കൊവിഡിന്റെ മറവില്‍ യാത്രാ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ച് ഇന്ത്യന്‍ റെയില്‍വേ

കൊവിഡിന്റെ മറവില്‍ യാത്രാ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ച് ഇന്ത്യന്‍ റെയില്‍വേ. മുതിര്‍ന്ന പൗരന്മാര്‍ ഉള്‍പ്പടെ ഉള്ള വിഭാഗങ്ങളുടെ യാത്രാ ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കിയത് 2020 മാര്‍ച്ച് മുതല്‍. എന്നാല്‍ കൊവിഡ് കാലത്ത് തത്കാല്‍ ടിക്കറ്റ് വഴി കേന്ദ്ര സര്‍ക്കാരിന് റെയില്‍വെ സമ്പാദിച്ച് നല്‍കിയത് 500 കോടിയിലേറെ രൂപയാണ്.

കൂടുതല്‍ യാത്രക്കാരുള്ള സര്‍വീസുകള്‍ യാതൊരു മുന്നറിയിപ്പും ഇല്ലാതെ കൊവിഡിന്റെ പേരില്‍ റദ്ദ് ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ ദ്രോഹിക്കുക മാത്രമല്ല ചെയ്യുന്നത്. നഷ്ടത്തിലേക്ക് എത്തിയ റെയില്‍വേയുടെ സ്വകാര്യ വല്‍കരണത്തിന് ആക്കം കൂട്ടുക കൂടിയാണ്.

ഇതിന്റെ ഭാഗമായി ആണ് ആകെയുള്ള 51 വിഭാഗങ്ങളില്‍ മൂന്ന് വിഭാഗങ്ങള്‍ക്ക് ഒഴികെ നല്‍കി വന്നിരുന്ന ആനുകൂല്യങ്ങള്‍ കൊവിഡിന്റെ മറവില്‍ റെയില്‍വേ 2020 മാര്‍ച്ച് മുതല്‍ നിര്‍ത്തലാക്കിയത്.

വിദ്യാര്‍ത്ഥികള്‍, അംഗ പരിമിതി നേരിടുന്നവര്‍, രോഗികള്‍ എന്നിവര്‍ക്ക് മാത്രമാണ് നിലവില്‍ റെയില്‍വേ യാത്രാ ആനുകൂല്യം അനുവദിക്കുന്നത്. ബാക്കി 48 വിഭാഗം ആനുകൂല്യത്തിന് അര്‍ഹരായവരും ഒരു വര്‍ഷത്തില്‍ അധികമായി ആനുകൂല്യങ്ങള്‍ ലഭിക്കാതെ ആണ് യാത്ര ചെയ്യുന്നത്.

മുതിര്‍ന്ന പൗരന്മാര്‍, അധ്യാപകര്‍, യുദ്ധത്തില്‍ മരിച്ച സൈനികരുടെ വിധവകള്‍, അവാര്‍ഡ് ജേതാക്കള്‍, കലാകാരന്മാര്‍, കായികതാരങ്ങള്‍, കര്‍ഷകര്‍ തുടങ്ങി രാജ്യം ആദരിക്കുന്ന മിക്ക വിഭാഗങ്ങള്‍ക്കും റെയില്‍വേ നല്‍കുന്നത് അവഗണനയാണ്.

കൊവിഡ് കാലത്ത് ട്രെയിനുകളില്‍ ജനബാഹുല്യം കുറയ്ക്കാന്‍ ആണ് ഈ നടപടി എന്നാണ് കേന്ദ്ര സര്‍ക്കാരും റെയില്‍വേയും വാദിക്കുന്നത്. എന്നാല്‍ ഈ സമയത്തെ തത്കാല്‍ ടിക്കറ്റ് വഴി കേന്ദ്ര സര്‍ക്കാരിനു ലഭിച്ച വരുമാനം 522 കോടി രൂപ ആണ്.

സര്‍വീസുകള്‍ വെട്ടിക്കുറച്ചിട്ടും ഇത്രയും വരുമാനം ഉള്ള രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഒന്നായ റെയില്‍വെയെ തകര്‍ക്കാനും ജനങ്ങളില്‍ നിന്ന് അകറ്റാനും ഉള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം ജനങ്ങളില്‍ വലിയ പ്രതിഷേധം സൃഷ്ടിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel