ടെട്രാ-അമേലിയ സിൻഡ്രോം(കൈകളും കാലുകളും ഇല്ലാതെ ജനിക്കുന്ന) ബാധിക്കപ്പെട്ടിട്ടും തളരാതെ പ്രതിബന്ധങ്ങളെ ആത്മവിശ്വാസത്തോടെ നേരിട്ട ഷിഹാബുദീനുമായുള്ള കൂടികാഴ്ചയെക്കുറിച്ച് ജോൺ ബ്രിട്ടാസ് എം പി.ഒന്നും ചെയ്യാതെ വീട്ടിൽ ഇരുന്നിരുന്ന,ജനലിലൂടെ കൊതിയോടെ ഫുട്ബോൾ കണ്ടിരുന്ന കുട്ടി ലോകത്തോട് പൊരുതുകയും വിജയിക്കുകയും ചെയ്ത കഥയാണ് ഷിഹാബിന്റെത്
ചിത്രകാരൻ, നർത്തകൻ വയലിനിസ്റ്റ് ,മെന്റലിസ്റ് ,മോട്ടിവേറ്റർ എന്നിങ്ങനെ ഷിഹാബിന്റെ നേട്ടങ്ങൾക്ക് അതിരുകളില്ല.75% ശാരീരിക പരിമിതികളുണ്ടായിട്ടും ജീവിതത്തില്‍ തന്റെ സ്വപ്‌നങ്ങള്‍ പൂര്‍ത്തീകരിച്ച് ആരെയും ആശ്ചര്യപ്പെടുത്തുന്ന ജീവിത നേട്ടങ്ങളാണ് പൂക്കോട്ടൂര്‍ സ്വദേശിയായ ഷിഹാബുദീൻ നേടിയെടുത്തത്. ശാരീരിക വെല്ലുവിളികള്‍ അതിജീവിച്ച് ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന മോട്ടിവേഷന്‍ സ്പീക്കറും കലാകാരനുമായ ഷിഹാബുദീനെ കുറിച്ച് ജോൺ ബ്രിട്ടാസ് കുറിച്ചത് ഇങ്ങനെ
2022 എന്തുകൊണ്ടും പോസിറ്റീവ് ആയിരിക്കും.കാരണം മറ്റൊന്നുമല്ല, പുതുവർഷ തുടക്കത്തിൽ തന്നെ അതിഥികളിലൊരാൾ ആത്മവിശ്വാസത്തിന്റെയും ചങ്കുറപ്പിന്റെയും നേർ പ്രതീകമായ ഷിഹാബുദീൻ ആയിരുന്നു.ന്യൂയോർക്കിൽ നിന്ന് വന്ന ജോസ് കാടാപ്പുറവും ആയി സംസാരിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു ഷിഹാബുദ്ദീന്റെ കടന്നുവരവ്.ടെട്രാ-അമേലിയ സിൻഡ്രോം- ബാധിച്ച ഷിഹാബുദീൻ പ്രതിബന്ധങ്ങൾക്കിടയിലും ലോകം കീഴടക്കിയത് കാണുമ്പോൾ,ഷിഹാബുദീനെ കൂടുതൽ അറിയുമ്പോൾ എങ്ങനെയാണ് പോസിറ്റീവായി ചിന്തിക്കാതിരിക്കുക?
ഇരു കൈകളും കാലുകളും ഇല്ലാതെ,75% ശാരീരിക പരിമിതികളോടെ ജനിച്ചിട്ടും,പൂർണതയുണ്ടെന്ന് അവകാശപ്പെടുന്ന ഏതൊരാളെക്കാളും മികവോടെയും മിഴിവോടെയും ഷിഹാബ് ശോഭിക്കുന്നത് ആത്മവിശ്വാസവും,ആത്മധൈര്യവും കൊണ്ടുമാത്രമാണ്.
സ്പോർട്സ്, സംഗീതം, നൃത്തം, ചിത്രരചന, പഠനം….. ഏത് എടുത്താലും അതിൽ നിറഞ്ഞു നിൽക്കുന്നവൻ.എല്ലാ സഹതാപങ്ങളെയും ഒറ്റ ചിരികൊണ്ട് തോൽപ്പിക്കുന്നവൻ. ഇക്കാരണം കൊണ്ടാണ് കേരളത്തിന്റെ മഹാനടൻ മമ്മൂട്ടി ഏതാനും വർഷങ്ങൾക്ക് മുമ്പ് ഷിഹാബുദ്ദീനെ കൈരളി ഫീനിക്സ് പുരസ്കാരവേദിയിൽ എടുത്തുയർത്തിയപ്പോൾ നമ്മളെല്ലാവരും ഒപ്പം എഴുന്നേറ്റത്. ഷിഹാബുദ്ദീനോട് ചേർന്നു നിൽക്കുമ്പോൾ കരളുറപ്പിന്റെ മഹാസമുദ്രം ഇരമ്പുന്നത് നമുക്ക് കേൾക്കാം..
Get real time update about this post categories directly on your device, subscribe now.