കമ്മ്യൂണിസ്റ്റ് പോരാളികൾക്ക് തമിഴകത്തിൻ്റെ ആദരം

കമ്മ്യൂണിസ്റ്റ് പോരാളികൾക്ക് തമിഴകത്തിൻ്റെ ആദരം. മദിരാശി മലയാളി സമാജം അംഗങ്ങളും ആദ്യകാല പാർട്ടി പ്രവർത്തകരുമായ മലയാളികളെ സി പി ഐ (എം) ചെന്നൈ സെൻട്രൽ ജില്ലാ കമ്മിറ്റി വീട്ടിലെത്തി ആഭരിച്ചു.വടകരയിലെ പി കുഞ്ഞപ്പയും, കൊച്ചിയിലെ വി കെ കൃഷ്ണൻ നായരും ആദരം ഏറ്റുവാങ്ങി.

അടിയന്തിരാവസ്ഥക്ക് മുമ്പ് സിപിഐ (എം) അംഗങ്ങളായിരുന്നവരെ പാർട്ടി കോൺഗ്രസ്സിൻ്റെ മുന്നോടിയായി ആദരിക്കാൻ, ചെന്നൈ സെൻട്രൽ ജില്ലാ കമ്മിറ്റി തീരുമാനിച്ചതിൻ്റെ ഭാഗമായാണ് തമിഴകത്തിൻ്റെ സ്നേഹാദരവ് മലയാളികളെ തേടി എത്തിയത്.

മദിരാശി കേരള സമാജത്തിന്റെ ദീർഘകാല പ്രവർത്തകൻ കൂടി ആയിരുന്ന വടകര മണിയൂർ പുത്തൻപുരയിൽ കുഞ്ഞപ്പയെ ചെന്നൈ സെൻട്രൽ ജില്ലാ സെക്രട്ടറി ജി ശെൽവയും കേരള സമാജം പ്രവർത്തകരും എളമ്പിലാട്ടെ വീട്ടിലെത്തി ആദരിച്ചു.

1958 മുതൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിലും പിന്നീട് സി പി ഐ (എം) ലും സജീവ പ്രവർത്തകനായിരുന്ന കുഞ്ഞപ്പ, എം ആർ എഫ് കമ്പനിയിൽ നിന്ന് വിരമിച്ച് 10 വർഷം മുമ്പാണ് നാട്ടിലെത്തിയത്.

1960 ൽ ബർമ്മാഷെൽ കമ്പനിയിൽ ജോലിക്കെത്തിയ വൈക്കം സ്വദേശി വി കെ കൃഷ്ണൻ നായരെ എറണാകുളം പാലാരിവട്ടത്തെ വീട്ടിലെത്തിയാണ് ആദരിച്ചത്. കമ്മ്യൂണിസ്റ്റ് പാർട്ടിയിലും കേരള സമാജത്തിലും ദീർഘകാല പ്രവർത്തകനായിരുന്നു കൃഷ്ണൻ നായർ.

തമിഴ്നാട്ടിലെ സി പി ഐ (എം) വളർച്ചയിൽ പങ്കാളികളായ മുൻ കാല പ്രവർത്തകരെ അംഗീകരിക്കുന്നതിൻ്റെ ഭാഗമായാണ് ആദരമെന്ന് ചെന്നൈ സെൻട്രൽ ജില്ലാ സെക്രട്ടറി ജി ശെൽവ പറഞ്ഞു.

മദിരാശി കേരള സമാജം ജനറൽ സെക്രട്ടറി തിരുവലത്ത് അനന്തൻ, ഭാരവാഹികളായ കുമ്പളങ്ങാട് ഉണ്ണികൃഷ്ണൻ, എം കെ എ അസീസ് തുടങ്ങിയവർ ചടങ്ങിനെത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News