കെഎസ്ആർടിസി യാത്രാ ഫ്യൂവൽസ് ഇനിമുതൽ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും

കെ.എസ്.ആർ.ടി.സിയുടെ ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാ​ഗമായി കെ.എസ്.ആർ.ടി.സിയുടെ ഫ്യുവൽ പമ്പുകൾ പൊതുജനങ്ങൾക്ക് കൂടി പ്രയോജനപ്പെടുത്തുന്നതിന് വേണ്ടി ആരംഭിച്ച പദ്ധതിയുടെ രണ്ടാം ഘട്ടമായി ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ പമ്പുകൾ കൂടി പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കുന്നതിന് ധാരണയായി.

വികാസ്ഭവൻ, തൊടുപുഴ, വൈക്കം, മലപ്പുറം എന്നീ നാല് ഡിപ്പോകളിലെ ഹിന്ദുസ്ഥാൻ പെട്രോളിയം പമ്പുകൾ കൂടി പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കുന്നതിനുള്ള ധാരണാപത്രം മന്ത്രി ആന്റണി രാജുവിന്റെ സാന്നിധ്യത്തിൽ കെ.എസ്.ആർ.ടി.സി സിഎംഡി ബിജു പ്രഭാകർ ഐ.എ.എസും, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ചീഫ് റീജണൽ മാനേജർ (റീട്ടെയിൽ) അംജാദ് മുഹമ്മദും ഒപ്പ്‌ വെച്ചു.

നേരത്തെ ഇൻഡ്യൻ ഓയിൽ കോർപ്പറേഷനുമായി ചേർന്ന് തിരുവനന്തപുരം സിറ്റി, കിളിമാനൂർ, ചടയമം​ഗലം, ചേർത്തല, മൂവാറ്റുപുഴ, ചാലക്കുടി, മൂന്നാർ, കോഴിക്കോട് എന്നിവിടങ്ങളിൽ ആരംഭിച്ച കെ.എസ്.ആർ.ടി.സി യാത്രാ ഫ്യൂവൽസ് ഔട്ട്ലെറ്റുകൾ വൻ വിജയമായതിനെ തുടർന്നാണ് കൂടുതൽ സ്ഥലങ്ങളിൽ കെ.എസ്.ആർ.ടി.സി യാത്രാ ഫ്യൂവൽസ് ഔട്ട്ലെറ്റുകൾ ആരംഭിക്കുന്നത്.

കെഎസ്ആർടിസിയുടെ വരുമാനം വർദ്ധിപ്പിക്കുന്നതിന് അപ്പുറം പൊതുജനങ്ങൾക്ക് ​ഗുണനിലവാരമുള്ള ഇന്ധനം നൽകുകയെന്ന സർക്കാർ നയവും ഈ പദ്ധതിക്ക് പിന്നിലുണ്ടെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. കെ എസ് ആർ ടി സി ഫ്യുവൽ പമ്പുകൾ പൂട്ടിക്കാൻ സ്വകാര്യ ലോബി ശ്രമിക്കുന്നുണ്ട്. അതിന് വേണ്ടി അവർ അനാവശ്യ തടസങ്ങൾ ഉണ്ടാക്കുന്നു. ഇതിനെതിരെ കോടതിയിൽ പോയിട്ടും തടസപ്പെടുത്താനായില്ല.
ഇപ്പോൾ മറ്റ് മാർഗങ്ങൾ നോക്കുകയാണ്. എന്തൊക്കെ തടസം ഉണ്ടായാലും പമ്പുകൾ തുറന്ന് ജനങ്ങൾക്ക് ​ഗുണനിലവാരമുള്ള ഇന്ധനം ഉറപ്പാക്കുകയാണ് ലക്ഷ്യം.

കെഎസ്ആർടിസി ബസുകൾ സിഎൻജിയിലേക്ക് മാറാൻ നിലവിലെ സാഹചര്യത്തിൽ ആശങ്കയുണ്ട്. സിഎൻജിയുടെ വില വർദ്ധനവാണ് കാരണം. ന​ഗരങ്ങളിൽ സർവ്വീസ് നടത്തുന്ന ബസുകൾ കാലക്രമേണ ഇലക്ട്രിക് ബസുകളിലേക്ക് മാറ്റാനാണ് തീരുമാനം. അതിന്റെ ആദ്യ ഘട്ടമായി പുതുതയായി വാങ്ങുന്ന 50 ഇലക്ട്രിക് ബസുകൾ തിരുവനന്തപുരത്തെ സിറ്റി സർക്കിൾ സർവ്വീസിന് നൽകുമെന്നും മന്ത്രി പറഞ്ഞു.

സർക്കാർ നേരത്തെ പ്രഖ്യാപിച്ചത് പോലെ ജനുവരി മാസത്തെ ശമ്പളം പുതുക്കി നിരക്കിൽ തന്നെ നൽകും. ടിക്കറ്റ് ചാർജ് വർദ്ധനവ് ഈ മാസം അവസാനത്തോടെ തീരുമാനമാക്കുകയും ചെയ്യും. പല സ്ഥലങ്ങളിലും കണ്ടം ചെയ്യാവുന്ന ബസുകളുടെ ഫോട്ടോയെടുത്ത് വ്യാജ പ്രചരണങ്ങൾ നടത്തി വരുകയാണ്. കാലപ്പഴക്കമുള്ള 1000 രത്തോളം ബസുകൾ നടപടി ക്രമങ്ങൾ പൂർത്തിയാക്കി കണ്ടം ചെയ്യും. പലരും കാര്യമറിയാതെയാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കേരളത്തിൽ ഉടനീളമുള്ള കെഎസ്ആർടിസിയുടെ ഫ്യുവൽ പമ്പുകൾ പൊതുജനങ്ങൾക്ക് കൂടെ പ്രയോജനകരമാക്കാനായി തുറന്ന് കൊടുക്കുകയാണ് ലക്ഷ്യമെന്ന് കെഎസ്ആർടിസി സിഎംഡി ബിജുപ്രഭാകർ ഐഎഎസും പറഞ്ഞു. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ചീഫ് റീജണൽ മാനേജർ (റീട്ടെയിൽ) അംജാദ് മുഹമ്മദ് സ്വാ​ഗതവും , കെഎസ്ആർടിസി ഫിനാൻസ് ഓഫീസർ എം. ഷാജി നന്ദിയും അറിയിച്ചു.

ഫോട്ടോ കാപ്ഷൻ ; കെ.എസ്.ആർ.ടി.സിയുടെ ഫ്യുവൽ പമ്പുകൾ പൊതുജനങ്ങൾക്ക് കൂടി പ്രയോജനപ്പെടുത്തുന്നതിന് വേണ്ടി ആരംഭിച്ച പദ്ധതിയുടെ രണ്ടാം ഘട്ടമായി ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ പമ്പുകൾ കൂടി പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കുന്നതിന് വേണ്ടിയുള്ള ധാരണാപത്രം മന്ത്രി ആന്റണി രാജുവിന്റെ സാന്നിധ്യത്തിൽ കെ.എസ്.ആർ.ടി.സി സിഎംഡി ബിജു പ്രഭാകർ ഐ.എ.എസും, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ചീഫ് റീജണൽ മാനേജർ (റീട്ടെയിൽ) അംജാദ് മുഹമ്മദും ഒപ്പ്‌ വെച്ചു കൈമാറുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here