വെള്ളൂരിൽ വീണ്ടും വ്യവസായ സൈറൺ മുഴങ്ങി; വാക്ക് പാലിച്ച് സർക്കാർ

സംസ്ഥാന സർക്കാർ ഏറ്റെടുത്ത്‌ പുനഃസംഘടിപ്പിച്ച കോട്ടയം വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്‌റ്റ്സ് പ്രവർത്തനം ആരംഭിച്ചു. ഹിന്ദുസ്ഥാൻ ന്യൂസ്‌പ്രിന്റ് ഫാക്ടറി ഇനി മുതൽ കേരളം പേപ്പർ പ്രോഡക്റ്റ് ലിമിറ്റഡ് എന്ന് അറിയപ്പെടും. കേന്ദ്ര സർക്കാർ കൈയ്യൊഴിഞ്ഞതിനെത്തുടർന്ന് അടച്ചുപൂട്ടിയ എച്ച് എൻ എൽ ആണ് സംസ്ഥാന സർക്കാർ ഏറ്റെടുത്ത് പുന:സംഘടിപ്പിച്ചത്. നാഷണൽ കമ്പനി ലോ ട്രിബ്യൂണലിൽ 145 കോടി രൂപയുടെ റെസല്യൂഷൻ പ്ളാൻ സമർപ്പിച്ച്, ടെണ്ടറിൽ പങ്കെടുത്താണ് സംസ്ഥാനം ഈ സ്ഥാപനം ഏറ്റെടുത്തത്.

പുതുവർഷത്തിൽ പുതിയൊരു ചരിത്രം കുറിച്ച് വെള്ളൂർ കേരള പേപ്പർ പ്രോഡക്റ്റ്സ് ലിമിറ്റഡ് പ്രാരംഭ പ്രവർത്തനം ആരംഭിച്ചിരിക്കുകയാണെന്ന് രേഷ്മ മറിയം റോയ് തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

നൂറോളം തൊഴിലാളികൾ ആദ്യ ദിനത്തിലെ പ്രവർത്തനങ്ങളിൽ പങ്കാളികളായി. ഘട്ടം ഘട്ടമായി കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. 406 ജീവനക്കാരാണുള്ളത്. ഇതിൽ ഫാക്ടറി ജീവനക്കാരായ 205 പേർക്കും ഓഫിസർ വിഭാഗത്തിലുള്ള 43 പേർക്കും തുടക്കത്തിൽ നിയമനം നൽകും. കരാർ ജീവനക്കാർക്ക് അടുത്ത ഘട്ടത്തിലും നിയമനം നൽകും.

ഒന്നാം ഘട്ടത്തിനായി 34.30 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. അഞ്ചു മാസം കൊണ്ട് ഈ ഘട്ടം പൂർത്തിയാക്കും. മെക്കാനിക്കൽ, കെമിക്കൽ റിക്കവറി പ്ളാന്റുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്ന രണ്ടാം ഘട്ടം ആറു മാസം നീളുന്നതാണ്. 44.94 കോടി രൂപ വകയിരുത്തിയിരിക്കുന്നു.

രണ്ടാം ഘട്ടം പൂർത്തിയാകുന്നതോടെ സ്വന്തം പൾപ്പ് ഉപയോഗിച്ചുള്ള പേപ്പർ നിർമ്മാണത്തിലേക്ക് കടക്കും. പ്ളാന്റുകളുടെ ശേഷി വർധനവും ഉൽപന്ന വൈവിധ്യവൽക്കരണവുമാണ് മൂന്നാം ഘട്ടത്തിൽ ലക്ഷ്യമിടുന്നത്. 27 മാസം കൊണ്ട്, 650 കോടി രൂപ നിക്ഷേപിച്ചാണ് ഈ ഘട്ടം പൂർത്തിയാക്കുക. നാലാം ഘട്ടത്തിൽ 17 മാസത്തിൽ 350 കോടി ചെലവഴിക്കും. രാജ്യത്തെ പേപ്പർ വ്യവസായത്തിൽ നിർണായക പങ്കുള്ള, 2700 കോടി രൂപയുടെ വിറ്റുവരവും അഞ്ച് ലക്ഷം മെട്രിക് ടൺ വാർഷിക ഉൽപാദന ശേഷിയുമുള്ള ഒരു സ്ഥാപനമായി നാല് ഘട്ടം പിന്നിടുന്നതോടെ കെ.പി.പി.എൽ മാറും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here