പെഗാസസ് ഫോൺ ചോർത്തൽ സംബന്ധിച്ച് പൊതു ജനങ്ങളിൽ നിന്ന് വിവരങ്ങൾ തേടി അന്വേഷണ കമ്മിറ്റി. ജസ്റ്റിസ് ആർവി രവീന്ദ്രനെ അധ്യക്ഷനാക്കി സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റിയാണ് വിവരങ്ങൾ തേടിയത്. ഫോൺ ചോർത്തലിനു ഇരയായെന്ന് സംശയിക്കുന്നവർക്ക് കമ്മിറ്റിയെ ഈ മാസം 7 വരെ സമിതിയെ മെയിൽ വഴി ബന്ധപ്പെടാം.
സുപ്രീംകോടതി മുൻ ജഡ്ജി RV രവീന്ദ്രൻ അധ്യക്ഷനായ വിദഗ്ദ സമിതി ആണ് പെഗാസസ് ഫോൺ ചോർത്തൽ സംബന്ധിച്ച് അന്വേഷണം നടത്തുന്നത്. അന്വേഷണത്തിൽ സഹായിക്കാൻ സാങ്കേതിക സമിതിയും രൂപീകരിച്ചിരുന്നു. 8 ആഴ്ചയ്ക്ക് ഉള്ളിൽ റിപ്പോർട്ട് നൽകാൻ ഉള്ള സാഹചര്യത്തിലാണ് പൊതു ജനങ്ങളിൽ നിന്ന് കമ്മിറ്റി വിവരങ്ങൾ തേടുന്നത്.
ഫോണിൽ പെഗാസസ് ചാരവൃത്തി നടത്തിയതായി സംശയം ഉണ്ടോ, ഉണ്ടെങ്കിൽ കാരണം, ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ടോ, ലഭിച്ച മറുപടി എന്നീ വിവരങ്ങൾ ആണ് അന്വേഷിച്ചറിയുന്നത്. ഈ മാസം ഏഴിന് ഉച്ച വരെ പൊതുജനങ്ങൾക്ക് സമിതിയെ സമീപിക്കാം എന്ന് അന്വേഷണ സമിതി പുറത്തിറക്കിയ നോട്ടീസിൽ പറയുന്നുണ്ട്. ഇതിനായി ഇമെയിൽ അഡ്രസും അന്വേഷണ സംഘം പരസ്യപ്പെടുത്തിയിട്ടുണ്ട്.
മുതിർന്ന മാധ്യമപ്രവർത്തകരായ എൻ. റാം, ശശികുമാർ, ജോൺ ബ്രിട്ടാസ് തുടങ്ങിയവർ സമർപ്പിച്ച 10 ഹർജികളെ തുടർന്ന് വിഷയത്തിൽ സുപ്രീം കോടതി ഇടപെടുകയും വിദഗ്ദ സമിതി രൂപീകരിക്കുകയുമായിരുന്നു. ഫോൺ ചോർത്തൽ അന്വേഷിക്കാൻ വിദഗ്ദ സമിതിയെ രൂപീകരിക്കാമെന്ന കേന്ദ്ര സർക്കാരിൻ്റെ വാദം അന്ന് തന്നെ സുപ്രീം കോടതി തള്ളുകയും കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.