കായികരംഗം പോയ വർഷം; ഒരു തിരിഞ്ഞുനോട്ടം

കായിക ലോകത്തെ സംഭവബഹുലമായ വർഷമായിരുന്നു 2021. കൊവിഡ് മൂലം 2020-ൽ നടക്കാതെ പോയ പല കായിക മാമാങ്കങ്ങളും നടന്നത് ഈ വർഷമാണ്. അതിനാൽ തന്നെ 2021 ആക്ഷനും ഇമോഷനും ഒരുപോലെ ഇടകലർന്ന കായിക വർഷമായിരുന്നു. ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ആരാധകരെ ഞെട്ടിച്ച് ക്ലബ്ബ് മാറിയതും യൂറോ കപ്പ് നടന്നതും ഒളിമ്പിക്സിലെ അത്ലറ്റിക്സിൽ ചരിത്രത്തിലാദ്യമായി നീരജ് ചോപ്ര ഇന്ത്യയ്ക്ക് സ്വർണ മെഡൽ സമ്മാനിച്ചതുമെല്ലാം ഈ 2021ൽ തന്നെ. 2021ലെ കായിക രംഗത്തെ പ്രധാന സംഭവങ്ങൾ ഒന്ന് തിരഞ്ഞു നോക്കി ഓർമ്മപ്പെടുത്താൻ ആണ് ഇവിടെ ശ്രമിക്കുന്നത്.

2021 ജനുവരി:

ഫുട്‌ബോൾ ലോകത്ത് രണ്ടു വലിയ പരിശീലക മാറ്റം കണ്ടാണ് 2021 ആരംഭിച്ചത്. ഇംഗ്ലീഷ് ക്ലബ്ബ് ടോട്ടനം ഹോട്ട്സ്പറിന്റെ മുൻപരിശീലകനായ മൌറീസിയോ പോച്ചെട്ടിനോ പി എസ് ജിയുടെ ചുമതല ഏൽക്കുന്നതും ഫ്രാങ്ക് ലമ്പാർഡ് മാറിയ ഒഴിവിൽ തോമസ് ടൂഷൽ ചെൽസിയുടെ പരിശീലകനായി സ്ഥാനമേറ്റതും ജനുവരിയിലാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം വെയ്ൻ റൂണി ഫുട്ബോളിൽ നിന്ന് വിരമിച്ച് ഡാർബി കൗണ്ടിയുടെ പരിശീലകനായി നിൽക്കാൻ തീരുമാനിച്ചതും ഈ മാസം തന്നെ.

പിന്നാലെ ജോസഫ് ബികാന്റെയുടെ പേരിലുള്ള പ്രൊഫഷണൽ കരിയറിൽ ഏറ്റവും കൂടുതൽ ഗോളുകൾ എന്ന റെക്കോർഡ് ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തംപേരിലാക്കി മാറ്റി. ബികാന്റെ 759 ഗോളുകൾ ആണ് 760ആം ഗോളോടെ റൊണാൾഡോ മറികടന്നത്.
കേരളത്തിൽ ഫുട്ബോൾ ലോകത്തെ വലിയ ഗ്രൂപ്പായ യുണൈറ്റഡ് ഗ്രൂപ്പ് ക്വാർട്സ് എഫ് സിയെ സ്വന്തമാക്കുകയും ആ ക്ലബ് കേരള യുണൈറ്റഡ് ആയി മാറുകയും ചെയ്തതും 2021 ലെ ആദ്യ മാസത്തിൽ തന്നെ. ഐ പി എൽ ക്രിക്കറ്റിൽ രാജസ്ഥാൻ റോയൽസ് സഞ്ജു സാംസണെ ക്യാപ്റ്റനായി നിയോഗിച്ചതും ഗാബ ടെസ്റ്റിൽ ഇന്ത്യയുടെ ചരിത്ര വിജയവുമെല്ലാം ജനുവരിയിലെ പ്രധാന കായിക സംഭവങ്ങളിൽ പെടുന്നു.

2021 ഫെബ്രുവരി;

ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച കൂറ്റനടിക്കാരിൽ ഒരാളായ യൂസുഫ് പഠാൻ വിരമിച്ചത് ഫെബ്രുവരിയിലായിരുന്നു. പിന്നാലെ പ്രധാന നാഴികക്കല്ലുകൾക്കും ഫെബ്രുവരി സാക്ഷ്യം വഹിച്ചു.
വിജയ് ഹസാരെ ട്രോഫിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ ആയ 422 റൺസ് മധ്യപ്രദേശിനെതിരെ ജാർഖണ്ഡ് കുറിച്ചു. കിരീടം നേടാൻ ആകാത്തത് പേരിന്റെ പ്രശ്നം കൊണ്ടാണെന്ന് കരുതി കിംഗ്സ് ഇലവൻ പഞ്ചാബ്, പഞ്ചാബ് കിംഗ്സ് എന്നു പേരു മാറ്റി.

