തനതായ അഭിനയ ശൈലിയിലൂടെ വ്യത്യസ്ത തലമുറകളുടെ മനസ്സില്‍ ഇടം നേടിയ അഭിനേതാവായിരുന്നു ജി കെ പിള്ള; മുഖ്യമന്ത്രി

പ്രശസ്ത സിനിമ – സീരിയല്‍ നടന്‍ ജി കെ പിള്ളയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. തനതായ അഭിനയ ശൈലിയിലൂടെ വ്യത്യസ്ത തലമുറകളുടെ മനസ്സില്‍ ഇടം നേടിയ അഭിനേതാവായിരുന്നു ജികെ പിള്ള.

ആറു പതിറ്റാണ്ടിലേറെ നീണ്ട അദ്ദേഹത്തിന്‍റെ അഭിനയ ജീവിതം ബ്ലാക്ക് ആന്‍റ് വൈറ്റ് ചലച്ചിത്രങ്ങള്‍ മുതല്‍ ടെലിവിഷന്‍ സീരിയലുകള്‍ വരെ വ്യാപിച്ച് നില്‍ക്കുന്നതാണെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിക്കെ ഇന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലായിരുന്നു ജി കെ പിള്ളയുടെ അന്ത്യം. വിടവാങ്ങിയത് ആറര പതാറ്റാണ്ടുകാലമായി മലയാള സിനിമാ-സീരിയലില്‍ നിറഞ്ഞുനിന്ന നടനായിരുന്നു.

തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയിലെ ഇടവയില്‍ ജനിച്ച ജികെ പിള്ള തിക്കുറിശ്ശി മുതല്‍ ദിലീപുവരെയുള്ള നായകന്മാര്‍ക്കൊപ്പം മലയാള സിനിമയില്‍ നിറഞ്ഞുനിന്ന നടനാണ്. ജി കേശവപിള്ളയെന്ന ജി കെ പിള്ളയുടെ സ്‌കൂള്‍ വിദ്യാഭ്യാസം മലയാളത്തിന്റെ നിത്യഹരിത നായന്‍  പ്രേം നസീര്‍ പഠിച്ച അതേ സ്‌കൂളിലായിരുന്നു.

 ജി കെ പിള്ള വില്ലനായി ഏറ്റവും കൂടുതല്‍ അഭിനയിച്ചതും നസീര്‍ നായകനായ സിനിമകളില്‍ തന്നെ. സിനിമയില്‍ എത്താന്‍  പ്രേംനസീറാണ് പ്രചോദനം. സത്യന്‍, നസീര്‍, കൊട്ടാരക്കര, കെ പി ഉമ്മര്‍, മധു, രാഘവന്‍, വിന്‍സന്റ്, സുധീര്‍, സുകുമാരന്‍, സോമന്‍, ജയന്‍,  മമ്മൂട്ടി, മോഹന്‍ലാല്‍ ഇവരുടെയെല്ലാം തുടക്കക്കാലത്തിനു സാക്ഷിയായി ജി.കെ പിള്ളയും ഉണ്ടായിരുന്നു.

വടക്കന്‍പാട്ട് സിനിമകളില്‍ യോദ്ധാവായും വില്ലനായും അദ്ദേഹം തിളങ്ങി. ഡ്യൂപ്പുകളുടെ സഹായമില്ലാതെ തന്നെ വാള്‍പ്പയറ്റും മല്ലയുദ്ധവും കുതിര സവാരിയുമൊക്കെ  അനായാസം അദ്ദേഹത്തിന് വഴങ്ങി.

പതിനാറാംവയസ്സില്‍ പട്ടാളത്തില്‍ ചേര്‍ന്ന ജി കെ പിള്ള പതിമൂന്ന് വര്‍ഷത്തെ സൈനിക സേവനത്തിനുശേഷമാണ് സിനിമയില്‍ എത്തുന്നത്. 325  ചിത്രങ്ങളില്‍ അദ്ദേഹം വേഷമിട്ടു. 1954ല്‍ പുറത്തിറങ്ങിയ സ്‌നേഹസീമ ആണ് ആദ്യചിത്രം.

ജ്ഞാനസുന്ദരി, സ്ഥാനാര്‍ഥി സാറാമ്മ, തുമ്പോലാര്‍ച്ച, ലൈറ്റ്ഹൗസ്, കാര്യസ്ഥന്‍, പി ഭാസ്‌കരന്റെ നായര് പിടിച്ച പുലിവാല്‍ എന്ന ചിത്രമടക്കം നിരവധി ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. അവസാനകാലത്ത് മലയാളത്തിലെ നിരവധി സീരിയലുകളിലും അദ്ദേഹം വേഷമിട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News