കേന്ദ്ര സർക്കാരിനെ ഉപയോഗിച്ച് കേരളത്തിലെ വികസന പദ്ധതികൾ തകർക്കാൻ ശ്രമം നടക്കുന്നു; മുഖ്യമന്ത്രി

കേന്ദ്ര സർക്കാരിനെ ഉപയോഗിച്ച് കേരളത്തിലെ വികസന പദ്ധതികൾ തകർക്കാൻ ശ്രമം നടക്കുകയാണെന്ന് സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. യുഡിഎഫ് – ബി ജെ പി – ജമാ അത്തെ ഇസ്ലാമി കൂട്ടുകെട്ട് ഒരുമിച്ച് സർക്കാരിനെതിരെ നിൽക്കുകയാണെന്നും പിണറായി വിജയൻ പറഞ്ഞു.

സി പി ഐ എം പാലക്കാട് ജില്ലാ സമ്മേനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.

സർക്കാരിൻ്റെ വികസന ഇടപെടലിനെതിരെയാണ് യു ഡി എഫും ബി ജെ പി യും ജമാഅത്തെ ഇസ്ലാമിയും ഒരുമിച്ച് നീക്കം നടത്തുന്നത്. സംസ്ഥാനത്തിന്റെ പ്രധാന പദ്ധതിയായ കെ റെയിൽ തകർക്കാൻ ശ്രമം നടക്കുന്നു.

വികസനം വേണ്ട എന്ന നിലപാടാണ് ഇവർ സ്വീകരിക്കുന്നത്. കേന്ദ്ര സർക്കാരിനെ ഉപയോഗിച്ച് വികസന പദ്ധതികൾ തകർക്കാൻ ശ്രമിക്കുകയാണ്. രാഷ്ട്രീയ വിരോധം വച്ച് എല്ലാം എതിർക്കുന്നത് ജനം അംഗീകരിക്കില്ലെന്നും നാടിനാവശ്യമായ വികസനപദ്ധതികളുമായി സർക്കാർ മുന്നോട്ട് പോവുമെന്നും പിണറായി വിജയൻ പറഞ്ഞു.

ചെറിയ എതിർപ്പുകളെ പർവതീകരിക്കാൻ ആണ് ചില മാധ്യമങ്ങളുടെ ശ്രമം. വികസനം നടപ്പിലാക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുമെന്നും പുനരധിവാസം കൃത്യമായി നടപ്പിലാക്കുമെന്നും പിണറായി വിജയൻ വ്യക്തമാക്കി.

പിരായിരിയിലെ ടി ചാത്തു – കെ വി വിജയദാസ് നഗറിൽ മുതിർന്ന അംഗം സി ടി കൃഷ്ണൻ പതാക ഉയർത്തിയതോടെയാണ് പ്രതിനിധി സമ്മേളനത്തിന് തുടക്കമായത്. രക്ത സാക്ഷി സ്മൃതി കുടീരങ്ങളിൽ നിന്നെത്തി ദീപ ശിഖ ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ സമ്മേളന നഗരിയിൽ തെളിയിച്ചു.

സ്മൃതി മണ്ഡപത്തിൽ നേതാക്കളും പ്രതിനിധികളും പുഷ്പാർച്ചന നടത്തി.മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിൽ 218 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News