‘കെ-റെയിലിന് പകരം കെ-എയർ’ പരിസ്ഥിതി വാദികളുടെ ലേറ്റസ്റ്റ് മുദ്രാവാക്യത്തെ പൊളിച്ചെഴുതി പ്രേംകുമാർ

കെ റെയിലിനെതിരായ പരിസ്ഥിതി വാദികളുടെ വ്യാജ പ്രചാരണങ്ങളെ പൊളിച്ചെഴുതി രാഷ്ട്രീയ നിരീക്ഷകൻ പ്രേംകുമാർ . കെ-റെയിലിന് പകരം കെ-എയർ’ എന്ന പരിസ്ഥിതി വാദികളുടെ ലേറ്റസ്റ്റ് മുദ്രാവാക്യമാണ് അദ്ദേഹം വ്യക്തമായ തെളിവുകളോടുകൂടി പൊളിച്ചെഴുതിയിരിക്കുന്നത്.

പ്രേംകുമാറിന്റെ വാക്കുകൾ ഇങ്ങനെ:

“പരിസ്ഥിതി മൗലിക വാദികളെ പരിഹസിക്കരുത്. അവർ പാവങ്ങളാണ്; നല്ലബുദ്ധിയുള്ള പ്രകൃതി സ്നേഹികളാണ്.ചില തണ്ടുതുരപ്പന്മാരുണ്ടെന്നാലും, പ്രകൃതിക്ക് കോട്ടം തട്ടുന്നതൊന്നും അവർക്ക് സഹിക്കില്ല.

‘കെ-റെയിലിന് പകരം കെ-എയർ’എന്നതാണ് പ.വാദികളുടെ ലേറ്റസ്റ്റ് മുദ്രാവാക്യം.പ്രകൃതിക്ക് ദോഷമാണെന്നതുകൊണ്ടാണ് മുതലാളിത്ത വികസനത്തെ എതിർക്കുന്നത് എന്നാണ് സങ്കല്പം.
അപ്പോൾ റെയിലിന് പകരം പറയുന്ന എയർ, മിനിമം റെയിലിനെക്കാൾ പരിസ്ഥിതി സൗഹൃദമാവണം.
പ.വാദികൾ പറയുന്നതായതുകൊണ്ട് മലിനീകരണം കുറഞ്ഞതാവണം വിമാനം.

സത്യമതല്ല സുഹൃത്തുക്കളേ…സത്യമതല്ല.
സത്യമായും സത്യമതല്ല.
യൂറോപ്പിയൻ എൻവയോൺമെന്റ് ഏജൻസിയുടെ കണ്ടെത്തലുകളാണ് താഴെ കൊടുത്ത ചാർട്ടിൽ കാണാവുന്നത്. ഒരു യാത്രക്കാരനെ ഒരു കിലോമീറ്റർ കൊണ്ടുപോവാൻ പുറത്തേക്ക് വിടുന്ന കാർബൺ ഡൈ ഓക്‌സൈഡിന്റെ കണക്ക് മാത്രമാണിത്.
വിമാനത്തിൽ 88 യാത്രക്കാർ; ട്രെയിനിൽ156 എന്ന് കൂട്ടിയാൽ പുറന്തള്ളുന്ന CO2 വിന്റെ കണക്ക്:

ട്രെയിൻ: 14 ഗ്രാം. വിമാനം 285 ഗ്രാം.
ട്രെയിൻ യാത്രകൊണ്ടുണ്ടാവുന്നതിനേക്കാൾ 20 മടങ്ങിലധികമാണ് വിമാനം വഴിയുള്ള മലിനീകരണം.
അയ്യോ! ഇത് വളരെ കൂടുതലാണല്ലോ എന്ന് പറയാൻ വരട്ടെ.
കുറച്ച് കണക്ക് കൂടി നോക്കാം.

സിൽവർലൈൻ വിഭാവനം ചെയ്യുന്ന ട്രെയിനിൽ 675 യാത്രക്കാർ.
675 നെ EEA ചാർട്ടിലെ 156 കൊണ്ട് ഹരിച്ചാൽ 4.3 ഇരട്ടി.
അപ്പോൾ, ചാർട്ടിൽ കാണുന്ന14 നെ 4.3 കൊണ്ട് ഹരിക്കണമല്ലോ.
അങ്ങനെ ചെയ്‌താൽ കിട്ടുന്നത് 3.2 ഗ്രാം.
പ.വാദികൾ പറയുന്ന ATR 72 പോലുള്ള ചെറിയ വിമാനത്തിന്റെ സീറ്റിങ് കപ്പാസിറ്റി 74.EEA ചാർട്ടിലെ വിമാനത്തിലെ ശരാശരി 88.
പതിനാലിന്റെ വ്യത്യാസമല്ലേ… അത് വിട്ടേക്കാം. ഇനി ചാർട്ടിൽ വിമാനത്തിന് നേരെ കാണുന്ന 285 നെ 3.2 കൊണ്ട് ഹരിക്കണം. ഉത്തരം 89…വെറും 89.

അതായത്, കെ-റെയിലിന് പകരം പ.വാദികൾ നിർദേശിക്കുന്ന
കെ-എയർ എന്ന സാധനം 89 മടങ്ങ് മലിനീകരണമുണ്ടാക്കുന്നതാണ്.
സിൽവർലൈൻ ഇലക്ട്രിക് ട്രെയിനുകളാണെന്നും പെട്രോഫ്യുയലിൽ അല്ലാതെ പറക്കുന്ന യാത്രാവിമാനങ്ങളില്ലെന്നും അറിയാതെയല്ല ഇത്രയും കൂട്ടിയതെന്ന് കൂടി പറയട്ടെ. പ.വാദികളെ പരിഹസിക്കരുത്; അവർ പാവങ്ങളാണ്….

നല്ലബുദ്ധിയുള്ള പ്രകൃതി സ്നേഹികളാണ്.
ചില തണ്ടുതുരപ്പന്മാരുണ്ടെന്നാലും,
പ്രകൃതിക്ക് കോട്ടം തട്ടുന്നതൊന്നും അവർക്ക് സഹിക്കില്ല.”

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here