ഐ എസ് എൽ ഫുട്ബോളിൽ മോശം പ്രകടനങ്ങൾ കണക്കിലെടുത്ത് പരിശീലകൻ കിബു വികൂനയെ കേരള ബ്ലാസ്റ്റേഴ്സ് പുറത്താക്കി.മെക്സിക്കൻ ക്ലബായ ടൈഗേർസിനെ തോൽപ്പിച്ച് ബയേൺ മ്യൂണിക്ക് ക്ലബ് ലോകകപ്പ് ഉയർത്തി. ആറാമത്തെ ക്ലബ്ബ് ലോകകപ്പാണ് ജർമ്മൻ ക്ലബ്ബ് ഉയർത്തിയത്. സീസണിൽ ആറിൽ ആറു കിരീടവും നേടുക എന്ന നേട്ടവും ഈ കിരീടത്തോടെ ബയേൺ സ്വന്തമാക്കി. ഓസ്ട്രേലിയൻ ഓപ്പണിൽ ജോക്കോവിച് പുരുഷ സിംഗിൾസ് കിരീടവും നവോമി ഒസാക വനിതാ സിംഗിൾസ് കിരീടവും നേടി.

മാർച്ച് 2021

ഐ ലീഗ് കിരീടം ഉയർത്തി കൊണ്ട് ദേശീയ ലീഗ് കിരീടം നേടുന്ന ആദ്യ കേരള ഫുട്ബോൾ ടീമായി ഗോകുലം കേരള എഫ്.സി മാറിയത് മാർച്ച് മാസത്തിലായിരുന്നു. എ ടി കെ മോഹൻ ബഗാനെ ഫൈനലിൽ വീഴ്ത്തി മുംബൈ സിറ്റി ഐ എസ് എൽ കിരീടത്തിൽ മുത്തമിട്ടു. നേരത്തെ ഐ എസ് എൽ ലീഗ് കിരീടം നേടിയ മുംബൈ സിറ്റി ഇതോടെ കിരീട നേട്ടത്തിൽ ഡബിളും തികച്ചു. സ്ലാട്ടൻ ഇബ്രഹിമോവിച് അന്താരാഷ്ട്ര ഫുട്ബോളിലെ വിരമിക്കൽ അവസാനിപ്പിച്ചു തിരികെ സ്വീഡിഷ് ടീമിലേക്ക് എത്തിയത് മാർച്ച് മാസത്തിലായിരുന്നു.

ഏപ്രിൽ 2021;

രണ്ട് കോപ ഡെൽ റേ ഫൈനലുകളാണ് ഏപ്രിലിൽ
നടന്നത്. കൊറോണ കാരണം ഒരു വർഷം വൈകിയ കോപ ഡെൽറേ ഫൈനലിൽ കിരീടം ചൂടിയത് റയൽ സോസിഡാ ഡാണ്. പിന്നാലെ ഈ വർഷത്തെ കോപ്പ ഡെൽറേ കിരീടം ബാഴ്സലോണ സ്വന്തമാക്കി. ബാഴ്സലോണയ്ക്കൊപ്പം ലയണൽ മെസിയുടെ അവസാന കിരീടം കൂടിയായിരുന്നു ഇത്. ഏപ്രിൽ മാസത്തിലെ എൽ ക്ലാസികോയിൽ ബാഴ്സലോണ റയലിനോട് 2-1ന് പരാജയപ്പെട്ടു.

മെസ്സിയുടെ അവസാന എൽ ക്ലാസിക്കോ കൂടിയായിരുന്നു ഇത്.ഗോകുലം കേരള എഫ്.സി KSEBയെ മറികടന്ന് കേരള പ്രീമിയർ ലീഗ് കിരീടം ഉയർത്തിയതും ഏപ്രിലിൽ തന്നെ.ഐ പി എല്ലിൽ 6000 റൺസ് നേടുന്ന ആദ്യ താരമായി ആർ സി ബി ക്യാപ്റ്റൻ കോഹ്ലി മാറിയതിനും ഏപ്രിൽ മാസം സാക്ഷിയായി.യൂറോപ്യൻ സൂപ്പർ ലീഗിനെതിരെയുള്ള ആരാധകരുടെ ശക്തമായ പ്രതിഷേധത്തിനും മണിക്കൂറുകൾക്കകം സൂപ്പർ ക്ലബുകൾ സൂപ്പർ ലീഗിൽ നിന്ന് പിൻവലിഞ്ഞതുമെല്ലാം ഈ മാസത്തെ സംഭവ വികാസങ്ങളിൽ പ്രധാനപ്പെട്ടതാണ്.

മെയ് 2021;

കൊറോണ കാരണം ഐ പി എൽ സീസൺ പകുതിക്ക് വെച്ച് നിർത്തി വെച്ചത് മെയ് മാസമായിരുന്നു. ക്ലബ്ബ് ഫുട്ബോളിലെ പ്രധാന കിരീട നേട്ടങ്ങൾക്കും ഈ മാസം സാക്ഷിയായി. പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി, സ്പാനിഷ് ലീഗിൽ അത് ലറ്റിക്കോ മാഡ്രിഡ്,സീരി എയിൽ ഇൻറർ മിലാൻ, ബുണ്ടസ് ലീഗയിൽ ബയേൺ മ്യൂണിക്ക് , ഡച്ച് ലീഗിൽ അയാക്സ് ആംസ്റ്റർഡാം, ഫ്രഞ്ച് ലീഗിൽ ലില്ലെ, വനിതാ ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണ എന്നീ ക്ലബ്ബുകൾ ചാമ്പ്യന്മാരായി.

