എറണാകുളം റെയില്‍വേ വര്‍ക്ക് ഷോപ്പിലേക്കുള്ള ആദ്യ ഇലക്ട്രിക്കല്‍ എന്‍ജിന്‍ എത്തി

ആധുനിക വത്ക്കരണത്തിന് വഴി തുറന്ന് എറണാകുളം റെയില്‍വേ വര്‍ക്ക് ഷോപ്പിലേക്കുള്ള ആദ്യ ഇലക്ട്രിക്കല്‍ എന്‍ജിന്‍ എത്തി. അടച്ചു പൂട്ടല്‍ വക്കിലായിരുന്ന ഇലക്ട്രിക് ലോക്കോ ഷെഡിന് ജോണ്‍ ബ്രിട്ടാസ് എംപി നടത്തിയ ഇടപെടലാണ് പുതു ജീവന്‍ നല്‍കിയത്. സൗത്ത് റെയില്‍വേ സ്റ്റേഷനിലേക്ക് അനുവദിച്ച രണ്ട് എന്‍ജിനുകളില്‍ ആദ്യത്തേതാണ് വെള്ളിയാഴ്ച്ച എത്തിയത്.

കേരളത്തിലെ ഏറ്റവും വലിയ റെയിൽവെ വർക്ക്ഷോപ്പായ എറണാകുളം ഡീസൽ ലോക്കോഷെഡിന്‍റെ വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ടാണ് വെള്ളിയാഴ്ച്ച ഇലക്ട്രിക്കല്‍ എന്‍ജിന്‍ എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ റെയിൽവെ ബോർഡ് ചെയർമാനുമായി നടത്തിയ ചർച്ചയെ തുടർന്ന് നിലവിലുള്ള ഡീസൽ ലോക്കോ ഷെഡ് , ഇലക്ട്രിക്ക് ലോക്കോ ഷെഡ് ആക്കി മാറ്റാൻ തീരുമാനിച്ച് പണം അനുവദിച്ചിരുന്നു.

എന്നാല്‍ തുടര്‍ നടപടികളൊന്നും ഉണ്ടാവാതെ വന്നതോടെ റെയിൽവെ ജീവനക്കാരുടെ സംഘടനയായ ഡി ആർ ഇ യു വിഷയത്തിൽ ഇടപെടണം എന്ന് ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എം പി ക്ക് നിവേദനം നൽകി. ഇതോടെ ജോൺ ബ്രിട്ടാസ് ,എ എം ആരിഫ്, എളമരം കരീം എന്നിവര്‍ ദക്ഷിണ റെയിൽവെ ജനറൽ മാനേജരെ കണ്ട് വിഷയം ശ്രദ്ധയിൽ പെടുത്തി.

ഒപ്പം രാജ്യസഭയിൽ ഉന്നയിക്കുന്നതിനായി ജോൺ ബ്രിട്ടാസ് എംപി നോട്ടീസ് നൽകുക കൂടി ചെയ്തതോടെ റെയിൽവെ അധികൃതർ അടിയന്തിര നടപടികളിലേക്ക് കടക്കുകയായിരുന്നു.

നിലവില്‍ അനുവദിച്ച രണ്ട് ഇലക്ട്രിക്കല്‍ എന്‍ജിനുകളില്‍ ആദ്യത്തേതാണ് വെള്ളിയാഴ്ച്ച എത്തിയത്. കൊങ്കൺ റെയിൽവെ ഇലക്ട്രിഫിക്കേഷൻ അന്തിമഘട്ടത്തിലേക്ക് കടന്ന പശ്ചാത്തലത്തിൽ ഇലക്ട്രിക് ലോക്കോ ഷെഡ് യാഥാർത്ഥ്യമാകുന്നത് എറണാകുളത്തിന് ഏറെ ഗുണം ചെയ്യുമെന്ന് ദക്ഷിണ റെയിൽവെ എംപ്ലോയീസ് യൂണിയൻ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News