കേരളത്തിന്റെ പൊതുമേഖലയ്ക്ക് പൊന്‍തൂവലായി കേരള പേപ്പര്‍ പ്രൊഡക്ട് ലിമിറ്റഡ്

കേന്ദ്ര സര്‍ക്കാര്‍ കയ്യൊഴിഞ്ഞതിനെ തുടര്‍ന്ന് അടച്ചു പൂട്ടിയ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ് ഏറ്റെടുത്തു പുനഃസംഘടിപ്പിച്ചു കേരളത്തിന്റെ പൊതുമേഖല വ്യവസായ രംഗത്ത് പുതിയ ചരിത്രം കുറിച്ച് എല്‍.ഡി.എഫ് സര്‍ക്കാര്‍. എച്.എന്‍.എല്‍-ന്റെ സ്ഥാനത്ത് വെള്ളൂരില്‍ കേരളത്തിന്റെ സ്വന്തം കേരള പേപ്പര്‍ പ്രോഡക്റ്റ്‌സ് ലിമിറ്റഡ് പ്രാരംഭ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്ന വിവരം മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

ആദ്യഘട്ടത്തില്‍ യന്ത്ര-സാങ്കേതിക സൗകര്യങ്ങളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാക്കും. നൂറോളം തൊഴിലാളികള്‍ ആദ്യ ദിനത്തിലെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. ഒന്നാം ഘട്ടത്തിനായി 34.30 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.

44.94 കോടി രൂപ വകയിരുത്തിയിരിക്കുന്ന രണ്ടാം ഘട്ടം പൂര്‍ത്തിയാകുന്നതോടെ സ്വന്തം പള്‍പ്പ് ഉപയോഗിച്ചുള്ള പേപ്പര്‍ നിര്‍മ്മാണത്തിലേക്ക് കടക്കും. മൂന്നും നാലും ഘട്ടങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ 2700 കോടി രൂപയുടെ വിറ്റുവരവും അഞ്ച് ലക്ഷം മെട്രിക് ടണ്‍ വാര്‍ഷിക ഉല്‍പാദന ശേഷിയുമുള്ള ഒരു സ്ഥാപനമായി കെ.പിപി.എല്‍-നെ വളര്‍ത്താന്‍ സാധിക്കും.

നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലില്‍ 145 കോടി രൂപയുടെ റെസല്യൂഷന്‍ പ്‌ളാന്‍ സമര്‍പ്പിച്ച്, ടെണ്ടറില്‍ പങ്കെടുത്താണ് സര്‍ക്കാര്‍ ഈ സ്ഥാപനം ഏറ്റെടുത്തത്. കേരളത്തിന്റെ വ്യവസായ വികസന ചരിത്രത്തിലെ നാഴികക്കല്ലുകളില്‍ ഒന്നാണ് കെ.പി.പി.എല്‍-ന്റെ രൂപീകരണം.

പൊതുമേഖലയെ സംരക്ഷിക്കുകയും വളര്‍ത്തുകയും ചെയ്യുമെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനമാണ്. അത് വളരെ മികച്ച രീതിയില്‍ തന്നെ സര്‍ക്കാര്‍ നിര്‍വഹിക്കുന്നു എന്നതിന്റെ തെളിവാണ് കെ.പി.പി.എല്‍-ന്റെ രൂപീകരണം എന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here