ലെസ്റ്റർ സിറ്റിയുടെ എഫ് എ കപ്പ് ചരിത്രനേട്ടം, ചെൽസിയുടെ ചാമ്പ്യൻസ് ലീഗ് കിരീട നേട്ടം, വിയ്യാറയലിന്റെ യൂറോപ്പ ലീഗ് കിരീട നേട്ടം, യുവന്റസിന്റെ കോപ ഇറ്റാലിയ കിരീട നേട്ടം തുടങ്ങിയവയും മെയ് മാസത്തിലായിരുന്നു. റയൽ മാഡ്രിഡിൽ സിദാന് പകരം ആഞ്ചലോട്ടിയെത്തിയതും യുവന്റസിൽ അലെഗ്രി പരിശീലകനായതും എഎസ് റോമയുടെ പരിശീലകനായി ജോസെ മൗറീനോ എത്തിയതും മെയ് മാസത്തിൽ തന്നെ.

യൂറോകപ്പിലെ ഡെന്മാർക്കും ഫിൻലാൻഡും തമ്മിലുള്ള മത്സരം ഫുട്ബോൾ പ്രേമികൾക്ക് ഒരിക്കലും മറക്കാൻ ആവാത്ത മത്സരമായി. കളിക്കിടയിൽ ഡെന്മാർക്ക് താരം ക്രിസ്റ്റ്യൻ എറിക്സൺ ഹൃദയാഘാതം വന്ന് കുഴഞ്ഞു വീണതും അതിനു പിറകെ നടന്ന സംഭവങ്ങളും കളി കണ്ടു നിന്ന എല്ലാവരെയും കണ്ണീരിലാഴ്ത്തി. മിൽഖാ സിംഗിന്റെ വിയോഗമായിരുന്നു ജൂണിലെ ദു:ഖം.

ജൂൺ 2021;

യൂറോ കപ്പും കോപ അമേരിക്കയും നടന്നത് ജൂൺ മാസത്തിലാണ്. യൂറോ കപ്പിലെ ഡെന്മാർക്കും ഫിൻലാൻഡും തമ്മിലുള്ള മത്സരം ഫുട്ബോൾ പ്രേമികൾക്ക് ഒരിക്കലും മറക്കാൻ ആവാത്ത മത്സരമായി. കളിക്കിടയിൽ ഡെന്മാർക്ക് താരം ക്രിസ്റ്റ്യൻ എറിക്സൺ ഹൃദയാഘാതം വന്ന് കുഴഞ്ഞു വീണതും അതിനു പിറകെ നടന്ന സംഭവങ്ങളും കളി കണ്ടു നിന്ന എല്ലാവരെയും കണ്ണീരിലാഴ്ത്തി.

യൂറോ കപ്പിൽ ഫ്രാൻസിനെതിരെ ഇരട്ട ഗോൾ നേടിക്കൊണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ എന്ന അലി ദായുടെ 109 ഗോളിന്റെ റെക്കോർഡിനൊപ്പം എത്തി. റൊണാൾഡോക്ക് മികച്ച യൂറോ കപ്പ് ആയിരുന്നു എങ്കിലും പോർച്ചുഗൽ പ്രീക്വാർട്ടറിൽ ബെൽജിയത്തോട് പരാജയപ്പെട്ടു പുറത്തായി.

ഹോളണ്ട് ചെക്ക് റിപബ്ലിക്കിനോടു തോറ്റ് പ്രീക്വാർട്ടറിൽ മടങ്ങിയതും ലോക ചാമ്പ്യന്മാരായ ഫ്രാൻസ് ക്വാർട്ടറിൽ സ്വിറ്റ്സർലാന്റിനു മുന്നിൽ പരാജിതരായതും ജർമനിയെ തോൽപിച്ച് ഇംഗ്ലണ്ട് സെമിയിലേക്ക് മുന്നേറിയതും ടൂർണമെന്റിനെ സംഭവബഹുലമാക്കി. ഇംഗ്ലണ്ട്, ഇറ്റലി, സ്പെയിൻ, ഡെന്മാർക്ക് ടീമുകളാണ് യൂറോ കപ്പിന്റെ സെമിയിൽ കടന്നത്.

ഇവാൻ വുകമനോവിച് കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായി നിയമിക്കപ്പെട്ടതും സെർജിയോ റാമോസ് റയൽ മാഡ്രിഡ് വിട്ടതുമെല്ലാം ജൂണിൽ തന്നെ.ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഇന്ത്യ ന്യൂസിലൻഡിനോട് പരാജയപ്പെട്ടത് ക്രിക്കറ്റ് ആരാധകരെ ഏറെ സങ്കടത്തിലാക്കി. ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം ചെക്ക് റിപ്പബ്ലിക്കിന്റെ ബാർബൊറ ക്രെജിക്കോവയും പുരുഷ സിംഗിൾസ് കിരീടം സെർബിയയുടെ നൊവാക് ദ്യോക്കോവിച്ചും നേടി. മിൽഖാ സിംഗിന്റെ വിയോഗം ആയിരുന്നു ജൂണിലെ ദു:ഖം.

