ജനുവരി 9 ന് കാമറൂണിൽ ആരംഭിക്കുന്ന ആഫ്രിക്കൻ നാഷൻസ് കപ്പ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകളിലെ മിന്നും താരങ്ങളുടെ പ്രകടനം കൊണ്ടും ശ്രദ്ധേയമാകും. മുഹമ്മദ് സലാഹ്, സാദിയോ മാനേ, റിയാദ് മെഹ്റേസ് തുടങ്ങി വമ്പൻ താരങ്ങൾ ടൂർണമെൻറിൽ ബൂട്ടുകെട്ടും.
ആഫ്രിക്കൻ വൻകരയിലെ ഫുട്ബോൾ മഹാമാമാങ്കമാണ് പുതുവർഷത്തിൽ കാൽപന്ത് കളി പ്രേമികളെ വരവേൽക്കുന്ന ആദ്യ ടൂർണമെന്റ്. ഈ മാസം 9 ന് കാമറൂണിൽ കിക്കോഫാകുന്ന ആഫ്രിക്കൻ നാഷൻസ് കപ്പിൽ 24 ടീമുകൾ ആറ് ഗ്രൂപ്പുകളിലായി മാറ്റുരക്കും.
യൂറോപ്യൻ ക്ലബ്ബ് ഫുട്ബോളിലെ ഗ്ലാമർ ലീഗായി ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്നും ആകെ 32 താരങ്ങളാണ് ആഫ്രിക്കൻ വൻകരയിലെ ഫുട്ബോൾ മഹാമാമാങ്കത്തിൽ വിവിധ ടീമുകൾക്കായി ജഴ്സിയണിയുക.
വാറ്റ്ഫഡിൽ നിന്നുമാണ് ഏറ്റവും കൂടുതൽ താരങ്ങൾ. സെനഗൽ സൂപ്പർ താരം ഇസ്മയില സാർ ഉൾപ്പെടെ 5 താരങ്ങൾ വാറ്റ്ഫഡ് എഫ്.സിയിൽ നിന്നും ആഫ്രിക്കൻ നാഷൻസ് കപ്പിൽ ബൂട്ടുകെട്ടും.ആഴ്സണൽ , ലെസ്റ്റർ സിറ്റി എന്നീ ക്ലബ്ബുകളിൽ നിന്ന് നാല് താരങ്ങൾ വീതവും ലിവർപൂൾ, ആസ്റ്റൻവില്ല , ക്രിസ്റ്റൽ പാലസ്, എന്നീ ക്ലബ്ബുകളിൽ നിന്ന് മൂന്ന് വീതം താരങ്ങളും ടൂർണമെന്റിനെത്തും.
ലിവർപൂളിന്റെ സൂപ്പർ താരങ്ങളായ മുഹമ്മദ് സലാ ഈജിപ്തിനും സാദിയോ മാനേ സെനഗലിനും നാബി കെയ്റ്റ ഗിനിയയ്ക്കും കളിക്കും. മാഞ്ചസ്റ്റർ ക്ലബ്ബുകളായ യുണൈറ്റഡിൽ നിന്ന് ഐവറികോസ്റ്റ് താരം എറിക്ക് ബെയിലിയും സിറ്റിയിൽ നിന്ന് അൾജീരിയൻ താരം റിയാദ് മെഹ്റേസും ടൂർണമെൻറിനുണ്ട്.
എവർട്ടന്റെ നൈജീരിയൻ താരം അലെക്സ് ഇവോബി, ചെൽസിയുടെ സെനഗൽ താരം എഡ്വേർഡ് മെൻഡി , ക്രിസ്റ്റൽ പാലസിന്റെ ഐവറി കോസ്റ്റ് താരം വിൽഫ്രഡ് സാഹ എന്നിവരാണ് പ്രീമിയർ ലീഗിൽ നിന്നും ടൂർണമെൻറിൽ കളിക്കുന്ന മറ്റ് പ്രധാന താരങ്ങൾ .
പ്രഥമ ഫിഫ അറബ് കപ്പിൽ ജേതാക്കളായതിന് പിന്നാലെയാണ് മാഞ്ചസ്റ്റർ സിറ്റി താരം റിയാദ് മെഹ്റേസിന്റെ അൾജീരിയ ടീം ആഫ്രിക്കൻ നാഷൻസ് കപ്പിനെത്തുന്നത്. അൾജീരിയ തന്നെയാണ് ടൂർണമെന്റിൽ നിലവിലെ ചാമ്പ്യന്മാർ.
ജനുവരി 21 വരെയായി ഗ്രൂപ്പ് ഘട്ടത്തിൽ 36 മത്സരങ്ങൾ അരങ്ങേറും. ജനുവരി 23 മുതൽ 27 വരെ പ്രീക്വാർട്ടർ മത്സരങ്ങളും ജനുവരി 29 മുതൽ 31 വരെ ക്വാർട്ടർ ഫൈനലുകളും നടക്കും. ഫെബ്രുവരി 3 നും നാലിനുമാണ് സെമി ഫൈനലുകൾ. ഫെബ്രുവരി 6 ന് കാമറൂണിലെ ഒലെമ്പെ സ്‌റ്റേഡിയത്തിലാണ് ആഫ്രിക്കൻ വൻകരയുടെ കിരീടാവകാശിയെ നിർണ്ണയിക്കുന്ന ത്രില്ലർ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.