ആര്‍ത്തവ വേദനകള്‍ കുറയ്ക്കാന്‍ ഇവയൊക്കെ ഒന്ന് പരീക്ഷിച്ചു നോക്കൂ…

ആര്‍ത്തവസമയത്ത് സ്ത്രീകള്‍ക്കുണ്ടാകുന്ന വയറുവേദനയുടെ കാഠിന്യം പലരിലും പല തരമായിരിയ്ക്കും. വയറു വേദന മാത്രമല്ല, കൈകാല്‍ കഴപ്പും ശരീരവേദനയുമെല്ലാം പലര്‍ക്കുമുണ്ടാകും. ആര്‍ത്തവസമയത്തെ വയറുവേദന കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളും, ആര്‍ത്തവസമയത്ത് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുമുണ്ട്.

തുളസി, പുതിന തുടങ്ങിയ ചെടികള്‍ ആര്‍ത്തവവേദനകള്‍ കുറയ്ക്കാന്‍ നല്ലതാണ്. ഇവയിട്ട വെള്ളം തിളപ്പിച്ചു കുടിയ്ക്കുകയോ ഇവ ഭക്ഷണസാധനങ്ങളില്‍ ചേര്‍ത്ത് കഴിയ്ക്കുകയോ ചെയ്യാം.ചൂടുവെള്ളം, ചൂടുപാല്‍ എന്നിവ കുടിയ്ക്കുന്നത് വഴി ശരീരത്തിന് ആവശ്യമായ ജലം ലഭിയ്ക്കും. പാല്‍ കുടിയ്ക്കുന്നത് വഴി ശരീരത്തിന് അയേണ്‍, കാല്‍സ്യം എന്നിവ ലഭിക്കുകയും ചെയ്യും.

ചൂടുപാലില്‍ നെയ്യ് ചേര്‍ത്തു കഴിയ്ക്കുന്നതും ആര്‍ത്തവ അസ്വസ്ഥതകള്‍ ഒഴിവാക്കാന്‍ സഹായിക്കും.മസാലയായി ഉപയോഗിക്കുന്ന കറുവാപ്പട്ട ആര്‍ത്തവവേദനകള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ആയുര്‍വേദം മാത്രമല്ലാ, അലോപ്പതിയും കറുവാപ്പട്ടയുടെ ഈ ഗുണം അംഗീകരിച്ചിട്ടുമുണ്ട്.

മാസമുറ സമയത്ത് കാപ്പി കുടിയ്ക്കുന്നത് വയറുവേദന കൂട്ടുകയാണ് ചെയ്യുക. കാപ്പിയിലെ കഫീന്‍ ശരീരത്തിലെ ജലാംശം കുറയ്ക്കും.ഡാര്‍ക് ചോക്ലേറ്റും വയറുവേദന കുറയ്ക്കും. ഇത് മസിലുകളെ റിലാക്സ് ചെയ്യാന്‍ സഹായിക്കും.എള്ള് മാസമുറ വേദന ഒഴിവാക്കാന്‍ നല്ലതാണ്. ഇതിലെ കാല്‍സ്യമാണ് ഈ ഗുണം നല്‍കുന്നത് പുളിയുള്ള ഭക്ഷണങ്ങളും ആര്‍ത്തവസമയത്ത് ഒഴിവാക്കുന്നതാണ് നല്ലത്. അച്ചാറുകള്‍, അധികം എരിവുള്ള ഭക്ഷണങ്ങള്‍ എന്നിവയും മാസമുറ സമയത്തു വേണ്ട.

കുരുമുളക്, ജാതിക്ക, കറുവാപ്പട്ട, ഏലയ്ക്ക തുടങ്ങിയവയെല്ലാം തന്നെ മാസമുറ സമയത്ത് കഴിയ്ക്കാവുന്ന ഭക്ഷണങ്ങളാണ്. ഇവ വയറു വേദന കുറയ്ക്കാനും വിശപ്പുണ്ടാകാനും സഹായിക്കും. വിശപ്പു കുറവ് പലരെയും മാസമുറക്കാലത്ത് ബാധിയ്ക്കുന്ന ഒന്നാണ്. ആവശ്യത്തിനു ഭക്ഷണം കഴിയ്ക്കാതെ വരുന്നത് തളര്‍ച്ച കൂട്ടും.