ജൂലൈ 2021;

ഫുട്ബോൾ ലോകത്ത് വമ്പൻ ട്രാൻസ്ഫറുകൾ നടന്ന മാസമായിരുന്നു ജൂലൈ. റാമോസ് ക്ലബിലെത്തുന്ന കാര്യം ഔദ്യോഗികമായി പി എസ് ജി പ്രഖ്യാപിച്ചു. വരാനെയെയും സാഞ്ചോയെയും സ്വന്തമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ് ട്രാൻസ്ഫർ വിൻഡോയിൽ അത്ഭുതം കാണിച്ചതും ജൂലൈയിൽ തന്നെ. ബാഴ്സലോണയുടെ കരാർ കാലാവധി അവസാനിച്ച മെസി ഫ്രീ ഏജന്റായി മാറുകയും ജർമ്മൻ മധ്യനിര താരം ടോണി ക്രൂസ് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും ഡച്ച് ഇതിഹാസം റോബൻ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്തു.

യൂറോ കപ്പിൽ ഇംഗ്ലണ്ടിനെ പെനാൽട്ടി ഷൂട്ടൌട്ടിൽ തോൽപിച്ച് ഇറ്റലി യൂറോ ചാമ്പ്യന്മാരായി. ഇംഗ്ലണ്ടിനായി പെനാൾട്ടി നഷ്ടപ്പെടുത്തിയ സാകയും റാഷ്ഫോർഡും വംശീയാധിക്ഷേപത്തിന് ഇരയാകുന്നതും യൂറോ കപ്പിന്റെ ബാക്കി പത്രമായി.
കോപ അമേരിക്ക ഏതൊരു ഫുട്ബോൾ പ്രേമിയുടെയും സ്വപ്ന ഫൈനലിന് വേദിയായി. പെറുവിനെ തോൽപ്പിച്ച് ബ്രസീലും കൊളംബിയയെ തോല്പ്പിച്ച് അർജന്റീനയും ഫൈനലിലെത്തി. ഫൈനലിൽ മെസ്സിയുടെ അർജന്റീന കോപ കിരീടം ഉയർത്തി.

മെസ്സിയുടെ കരിയറിലെ ആദ്യ അന്താരാഷ്ട്ര കിരീടമായിരുന്നു ഇത്. ഫുട്ബോൾ ലോകം ഒന്നാകെ ആഗ്രഹിച്ച നിമിഷമായി അത് മാറി. വിമ്പിൾഡൺ ടെന്നീസിൽ വനിതാ സിംഗിൾസിൽ ഓസ്ട്രേലിയയുടെ ആഷ് ബാർട്ടിയും പുരുഷ സിംഗിൾസിൽ സെർബിയയുടെ നൊവാക് ജോക്കോവിച്ചും കിരീടം ചൂടി. ഇന്ത്യൻ ടീമിനൊപ്പം സഞ്ജു സാംസൺ ശ്രീലങ്കയിൽ ഏകദിന അരങ്ങേറ്റം കുറിച്ചതും ജൂലൈയിലാണ്. എൻ ബി എ യിൽ ചാമ്പ്യന്മാരായത് മിൽവാകി ബക്സാണ്. ഫൈനലിൽ ഫീനിക്സ് സണ്ണിനെ 105-98 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് 50 വർഷത്തെ കിരീട വരൾച്ച ബക്സ് അവസാനിപ്പിച്ചത്.

ടോക്കിയോ ഒളിമ്പിക്സിന് കൊടിയേറിയത് ജൂലൈയിൽ ആയിരുന്നു. ഭാരോദ്വഹനത്തിൽ മീരാഭായ് ചാനുവിലൂടെയായിരുന്നു ഇന്ത്യയുടെ മെഡൽ വേട്ടയുടെ തുടക്കം. 100 മീറ്റർ സ്പ്രിന്റിൽ ജമൈക്കയുടെ എലബ് തോംസൺ വേഗതയേറിയ വനിതാ താരം ആയപ്പോൾ. ഉസൈൻ ബോൾട്ടില്ലാ യുഗത്തിലെ ആദ്യ പുരുഷ സ്പ്രിൻറ് സ്വർണം ഇറ്റലിയുടെ മാർസൽ ജേക്കബ് ലാമോണ്ട് സ്വന്തമാക്കി. 9.80 സെക്കൻഡിൽ ആയിരുന്നു ലാമോണ്ടിന്റെ മാസ്മരിക ഫിനിഷിംഗ്.

ജാവെലിൻ ത്രോയിലെ മാസ്മരിക പ്രകടനത്തിലൂടെ നീരജ് ചോപ്ര ഇന്ത്യയെ സ്വപ്ന ലോകത്ത് എത്തിച്ചത് ഓഗസ്തിലായിരുന്നു.ടോക്കിയോവിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽ നീരജ് കൈവിരിച്ചു നിന്നപ്പോൾ അഭിമാന പുളകിതരായത് നൂറു കോടിയിലേറെ ഇന്ത്യക്കാരാണ്.

