കുതിച്ചുയർന്ന് രാജ്യത്ത് ഒമൈക്രോൺ- കൊവിഡ് കേസുകൾ

രാജ്യത്ത് കുതിച്ചുയർന്ന് ഒമൈക്രോൺ- കൊവിഡ് കേസുകൾ. രാജ്യത്ത് 22,775 പേർക്ക് ആണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയിൽ കഴിയുന്ന കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിന് മുകളിലായി.

രാജ്യത്തെ ഒമൈക്രോൺ ബാധിതരുടെ എണ്ണം ആയിരത്തി അഞ്ഞൂറിനോട് അടുക്കുന്നു. രോഗവ്യാപനം കൂടിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ മഹാരാഷ്ട്രയാണ് മുൻപിൽ. അതേസമയം കൗമാരക്കാർക്കുള്ള വാക്സിനേഷൻ്റെ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു.

പുതുവർഷത്തിലും രാജ്യത്തെ ഒമൈക്രോൺ കൊവിഡ് കേസുകൾ കുതിച്ചുയരുകയാണ്. രാജ്യത്ത് ഇത് വരെ 1,431 പേർക്കാണ് ഒമൈക്രോൺ ബാധ സ്ഥിരീകരിച്ചത്. നിലവിൽ 23 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ആണ് വൈറസ് വകഭേദം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 5 സംസ്ഥാനങ്ങളിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 100ന് മുകളിലാണ്.

മഹാരാഷ്ട്രയ്ക്ക് പുറമെ ദില്ലി, തമിഴ്നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ ആണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗ വ്യാപനം ഏറ്റവും കൂടുതൽ ഉണ്ടായത്. 488 പേർ ഇത് വരെ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കൊവിഡ് കേസുകളും വർദ്ധിക്കുന്ന സാഹചര്യത്തിൽ വാക്സിനേഷൻ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാരിൽ നിന്ന് നിരന്തരം നിർദ്ദേശങ്ങൾ ലഭിക്കുന്നുണ്ട്. പുതുവത്സരാഘോഷത്തിന് കർശന വിലക്കായിരുന്നു രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ഉണ്ടായിരുന്നത്. പൊലീസ് നിരീക്ഷണം ശക്തിപ്പെടുത്തിയും കൂടുതൽ ആരോഗ്യപ്രവർത്തകരെ വിന്യസിച്ചും സംസ്ഥാന സർക്കാരുകൾ രോഗവ്യാപനത്തെ പ്രതിരോധിക്കുകയാണ്.

22,775 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 8,949 പേർ രോഗ മുക്തി നേടുകയും ചെയ്തതോടെ രാജ്യത്ത് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1,04,781 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് നടന്ന 406 മരണങ്ങളും കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

കൗമാരക്കാർക്കുള്ള വാക്സിനേഷൻ ആരംഭിക്കാൻ രണ്ടു ദിവസം മാത്രം ബാക്കിനിൽക്കെ രജിസ്ട്രേഷൻ നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. കൊവിൻ ആപ്പ് വഴി ലഭ്യമായ 2 വാക്സിനുകളിൽ ഏതു വേണമെന്ന് വാക്സിൻ സ്വീകരിക്കുന്നവർക്ക് തിരഞ്ഞെടുക്കാം എന്ന് കേന്ദ്രസർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.

15 വയസിനും 18 വയസിനും ഇടയിൽ ആധാർ കാർഡ് ഇല്ലാത്തവർക്ക് സ്കൂളിൽ നിന്നും ലഭിക്കുന്ന ഐഡി കാർഡ് ഉപയോഗിച്ച് വാക്സിനേഷന് രജിസ്റ്റർ ചെയ്യാം. പ്രായമായവർക്കും കൊവിഡ് മുൻനിര പോരാളികൾക്കുള്ള ബൂസ്റ്റർ ഡോസ് വാക്സിൻ വിതരണം ഈമാസം പത്തോടെ ആരംഭിക്കും. ഇതിൻറെ രജിസ്ട്രേഷൻ നടപടിയും വരും ദിവസങ്ങളിൽ ആരംഭിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News