ക്രിസ്ത്യന്‍ മതന്യൂനപക്ഷങ്ങള്‍ക്ക് എതിരായ സംഘപരിവാര്‍ അതിക്രമങ്ങള്‍ അവസാനിപ്പിക്കണം; സിപിഐ എം ഇടുക്കി ജില്ലാ സമ്മേളനം

രാജ്യത്ത് ക്രിസ്ത്യന്‍ മതന്യൂനപക്ഷങ്ങള്‍ക്ക് എതിരായ സംഘപരിവാര്‍ അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് സിപിഐ എം ഇടുക്കി ജില്ലാ സമ്മേളനം. ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ നിയമനിര്‍മാണത്തിലൂടെ ശാശ്വതമായി പരിഹരിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

അടുത്ത കാലത്തായി കൃസ്ത്യന്‍ മിഷണറിമാര്‍ക്കും, കന്യാസ്ത്രീകള്‍ക്കും പുരോഹിതര്‍ക്കം എതിരെ സംഘപരിവാര്‍ അതിക്രമം വര്‍ദ്ധിച്ചിരിക്കുകയാണെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. ജനസംഖ്യയില്‍ 2.3 ശതമാനം മാത്രമുള്ള ക്രിസ്ത്യന്‍ ജനവിഭാഗത്തെ ഭയപ്പെടുത്തി കീഴ്പ്പെടുത്തുകയെന്ന സംഘപരിവാര്‍ അജന്‍ഡയാണ് ഇതിലൂടെ നടപ്പാക്കുന്നത്.

കര്‍ണാടക, ഹരിയാന, യുപി തുടങ്ങിയ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരെ പരസ്യമായ ആക്രമണമാണ് ക്രിസ്മസ് കാലത്ത് അഴിച്ചുവിട്ടത്. കര്‍ണാടക പൊലീസ് അക്രമികള്‍ക്ക് സഹായികളായെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു. കേരളത്തില്‍ ന്യൂനപക്ഷ പ്രേമം പറയുന്ന സംഘപരിവാര്‍ കാപട്യം ഇത്തരം സംഭവങ്ങളിലൂടെ തുറന്നു കാണിക്കപ്പെട്ടുവെന്നും സമ്മേളനം വിലയിരുത്തി.

ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ നിയമനിര്‍മാണത്തിലൂടെ ശാശ്വതമായി പരിഹരിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

പട്ടയപ്രശ്നമടക്കം ഒട്ടേറെ വിഷയങ്ങളില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇച്ഛാശക്തിയോടെ ഇടപെട്ട് ഇതിനകം പരിഹാരം കണ്ടു. അവശേഷിക്കുന്ന വിഷയങ്ങളില്‍ ചട്ടങ്ങള്‍ ഭേദഗതി ചെയ്തുമാത്രമേ പൂര്‍ണപരിഹാരം സാധ്യമാവൂ. 1964ലെയും 1993ലെയും ഭൂപതിവ് ചട്ടങ്ങള്‍ കാലോചിതമായി ഭേദഗതിചെയ്യുക എന്നതാണ് ഇതിനുള്ള പോംവഴി.

ഇതിനായി റവന്യു വകുപ്പും സംസ്ഥാനസര്‍ക്കാരും നടപടി സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. കുമളി എ കെ ദാമോദരന്‍ നഗറില്‍ നടന്നുവരുന്ന പ്രതിനിധി സമ്മേളനം ഇന്നും തുടരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here