ഓഗസ്റ്റ് 2021;

ഇന്ത്യക്ക് അഭിമാനിക്കാവുന്ന മാസമായിരുന്നു ഓഗസ്റ്റ്. 41 വർഷത്തിനു ശേഷം ഇന്ത്യ ഒളിമ്പിക് ഹോക്കി സെമിയിൽ എത്തി. സെമിയിൽ ബെൽജിയത്തോട് പരാജയപ്പെട്ടെങ്കിലും വെങ്കല മെഡൽ പോരാട്ടത്തിൽ ജർമ്മനിയെ തോൽപ്പിച്ച് ഇന്ത്യൻ പുരുഷ ഹോക്കി ടീം മെഡൽ നേടി. ജർമ്മനിക്ക് എതിരെ ഹീറോ ആയത് മലയാളി ഗോൾ കീപ്പർ പി.ആർ ശ്രീജേഷായിരുന്നു.

ഇന്ത്യൻ വനിതകൾ ഒളിമ്പിക് ഹോക്കി സെമിയിൽ എത്തി ചരിത്രം കുറിച്ചെങ്കിലും മെഡൽ നേടാൻ ആയില്ല. ജാവെലിൻ ത്രോയിലെ മാസ്മരിക പ്രകടനത്തിലൂടെ നീരജ് ചോപ്ര ഇന്ത്യയെ സ്വപ്ന ലോകത്ത് എത്തിച്ചു. 87.58 എന്ന ദൂരം പിന്നിട്ട നീരജ് ഇന്ത്യക്കായി അത്ലറ്റിക്സിൽ സ്വർണ്ണം നേടുന്ന ആദ്യ താരമായി മാറി. ടോക്കിയോവിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽ നീരജ് കൈവിരിച്ചു നിന്നപ്പോൾ അഭിമാന പുളകിതരായത് നൂറു കോടിയിലേറെ ഇന്ത്യക്കാരാണ്.

ഒരു സ്വർണ്ണവും 2 വെള്ളിയും 4 വെങ്കലവും ഉൾപ്പെടെ ഇന്ത്യ ചരിത്രത്തിലെ ഏറ്റവും മികച്ച ഒളിമ്പിക്സ് ആക്കി ടോക്കിയോയെ മാറ്റി. സ്വർണപകിട്ടുള്ള സുഹൃദ് ബന്ധത്തിന്റെ ഇതിഹാസമാണ് ഖത്തറിന്റെ മുതാസ് ഇസാ ബർഷിമും ഇറ്റലിയുടെ ജിയാൻ മാർക്കോ ടംബേരിയും ടോക്കിയോ ഒളിമ്പിക്സിൽ തീർത്തത്. പുരുഷ ഹൈജംപിൽ സ്വർണ മെഡൽ പങ്കു വെക്കാൻ ഇരുവരും തീരുമാനിച്ചപ്പോൾ പിറന്നത് ഒളിമ്പിക്സിലെ അപൂർവ സംഭവമാണ്.

ഭാരോദ്വഹനത്തിൽ മീരാഭായ് ചാനുവും റെസ്ലിംഗിൽ രവി കുമാറും ഇന്ത്യക്കായി വെള്ളി നേടി. പി വി സിന്ധു, ലൊവ്ലിന, ബജ്റങ് പൂനിയ, പുരുഷ ഹോക്കി ടീം എന്നിവരാണ് വെങ്കല മെഡൽ നേടിയത്. 39 സ്വർണ്ണവുമായി അമേരിക്ക ഒളിമ്പിക്സിലെ ഒന്നാം സ്ഥാനക്കാരായി. ഫുട്ബോൾ ലോകത്ത് മെസ്സി ബാഴ്സലോണ വിടുമെന്ന ഔദ്യോഗിക പ്രഖ്യാപനം എത്തിയതും പിന്നാലെ പി എസ് ജിയുമായി കരാർ ഒപ്പുവെച്ചതും കാൽപന്ത് ആരാധകരെ ഞെട്ടിപ്പിച്ചു. ഇതേ മാസം തന്നെ റൈംസിന് എതിരായ മത്സരത്തിലൂടെ മെസി പി എസ് ജി ജഴ്സിയിൽ അരങ്ങേറി.

അതേസമയം റൊണാൾഡോ യുവന്റസ് വിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയതും ഓഗസ്റ്റിൽ തന്നെ.100 മില്യൺ നൽകി ജാക്ക് ഗ്രീലിഷിനെ ആസ്റ്റൺ വില്ലയിൽ നിന്ന് മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയത് സീസണിലെ ഏറ്റവും വലിയ ട്രാൻസ്ഫർ ആയി. സന്ദേശ് ജിങ്കൻ മോഹൻ ബഗാൻ വിട്ട് ക്രൊയേഷ്യ ഒന്നാം ഡിവിഷൻ ക്ലബായ എച്ച് എൻ കെ സിബെനികിൽ എത്തിയത് ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് ഏറെ അഭിമാനം പകർന്നു. ജർമ്മൻ ഇതിഹാസം ജെർദ് മുള്ളറുടെ വിയോഗമായിരുന്നു ഓഗസ്റ്റിലെ നഷ്ടം.