ആര്‍ത്തവകാലത്തെ വയറ് വേദനയ്ക്ക് പ്രധാന കാരണം ഗര്‍ഭപാത്ര ഭിത്തിയിലെ ചര്‍മ്മം അടരുന്നതും അനുബന്ധമായി ഉണ്ടാകുന്ന പ്രോസ്റ്റാഗ്ലാന്‍ഡിന്‍സ് എന്ന ഹോര്‍മോണുകളുമാണ്. പ്രോസ്റ്റാഗ്ലാന്‍ഡിന്‍സും വേദനയും ഒരുമിച്ചാണ് ഉണ്ടാകുന്നത്. പ്രസവ സമയത്തെ വേദനയുടെ പ്രധാന കാരണവും പ്രോസ്റ്റാഗ്ലാന്‍ഡിന്‍സ് ആണ്. ഇതിന് പുറമെ ഗര്‍ഭപാത്രത്തില്‍ രക്തം ഇല്ലാതാകുന്നതോടെ പേശികള്‍ സങ്കോചിക്കുന്നതും മറ്റൊരു കാരണമാണ്. ആര്‍ത്തവകാലത്തെ വേദന കുറയ്ക്കാന്‍ വീട്ടിലെ പ്രതിവിധികള്‍,

പാല്‍ രാവിലെ ഒരു ഗ്ലാസ്സ് പാല്‍ കുടിക്കുന്നത് വേദന കുറയാന്‍ സഹായിക്കും. പാലിലെ കാത്സ്യം വേദനയില്‍ നിന്നും ആശ്വാസം നല്‍കാന്‍ സാഹായിക്കും.

പപ്പായ ആര്‍ത്തവത്തിന് മുമ്പായി ഏറെ പപ്പായ കഴിക്കുക. പപ്പായയില്‍ അടങ്ങിയിട്ടുള്ള പപ്പൈന്‍ എന്ന എന്‍സൈം ആര്‍ത്തവകാലത്തെ വേദന കുറയ്ക്കാന്‍ ഫലപ്രദമാണ്. ആര്‍ത്തവ സമയത്തെ രക്തം ഒഴുക്ക് എളുപ്പത്തിലാക്കാന്‍ ഇത് സഹായിക്കും.

കാരറ്റ് കണ്ണിന് മാത്രമല്ല നല്ലത് മറിച്ച് ആര്‍ത്തവ കാലത്തെ വയര്‍ വേദനയില്‍ നിന്നും ഇവ ആശ്വാസം നല്‍കും. ഈ സമയത്ത് ഒരു ഗ്ലാസ്സ് കാരറ്റ് ജ്യൂസ് കുടിക്കാന്‍ ഗൈനക്കോളജിസ്റ്റുകള്‍ നിര്‍ദ്ദേശിക്കാറുണ്ട്. ആര്‍ത്തവ കാലത്തെ രക്തമൊഴുക്ക് ശരിയായ രീതിയില്‍ ആവാന്‍ ഇത് സഹായിക്കും.

കറ്റാര്‍ വാഴ എല്ലാ ശരീര വേദനകള്‍ക്കും കറ്റാര്‍ വാഴ പരിഹാരമാണ്, ആര്‍ത്തവകാലത്തെ വേദനയ്ക്കും ഇത് പരിഹാരം നല്‍കും. ഒരു സ്പൂണ്‍ തേനില്‍ കറ്റാര്‍ വാഴ നീര് ചേര്‍ത്ത് കഴിക്കുന്നത് ആര്‍ത്തവ കാലത്തെ വേദന കുറയ്ക്കാന്‍ സഹായിക്കും.

കര്‍പ്പൂരവള്ളി വേദന സംഹാരി എന്ന നിലയില്‍ കര്‍പ്പൂര വള്ളി പ്രശസ്തമാണ്. ആര്‍ത്തവ സമയത്ത് വയറിന് ചുറ്റും കര്‍പ്പൂര തൈലം പുരട്ടുന്നത് വേദന കുറയ്ക്കാന്‍ സഹാിക്കും.

തുളസി ആര്‍ത്തവ കാലത്ത് തുളസി കഴിക്കുന്നത് വേദന കുറയ്ക്കാന്‍ സഹായിക്കും. ഇതിലടങ്ങിയിട്ടുള്ള കഫെയ്ക് ആസിഡ് നല്ലൊരു വേദന സംഹാരിയാണ്. സുഗന്ധവ്യജ്ഞനങ്ങള്‍ക്കൊപ്പമോ ഔഷധ ചായയിലോ ചേര്‍ത്ത് കഴിക്കുക.

