മെസിയില്‍ പ്രതീക്ഷ അര്‍പ്പിച്ച് ആരാധകർ

ഫ്രഞ്ച് ലീഗ് പോയിന്റ് പട്ടികയിൽ പി.എസ്. ജി ഒന്നാമതാണെങ്കിലും ലയണൽ മെസി ഫോമിലല്ല. 12 ലീഗ് മത്സരങ്ങളിൽ നിന്നും മെസി നേടിയത് വെറും ഒരു ഗോൾ മാത്രമാണ്.

ബാഴ്സയിലെ നൂകാംപിൽ നിന്ന് പി എസ് ജി യുടെ പാർക്ക് ദേ പ്രിൻസസ് സ്‌റ്റേഡിയത്തിലേക്ക് കളം മാറ്റി ചവിട്ടിയെങ്കിലും കാൽ പന്ത് കളിയിലെ മിശിഹ ഫോമിന്റെ നാലയലത്തുപോലുമല്ല. ഇക്കഴിഞ്ഞ സെപ്തംബർ 29 ന് മാഞ്ചസ്റ്റർ സിറ്റിക്കെതിരെയുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിലായിരുന്നു പി എസ് ജി ജഴ്സിയിൽ മെസിയുടെ ആദ്യ ഗോൾ.

16 മത്സരങ്ങൾ ക്ലബ്ബിനായി കളിച്ച മെസിക്ക് നേടാനായത് 6 ഗോളുകൾ മാത്രം. ഇതിൽ 5 ഗോളും ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിലാണ് നേടിയത്. ഫ്രഞ്ച് ലീഗിൽ എംബാപ്പെ തകർപ്പൻ കളി കെട്ടഴിക്കുമ്പോൾ ഇനിയും താളം കണ്ടെത്താൻ ഈ 34 കാരനായിട്ടില്ല.

ഫ്രഞ്ച് ലീഗിൽ 12 മത്സരങ്ങൾ കളിച്ചപ്പോൾ നവംബർ 20 ന് നാന്റസിനെതിരെ നേടിയ ഒരൊറ്റ ഗോൾ മാത്രമാണ് മെസിയുടേതായി ഉള്ളത്. പി എസ് ജിയുടെ പുതു വർഷത്തിലെ ആദ്യ മത്സരം ഫ്രഞ്ച് കപ്പിൽ ജനുവരി നാലിന് വന്നെസിനെതിരെയാണ്.

ഫ്രഞ്ച് ലീഗിൽ ജനുവരി 9 ന് ലിയോണിനെ മെസിയുടെ പി എസ് ജി നേരിടും . മെസി ഫോമിലല്ലെങ്കിലും 19 മത്സരങ്ങളിൽ നിന്നും 14 ജയം ഉൾപ്പെടെ 46 പോയിനറുമായി പോയിന്റ് പട്ടികയിൽ ബഹുദൂരം ഒന്നാം സ്ഥാനത്താണ് പി.എസ്.ജി.

ഏതായാലും ഫ്രഞ്ച് ലീഗിലും ചാമ്പ്യൻസ് ലീഗിലും പുതുവർഷത്തിൽ മെസി ഗോളടിച്ചു കൂട്ടുമെന്ന വിശ്വാസത്തിലാണ് നാടെങ്ങുമുള്ള ആരാധകർ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here