സെപ്റ്റംബർ 2021;

ക്രിസ്റ്റ്യാനോ റൊണാൾഡോ അലി ദേയിയെ മറികടന്ന് അന്താരാഷ്ട്ര ഫുട്ബോളിൽ 111 ഗോളുകൾ നേടി ചരിത്രം എഴുതിയത് സെപ്തംബറിലാണ്. റൊണാൾഡോ തന്റെ മാഞ്ചസ്റ്റർ യുണൈറ്റഡ് കരിയറിലെ രണ്ടാം അരങ്ങേറ്റത്തിൽ ന്യൂകാസിലിനെതിരെ ഇരട്ട ഗോളുകൾ നേടി വരവറിയിച്ചു. പി എസ് ജി ജഴ്സിയിൽ മെസ്സിയുടെ ആദ്യ ഗോൾ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് എതിരെയായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ രോഹിത് ശർമ 15,000 റൺസ് എന്ന നാഴികക്കല്ല് താണ്ടി.

കൊറോണ കാരണം ഇന്ത്യ-ഇംഗ്ലണ്ട് സീരീസിലെ അവസാന ടെസ്റ്റ് ഉപേക്ഷിക്കപ്പെട്ടു. ഐ പി എൽ പുനരാരംഭിച്ച മാസത്തിൽ ടി -20 ക്രിക്കറ്റിൽ 10,000 റൺസ് നേടുന്ന ആദ്യ താരമായി വിരാട് കോഹ്ലി മാറി. ന്യൂസിലൻഡിനെതിരെ ടി20 പരമ്പര വിജയിച്ച് ബംഗ്ലാദേശ്
ചരിത്രം കുറിച്ചതും സെപ്തംബറിൽ തന്നെ.ശ്രീലങ്കൻ ഇതിഹാസ പേസർ മലിംഗ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതും ഈ മാസമായിരുന്നു.

പാരാലിമ്പിക്സിൽ 5 സ്വർണ്ണവും 8 വെള്ളിയും 6 വെങ്കലവുമായി ഇന്ത്യ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചു.
യു എസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം ബ്രിട്ടന്റെ 18 വയസുകാരി എമ്മ റഡുകാനുവും പുരുഷ സിംഗിൾസ് കിരീടം റഷ്യയുടെ ഡാനിൽ മെദ്വദേവും നേടി.

ഇന്ത്യയ്ക്ക് നിരാശയുടേതായിരുന്നു ഒക്ടോബറിൽ നടന്ന ട്വൻറി-ട്വൻറി ലോകകപ്പ്. തോറ്റെങ്കിലും മത്സരശേഷം പാകിസ്താൻ ഓപ്പണർ മുഹമ്മദ് റിസ്വാനെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ച ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ ചിത്രം ഈ വർഷം സമൂഹമാധ്യമങ്ങളിൽ ഏറ്റവും അധികം പ്രചരിക്കപ്പെട്ട ചിത്രമായി.

ഒക്ടോബർ 2021;

എഫ് സി ഗോവ ഡ്യൂറണ്ട് കപ്പ് ജേതാക്കളായത് ഒക്ടോബർ മാസമാണ്. മലയാളി താരങ്ങളായ നെമിലും ക്രിസ്റ്റിയും ഗോവയുടെ കിരീട നേട്ടത്തിൽ പ്രധാന പങ്കുവഹിച്ചു. മുംബൈ സിറ്റിക്ക് ഇരട്ടക്കിരീടം നേടിക്കൊടുത്ത പരിശീലകൻ ലൊബേര ക്ലബ് വിടുകയും പകരം ഡെസ് ബെക്കിങ്ഹാം ചുമത ഏൽക്കുകയും ചെയ്തു.

കേരള ഫുട്ബോൾ അസോസിയേഷൻ സ്കോർ ലൈൻ എന്ന പ്രൈവറ്റ് കമ്പനിയുമായി കരാർ ഒപ്പുവെച്ചതും ഒക്ടോബറിലാണ്. സാഫ് കപ്പിൽ ഇന്ത്യയുടെ എട്ടാം കിരീട നേട്ടം രാജ്യത്തെ കാൽപന്ത് കളി ആരാധകരെ ഏറെ ആഹ്ലാദത്തിലാക്കി. ഫൈനലിൽ നേപ്പാളിനെ തോൽപ്പിച്ച് ആയിരുന്നു കിരീട നേട്ടം. യുവേഫ നാഷൺസ് ലീഗിൽ സ്പെയിനെ തോൽപ്പിച്ച് ഫ്രാൻസ് ചാമ്പ്യന്മാരായി.

നീണ്ട കാലത്തിനു ശേഷം മെസ്സി ഇല്ലാതെ നടന്ന എൽ ക്ലാസികോയിൽ ബാഴ്സലോണ പരാജയപ്പെട്ടതും ഒക്ടോബറിൽ തന്നെ.രോഹിത് ശർമ്മ ടി -20യിൽ 400 സിക്സ് അടിക്കുന്നു ആദ്യ ഇന്ത്യൻ താരമായി മാറി. കൊൽക്കത്തയെ തോൽപ്പിച്ച് ചെന്നൈ സൂപ്പർ കിംഗ്സ് ഐ പി എൽ രാജാക്കന്മാരായി. ടി.20 ലോകകപ്പ് ഇന്ത്യക്ക് നിരാശയുടേതായി.