ചൂടുവെള്ളത്തില്‍ കുളി വയറിനും ചുറ്റുമുള്ള ഭാഗത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കി ചൂടുവെള്ളത്തില്‍ കുളിക്കുക. ഈ ഭാഗത്തെ രക്തയോട്ടം ക്രമീകരിക്കാനും വേദന കുറയ്ക്കാനും ഇത് സഹായിക്കും.

ഇഞ്ചി ആര്‍ത്തവ കാലത്തെ വേദന കുറയ്ക്കാന്‍ ഇഞ്ചി സഹായിക്കും ക്രമരഹിതമായ ആര്‍ത്തവം ക്രമത്തിലാകാനും ഇഞ്ചി സഹായിക്കും. മികച്ച ഫലം ലഭിക്കുന്നതിന് ഇഞ്ചി ചായ രൂപത്തില്‍ കൂടിക്കുന്നതാണ് നല്ലത്.

നാരങ്ങ നാരങ്ങ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പഴങ്ങള്‍ ശരീരത്തിലെ ഇരുമ്പിന്റെ അംശം ഉയര്‍ത്തുകയും ആര്‍ത്തവ കാലത്തെ വേദന കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. ഇത്തരം പഴങ്ങള്‍ കഴിക്കുകയോ അവയുടെ നീര് കുടിക്കുകയോ ചെയ്യുക.

പെരുംജീരകം ഗര്‍ഭപ്രാത്രത്തിലെ രക്തം ഇല്ലാതാകുമ്പോള്‍ അണ്ഡാശയത്തിലെ രക്തയോട്ടം ഉയര്‍ത്താന്‍ പെരുംജീരകം സഹായിക്കും.ഒരു ഗ്ലാസ്സ് വെള്ളത്തില്‍ പെരുംജീരകം ഇട്ട് തിളപ്പിച്ച് കുടിച്ചാല്‍ വേദനയ്ക്ക് ശമനം ലഭിക്കും.

വ്യായാമം സ്ഥിരമായി വ്യായാമം ചെയ്യുന്നതിന് ഏറെ പ്രാധാന്യമുണ്ട്. വേദന തോന്നി തുടങ്ങുമ്പോള്‍ പല സ്ത്രീകളും വ്യായാമം ഉപേക്ഷിക്കാറുണ്ട്. എന്നാല്‍, ഈ സമീപനം തീര്‍ത്തും തെറ്റാണ്. വ്യായാമം വസ്തി പ്രദേശത്തെ ഉള്‍പ്പടെ ശരീരത്തിലെ രക്തയോട്ടം ആയാസരഹിതമാക്കുകയും വേദന കുറയ്ക്കുകയും ചെയ്യും.

പോഷകങ്ങള്‍ സമീകൃത ആഹാരം കഴിക്കാത്തതിനെ തുടര്‍ന്ന് ശരീരത്തില്‍ പോഷകങ്ങളുടെ ആഭാവം ഉണ്ടാകുന്നതും ആര്‍ത്തവ കാലത്തെ വേദനയ്ക്ക് കാരണമാകാറുണ്ട്. വിറ്റാമിന്‍ ബി6 ധാരാളം അടങ്ങിയിട്ടുള്ള തവിടുള്ള അരി കഴിക്കുന്നത് വേദന കുറയ്ക്കാന്‍ സഹായിക്കും. മാംഗനീസ് ധാരാളം അടങ്ങിയിട്ടുള്ള വാള്‍നട്ട്, മത്തങ്ങ വിത്ത് എന്നിവ കഴിക്കുന്നതും വേദന കുറയ്ക്കാന്‍ സഹായിക്കും.

ജങ്ക്ഫുഡ് ആര്‍ത്തവ കാലത്ത് ഭക്ഷണകാര്യത്തില്‍ ശ്രദ്ധ വേണം. കൊഴുപ്പുള്ള ഭക്ഷണങ്ങളും പാസ്ത, ബര്‍ഗര്‍ പോലുലുള്ള ജങ്ക്ഫുഡുകളും പരമാവധി ഒഴിവാക്കുക. കൂടാതെ ശീതള പാനീയങ്ങളും മദ്യവും കുടിക്കുന്നത് ഒഴിവാക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here