല. സ്വന്തം അഭിപ്രായവും ലോക പരിചയവും വിശാല വീക്ഷണവുമുള്ളവരെയൊന്നും സുധാകര-മുരളിമാരെപ്പോലുള്ള ഇടുങ്ങിയ മനഃസ്ഥിതിക്കാർ മാത്രമുള്ള കോൺഗ്രസ്സിന് താങ്ങാൻ മാത്രമല്ല, സഹിക്കാനുമാവില്ല. പക്ഷെ, മുരളി മനസിലാക്കേണ്ട ഒരു കാര്യമുണ്ട്; സംസ്കാരമുള്ള ഒരു ജനതക്ക് മുരളിയേയും സഹിക്കാൻ വലിയ ബുദ്ധിമുട്ടായിക്കൊണ്ടിരിക്കയാണ്.
ADVERTISEMENT
അതേസമയം, തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെ പരിഹസിച്ച് കഴിഞ്ഞ ദിവസമാണ് കെ.മുരളീധരൻ രംഗത്തെത്തിയത്. തിരുവനന്തപുരം മേയർക്ക് വിവരമില്ലെന്നായിരുന്നു പരാമർശം. കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്ത് എത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വാഹനവ്യൂഹത്തിലേക്ക് മേയറുടെ കാർ കയറിപ്പോയെന്ന വാർത്ത ഉന്നയിച്ചാണ് മുരളീധരൻ മേയർക്കെതിരെ അതിരൂക്ഷവിമർശനം നടത്തിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.