പാകിസ്ഥാനോട് തോറ്റായിരുന്നു ഇന്ത്യയുടെ തുടക്കം. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു പാകിസ്ഥാനോട് ഇന്ത്യ പരാജയപ്പെട്ടത്. പിന്നാലെ ന്യൂസിലൻഡിനോടും തോറ്റതോടെ ലോകകപ്പിൽ ഇന്ത്യയുടെ സെമി പ്രതീക്ഷ അസ്തമിച്ചു. തോറ്റെങ്കിലും മത്സരശേഷം പാകിസ്താൻ ഓപ്പണർ മുഹമ്മദ് റിസ്വാനെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ച ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ ചിത്രം ഈ വർഷം സമൂഹമാധ്യമങ്ങളിൽ ഏറ്റവും അധികം പ്രചരിക്കപ്പെട്ട ചിത്രമായി.

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ അത്യപൂർവ്വ നേട്ടത്തിനാണ് 2021 ലെ നവംബർ സാക്ഷ്യം വഹിച്ചത്. ന്യൂസിലണ്ടിന്റെ ഇന്ത്യൻ വംശജൻ അജാസ് പട്ടേലായിരുന്നു അത്യപൂർവ റെക്കോർഡിന്റെ തോഴൻ .

നവംബർ 2021

എ എഫ് സി വനിതാ ക്ലബ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് ഗോകുലം കേരള ഇന്ത്യയുടെ അഭിമാനമായത് നവംബറിലാണ്. ടൂർണമെന്റിൽ ഒരു വിജയം നേടാനും ഗോകുലത്തിനായി.
ബാഴ്സലോണയ്ക്കായി കളിക്കുന്നതിനിടയിൽ അഗ്വേറോക്ക് നെഞ്ചു വേദന അനുഭവപ്പെടുകയും ഇനി ഫുട്ബോൾ കളിക്കാൻ ആവില്ല എന്ന് പരിശോധനകളിലൂടെ വ്യക്തമാവുകയും ചെയ്തു.
സാവി ബാഴ്സലോണ പരിശീലകനായി എത്തിയതും ജെറാഡ് ആസ്റ്റൺ വില്ലയിൽ പരിശീലകനായി എത്തിയതും നവംബറിൽ ആയിരുന്നു.

ഇറ്റലിയും പോർച്ചുഗലും നേരിട്ട് ലോകകപ്പ് യോഗ്യത നേടാനാകാതെ പ്ലേ ഓഫിനെ ആശ്രയിക്കേണ്ട അവസ്ഥ വന്നു. അതേസമയം ലാറ്റിനമേരിക്കയിൽ നിന്ന് ബ്രസീലും അർജന്റീനയും ഖത്തർ വേദിയാകുന്ന ലോകകപ്പിന് യോഗ്യത ഉറപ്പിക്കുകയും ചെയ്തു. ലയണൽ മെസ്സിയുടെ ഏഴാം ബാലൺ ഡി ഓർ നേട്ടവും ലോക കായിക ഭൂപടത്തിൽ ഏറെ ശ്രദ്ധേയമായി. കോപ അമേരിക്ക കിരീട നേട്ടമാണ് മെസ്സിക്ക് ബാലൻ ഡി ഓർ ഏഴാം തവണയും നേടിക്കൊടുത്തത്. നവംബറിലാണ് ഐ എസ് എൽ എട്ടാം സീസണ് കിക്കോഫായത്. 23 മലയാളികൾ ആണ് ഇത്തവണ ഐ എസ് എല്ലിൽ വിവിധ ടീമുകളിലായി കളിക്കുന്നത്. ഐ എസ് എൽ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും മലയാളികൾ കളിക്കുന്നത്.

വാറ്റ്ഫോർഡിനെതിരായ വലിയ പരാജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെയെ പുറത്താക്കിയതും നവംബറിലാണ്. ജർമ്മൻ കോച്ചായ റാൾഫ് റങ്നിക്കാണ് പകരക്കാരൻ. പ്രമുഖ ഫുട്ബോൾ കമന്റേറ്ററും കാൽപന്ത് കളിയിലെ എൻസൈക്ലോപീഡിയയുമായിരുന്ന മാധ്യമപ്രവർത്തകൻ നോവി കപാഡി അന്തരിച്ചതാണ് നവംബറിലെ നഷ്ടം.

ന്യൂസിലൻഡിനെ തോൽപ്പിച്ച് ഓസ്ട്രേലിയ ടി20 ലോകകപ്പ് ഉയർത്തിയത് ക്രിക്കറ്റ് ആരാധകരെ ആഹ്ലാദത്തിലാക്കി. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ അത്യപൂർവ്വ നേട്ടത്തിനും 2021 സാക്ഷ്യം വഹിച്ചു. ടെസ്റ്റിലെ ഒരിന്നിങ്ങ്സിലെ പത്തിൽ പത്ത് വിക്കറ്റും വീഴ്ത്തുന്ന മൂന്നാമത്തെ മാത്രം താരമായി ന്യൂസിലൻഡ് സ്പിന്നർ അജാസ് പട്ടേൽ മാറി.

ദ്രാവിഡ് ഇന്ത്യൻ പരിശീലകനായും രോഹിത് ശർമ്മ ഇന്ത്യയുടെ ടി-20 ടീം ക്യാപ്റ്റൻ ആയും നിയമിക്കപ്പെട്ടു. ഡി വില്ലേഴ്സ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതും നവംബറിലെ സംഭവ വികാസങ്ങളിൽ ഉൾപ്പെടുന്നു. പോയവർഷത്തെ ഏറ്റവും ഉജ്ജ്വലമായ കായിക മുഹൂർത്തങ്ങളിൽ ഒന്നായിരുന്നു ലൂവിസ് ഹാമിൽട്ടണെ സീസണിലെ അവസാന ഗ്രാൻ പ്രീയിലെ അവസാന ലാപ്പിൽ പിന്നിലാക്കി റെഡ്ബുള്ളിന്റെ ഡച്ച് ഡ്രൈവർ മാർക്സ് വെസ്റ്റാപ്പൻ കന്നിക്കിരീടം ചൂടിയത് . ബോക്സിംഗ് ഡേ ടെസ്റ്റും വിജയിച്ച് ഓസ്ടേലിയ ആഷസ് പരമ്പര നിലനിർത്തിയതും ക്രിക്കറ്റ് ലോകത്തെ പ്രധാന സംഭവ വികാസമായി.

ഡിസംബർ 2021;

മൂന്ന് വലിയ വിജയങ്ങളുമായി കേരളം സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിലേക്ക് കടന്നതായിരുന്നു ഡിസംബറിൽ മലയാളി കാൽപന്ത് കളി പ്രേമികൾക്ക് ഏറെ സന്തോഷം പകർന്ന വാർത്ത. മെസി കൂടൊഴിഞ്ഞ ബാഴ്സലോണ യൂറോപ്പ ലീഗിൽ കളിക്കേണ്ട അവസ്ഥയിൽ എത്തിയത് ബാഴ്സ ആരാധകരെ ദു:ഖത്തിലാക്കി. ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടം കടക്കാൻ സാവിയുടെ ബാഴ്സലോണക്ക് ആയില്ല.

ഐ എഫ് എ ഷീൽഡ് കിരീടം തുടർച്ചയായി രണ്ടാം തവണയും റിയൽ കാശ്മീർ ഉയർത്തി. കേരള ക്ലബായ ഗോകുലം കേരള എഫ് സി സെമി ഫൈനലിൽ തോറ്റു പുറത്തായി. ഹൃദയ സംബന്ധമായ പ്രശ്നം കാരണം സെർജിയോ അഗ്വേറോ വിരമിക്കൽ പ്രഖ്യാപിച്ചതും ഡിസംബറിലാണ്. ഹബാസിനെ എ ടി കെ മോഹൻ ബഗാൻ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കി പകരം എഫ് സി ഗോവ പരിശീലകൻ ഫെറാണ്ടോയെ കൊണ്ടുവന്നു.

മോഹൻ ബഗാൻ റാഞ്ചി ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഫൈനലിൽ എത്തുന്ന ആദ്യ പുരുഷ താരമായി ശ്രീകാന്ത് കിഡംബി മാറിയതും 2021 ലെ അവസാനമാസത്തിലാണ്. ഫൈനലിൽ പരാജയപ്പെട്ടുവെങ്കിലും വെള്ളി നേട്ടം ശ്രീകാന്തിന്റെ ചരിത്ര നേട്ടമായി മാറി. അൾജീരിയ അറബ് കപ്പ് ഉയർത്തി. ടുണീഷ്യയെ തോൽപ്പിച്ച് അൾജീരിയയുടെ അറബ് കപ്പ് നേട്ടമായിരുന്നു ഡിസംബറിൽ ലോക ഫുട്ബോളിലെ മറ്റൊരു പ്രധാനപ്പെട്ട സംഭവ വികാസം.

ക്രിക്കറ്റിൽ രോഹിത് ശർമ ഇന്ത്യയുടെ ഏകദിന ക്യാപ്റ്റൻ ആയി നിയമിക്കപ്പെട്ടതും ന്യൂസിലൻഡിനെ 372 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ ടെസ്റ്റ് പരമ്പര 1-0ന് സ്വന്തമാക്കിയതും ഡിസംബറിൽ തന്നെ. എട്ടാം കിരീടവും ലോക റെക്കോർഡും ലക്ഷ്യമിട്ട മെഴ്സിഡീസ് താരം ലൂവിസ് ഹാമിൽട്ടണെ സീസണിലെ അവസാന ഗ്രാൻ പ്രീയിലെ അവസാന ലാപ്പിൽ പിന്നിലാക്കി റെഡ്ബുള്ളിന്റെ ഡച്ച് ഡ്രൈവർ മാർക്സ് വെസ്റ്റാപ്പൻ കന്നിക്കിരീടം ചൂടിയത് പോയവർഷത്തെ ഏറ്റവും ഉജ്ജ്വലമായ കായിക മുഹൂർത്തങ്ങളിൽ ഒന്നായി. വിജയ് ഹസാരെ ട്രോഫിയിൽ തമിഴ്നാടിനെ തോൽപിച്ച് ഹിമാചൽ പ്രദേശ് മുത്തമിട്ടതും ആഭ്യന്തര ക്രിക്കറ്റിലെ ശ്രദ്ധേയ നേട്ടമായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News